പയ്യന്നൂർ: ശാരീരിക അവശതകളുള്ള എഴുപത്തിയഞ്ചുകാരിയായ അമ്മയെ ക്രൂരമായി മർദിച്ച മകളെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ പയ്യന്നൂരിലാണു സംഭവം. അവശതകളെത്തുടർന്ന് അറിയാതെ മൂത്രമൊഴിച്ചതിന്റെ പേരിലാണ് അമ്മയ്ക്കു മകളുടെ ക്രൂരമർദനം.

കഴിഞ്ഞ ദിവസമാണു സംഭവം. പയ്യന്നൂർ മാവിച്ചേരി സ്വദേശിയായ എഴുപത്തിയഞ്ചു വയസുകാരിയായ കാർത്യായനിയെയാണു മകൾ ചന്ദ്രമതി കൈ കൊണ്ടും ചൂലും കൊണ്ടും മർദിച്ചത്. സംഭവത്തിൽ മറ്റു മക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

മകളുടെ ശകാരവാക്കുകൾ കേട്ട് ചുമരിൽ കൈകുത്തി നിൽക്കുന്ന കാർത്യായനിയെ മകൾ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമ്മ ദയനീയമായി കരയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൈ കൊണ്ടും കൈയിലുള്ള ചൂലു പോലുള്ള വസ്തു കൊണ്ടുമാണ് കരച്ചിൽ വകവയ്ക്കാതെ മർദിക്കുന്നത്. മൂത്രമൊഴിച്ചതിന്റെ പേരിലാണ് ഇതെന്നും മകളുടെ വാക്കുകളിൽ നിന്നു വ്യക്തമാകും. മർദിച്ചശേഷം ഇവരെ തള്ളിപ്പുറത്താക്കുകയും ചെയ്തു.

മൂന്ന് മക്കളുള്ള കാർത്യായനി കുറേനാളുകളായി മകൾ ചന്ദ്രമതിയോടൊപ്പമാണ് താമസം. സ്വത്തും മറ്റും കൈക്കലാക്കിയ ശേഷം ഇവർ അമ്മയെ മർദിക്കുന്നത് പതിവാണെന്നും, തങ്ങളെ അമ്മയുടെ അടുത്തെത്താൻ സമ്മതിക്കാറില്ലെന്നുമാണു മറ്റു മക്കൾ പറയുന്നത്. മകൻ വേണുഗോപാലാണ് ഇക്കാര്യങ്ങൾ കാട്ടി പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

തുടർന്നു സംഭവം അന്വേഷിച്ച പൊലീസ് ചന്ദ്രമതിയെയും ഭർത്താവിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാർത്യായനിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. മർദനമേറ്റ കാർത്യായനിയുടെ മക്കളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ആൺമക്കളാണ് സാധാരണ അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും അമ്മയെ മർദ്ദിച്ച മകൾ ചന്ദ്രമതി പൊലീസിന് മൊഴി നൽകിയത്. വാർത്തയെത്തുടർന്നു ശക്തമായ പ്രതിഷേധം വന്നതോടെ മകൾ ചന്ദ്രമതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.