- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും മകളും മുറ്റത്ത് കുഴിയെടുത്ത് സംശയം ജനിപ്പിച്ചു; അയൽക്കാർ അറിയിച്ചതനുസരിച്ചുള്ള അന്വേഷണത്തിൽ പൊലീസ് മൃതദേഹം കണ്ടെടുത്തു; ബിലാസ്പൂരിൽ അച്ഛനെ മകൾ തല്ലിയും ഇടിച്ചും കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ ഒളിപ്പിച്ചതിന്; മൃതദേഹം മറവു ചെയ്തത് അമ്മയുടെ സഹായത്തോടെ; വിവിധ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസ്
ബിലാസ്പൂർ: മൊബൈൽ ഫോൺ ഒളിപ്പിച്ചു വെച്ചതിന് അച്ഛനെ തല്ലിയും ഇടിച്ചും കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറായ മകളുടെ ഫോൺ പിതാവ് ഒളിപ്പിച്ചുവച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച അമ്മയും കേസിൽ അറസ്റ്റിലായി.
ബിലാസ്പൂരിലെ കാഞ്ചൻപൂർ സ്വദേശിനിയായ ദിവ്യ സരസ്വതി(28) ആണ് മൊബൈൽ ഫോണിന് വേണ്ടി സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്. അമ്മയുടെ സഹായത്തോടെയാണ് അച്ഛന്റെ മൃതദേഹം വീട്ടുമുറ്റത്ത് മറവ് ചെയ്തത്.
അമ്മയും മകളും മുറ്റത്ത് കുഴി കുത്തുന്നത് കണ്ട് സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ജനുവരി 24 നാണ് സംഭവം നടന്നത്. കാഞ്ചൻപൂർ ഗ്രാമത്തിലാണ് ദിവ്യ സരസ്വതിയുടെ വീട്. ജനുവരി ഇരുപത്തിമൂന്നിന് ഭർത്താവിനൊപ്പം സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ദിവ്യ. ദിവ്യയെ വീട്ടിൽ ആക്കിയതിനു ശേഷം ഭർത്താവ് തിരികേ പോയി. അടുത്ത ദിവസം രാവിലെ ദിവ്യയുടെ മൊബൈൽ ഫോൺ കാണാതായി.
പിതാവ് മംഗ്ലു റാം ദനുബാറിനോട് ഫോൺ ചോദിച്ചു. എന്നാൽ മൊബൈൽ താൻ കണ്ടില്ലെന്നായിരുന്നു പിതാവ് ആദ്യം മകളോട് പറഞ്ഞത്. വീടു മുഴുവൻ മൊബൈൽ അന്വേഷിച്ചെങ്കിലും ദിവ്യയ്ക്ക് ഫോൺ കണ്ടെത്താനായില്ല. പിന്നീട് താൻ മൊബൈൽ ഒളിപ്പിച്ചു വെച്ചതാണെന്ന് മംഗ്ലു ദനുബാർ മകളോട് വെളിപ്പെടുത്തി. മകൾ തന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് വിവാഹം ചെയ്തതെന്നും അതിനാലാണ് മൊബൈൽ ഫോൺ ഒളിപ്പിച്ചതെന്നുമായിരുന്നു പിതാവ് പറഞ്ഞത്.
ഫോൺ തിരികേ തരാൻ ദിവ്യ ആവശ്യപ്പെട്ടെങ്കിലും മംഗ്ലു അതിന് തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വലിയ വാക്കുതർക്കമുണ്ടായി. ഇതോടെ കോപാകുലയായ മകൾ ആദ്യം വടി ഉപയോഗിച്ച് പിതാവിനെ തല്ലി. പിന്നീട് കല്ലെടുത്ത് തുടർച്ചയായി ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിതാവ് കൊല്ലപ്പെട്ടതോടെ മൃതദേഹം മറവു ചെയ്യാനായി അടുത്ത ശ്രമം. മംഗ്ലുവിന്റെ ഭാര്യ തന്നെയാണ് മകളെ ഇതിന് സഹായിച്ചത്.
മൃതദേഹം മറവ് ചെയ്ത ശേഷം ഇരുവരും കടന്നുകളഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ദിവ്യയേയും അമ്മയേയും പിടികൂടി. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. കൊലപാതകം, തെളിവു നശിപ്പിക്കാൻ ശ്രമിക്കൽ, മനഃപൂർവമുള്ള ആക്രമണം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ബെൽഗാന പൊലീസ് സ്റ്റേഷനിലെ ഇൻ ചാർജ് ദിനേഷഅ ചന്ദ്ര അറിയിച്ചു.
ന്യൂസ് ഡെസ്ക്