- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുടിന്റെ 'തലച്ചോറായ' ഉപദേശകനെതിരെ വധശ്രമം; റഷ്യൻ തത്ത്വചിന്തകനായ അലക്സാണ്ടർ ഡുഗിനെ ലക്ഷ്യം വെച്ച സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മകൾ; ഡുഗിനെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് റഷ്യൻ മാധ്യമങ്ങൾ; ആത്മീയ ഉപദേഷ്ടാവായ 'പുടിന്റെ റാസ്പുടിന്' നേരായ ആക്രമണത്തിൽ യുക്രൈൻ എരിയുമോ?
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്ത സുഹൃത്തിന്റെ മകൾ മോസ്കോയ്ക്ക് സമീപം കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈനുമായുള്ള യുദ്ധസാഹചര്യത്തിൽ അടക്കം ഏറെ ചർച്ചയാകുകയാണ് ഈ ആക്രമണം. 'പുടിന്റെ തലച്ചോർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിനാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
അലക്സാണ്ടർ ഡുഗിനെ ഉദ്ദേശിച്ചുള്ള കൊലപാതക ശ്രമമായിരുന്നു ഇതെന്നാണ് റഷ്യൻ മാധ്യമങ്ങൾ പറയുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിൽ അടക്കം നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഡുഗിന്റെയും ഉപദേശം പുടിൻ തേടിയിരിക്കാം എന്നാണ് അറിയുന്നത്. ഇന്നലെ രാത്രി ബോൾഷിയെ വ്യാസോമി ഗ്രാമത്തിനടുത്തുണ്ടായ സ്ഫോടനത്തിലാണ് പുടിന്റെ വിശ്വസ്തന്റെ മകൾ കൊല്ലപ്പെട്ടത്. റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ പ്രകാരം, റോഡ് അരികിൽ ഡാരിയ ഡുഗിൻ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ പ്രാഡോ തീപിടിച്ചത് കാണുന്നുണ്ട്, സമീപത്ത് സുരക്ഷ സേന വാഹനങ്ങളും ഫയർ എഞ്ചിനുകളുമുണ്ട്.
പുടിനോട് ഏറ്റവും അടുപ്പമുള്ള ഒരു തീവ്ര ദേശീയവാദിയാണ് റഷ്യൻ തത്ത്വചിന്തകനായ അലക്സാണ്ടർ ഡുഗിൻ. ഇദ്ദേഹത്തെ ലക്ഷ്യമായിരുന്നും ആക്രമണമെന്നാണ് ആർടി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ രാത്രി ഒരു പരിപാടിക്ക് ശേഷം അലക്സാണ്ടർ ഡുഗിനും മകളും ഒരേ കാറിൽ മടങ്ങേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം ഡുഗിൻ ചില കാരണങ്ങളാൽ യാത്ര വൈകിപ്പിക്കുകയായിരുന്നു. അതേ സമയം സുരക്ഷ ഏജൻസികൾ സ്ഥിരീകരിക്കാത്ത മറ്റൊരു വീഡിയോ ദൃശ്യങ്ങൾ പ്രകാരം, വാഹനം കത്തുന്ന സ്ഥലത്ത് അലക്സാണ്ടർ ഡുഗിൻ എത്തുന്നത് കാണിക്കുന്നുണ്ട്. ഇത് റഷ്യൻ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എസ്യുവി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ മരിച്ചതായി റഷ്യൻ എമർജൻസി സർവീസായ ടാസ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു, എന്നാൽ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഇവർ ആദ്യം അറിയിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള ബന്ധത്തിന്റെ പേരിൽ അലക്സാണ്ടർ ഡുഗിനെ 'പുടിന്റെ റാസ്പുടിൻ' എന്ന് പുടിൻ വിമർശകർ വിളിക്കാറുണ്ട്.
ഉക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച റഷ്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകയാണ് ഡാരിയ ഡുഗിൻ. ശനിയാഴ്ച ക്രിമിയയിൽ ഉക്രേനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം എന്നത് സുപ്രധാനമാണ്. നേരത്തെ അലക്സാണ്ടർ ഡുഗിൻ പുടിൻ അനുകൂല സാർഗ്രാഡ് ടിവി നെറ്റ്വർക്കിന്റെ എഡിറ്ററായിരുന്നു. പുടിന്റെ 'ആത്മീയ ഉപദേഷ്ടാവ് എന്ന്' കണക്കാക്കപ്പെടുന്ന് ഇദ്ദേഹം പുടിനിൽ കനത്ത സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിവരം.
2014 മുതൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പുട്ടിന്റെ തലച്ചോറായി പ്രവർത്തിച്ചത് അലക്സാണ്ടറാണ്. യുക്രൈനാണോ ആക്രമണത്തിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ഡാരിയയുടെ മരണത്തെ തുടർന്ന് കോപാകുലരായ പുട്ടിൻ അനുകൂലികളും എത്രയും പെട്ടെന്ന് യുക്രെയ്നെ ആക്രമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വൻ തോതിൽ മിസൈൽ ആക്രമണം അഴിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെടുന്നു. യുക്രെയ്നെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മറ്റു പുട്ടിൻ അനുകൂലികളും വധിക്കപ്പെടുമെന്നും ഇവർ പറയുന്നു.
രാഷ്ട്രീയ വിശകലന വിദഗ്ധയും പുട്ടിൻ അനുകൂല ജേണലായ യുണൈറ്റഡ് വേൾഡ് ഇന്റർനാഷനലിന്റെ എഡിറ്ററുമാണ് ഡാരിയ ഡഗിൻ. പുട്ടിന്റെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ സഹരചയിതാവുമാണ്.
അതേസമയം ദീർഘായുസിനായി സൈബീരിയൻ മാനിന്റെ രക്തം ചേർത്ത വെള്ളത്തിലാണ് പുടിൻ കുളിക്കുകയെന്ന് വരെ കിംവദന്തികൾ അടുത്തിടെ പരന്നിരുന്നു. സൈബീരിയക്കാരനായ സുഹൃത്തും റഷ്യൻ പ്രതിരോധമന്ത്രിയുമായ സെർജി ഷൊയ്ഗു ആണത്രെ പുടിന് ഈ രഹസ്യം പറഞ്ഞുകൊടുത്തതത്രെ. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചാണ് അന്താരാഷ്ട്രലോകം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്നത്. എന്നാൽ ഈ വാർത്തകളൊന്നും സ്ഥിരീകരിക്കാൻ ഒരു വഴിയുമില്ല. വരുന്ന ഒക്ടോബറിൽ പുടിന് 70 വയസ് തികയും. യൂറോപ്പിന്റെ തലവിധി നിർണയിക്കാൻ പോന്ന കാര്യമായിട്ടും പുടിന്റെ ആരോഗ്യനിലയെ കുറിച്ച് യഥാർഥത്തിൽ ഒരുചുക്കും മാധ്യമങ്ങൾക്ക് അറിയില്ല. എങ്ങുനിന്നൊക്കെയോ ലഭിക്കുന്ന വിവരങ്ങൾ വെച്ച് അവ വാർത്തകൾ പടച്ചുവിടുന്നു.
കഴിഞ്ഞ ഏപ്രിലിൽ തെക്കൻ റഷ്യയിലെ റിസോർട്ട് നഗരമായ സോചിയിലേക്കുള്ള യാത്രയിൽ ഒരു സംഘം ഡോക്ടർമാർ അകമ്പടി പോയപ്പോഴാണ് പുടിന് ഗുരുതര രോഗമാണെന്ന രീതിയിൽ റിപ്പോർട്ട് പ്രചരിച്ചത്. റഷ്യയിലെ സ്വതന്ത്രവാർത്ത വെബ്സൈറ്റ് ആയ പ്രൊയക്തിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ആദ്യം വന്നത്. ഏതാനും വർഷങ്ങളായി അപൂർവമായി മാത്രമേ പുടിൻ പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. ഡോക്ടർ സംഘത്തിൽ തൈറോയ്ഡ് കാൻസർ വിദഗ്ധനും ഉണ്ടായിരുന്നു. യു.എസ് ഇന്റലിജൻസിനെ ഉദ്ധരിച്ച് ഏപ്രിലിൽ പുടിൻ അർബുദത്തിന് ചികിത്സ തേടിയതായി യു.എസ് മാധ്യമം പുറത്തുവിട്ടു. എന്നാൽ യു.എസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഇതു തള്ളിക്കളഞ്ഞു.
സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ തെളിവുകളൊന്നും നൽകാതെ തന്നെ യുക്രെയ്ൻ സൈനിക ഇന്റലിജൻസ് മേധാവി മേജർ ജനറൽ കിരിലോ ബുഡനോവ് അടുത്തിടെ പുടിന് അർബുദമാണെന്ന് അവകാശപ്പെടുകയുണ്ടായി. ഒരേയൊരു തവണ മാത്രമേ പുടിന് ആരോഗ്യപ്രശ്നമുള്ള കാര്യം ക്രെംലിൻ സമ്മതിച്ചിട്ടുള്ളൂ. 2012ലെ വീഴ്ചക്കിടെ പുടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു അത്. എന്നാൽ അന്നുതൊട്ടാണ് പുടിന് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്ന് പ്രൊയക്ത് ആരോപിക്കുന്നു.
കോവിഡ് മഹാമാരി രൂക്ഷമായ കാലത്തും മറ്റ് രാഷ്ട്രത്തലവന്മാർ വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ പുടിൻ തിരശ്ശീലക്ക് പിന്നിലായിരുന്നു. അദ്ദേഹം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്. കോവിഡ് കാലത്ത് പുടിനുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കു പോലും കടുത്ത നിയന്ത്രണങ്ങളാണ് അദ്ദേഹത്തെ കാണാൻ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ പാലിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പോലുള്ള മറ്റ് ലോകരാഷ്ട്രത്തലവന്മാർ തയാറായില്ല. അതിനാൽ കൂടിക്കാഴ്ച നടക്കുമ്പോൾ ഇവരുമായി പുടിൻ വളരെ അകലംപാലിച്ചതും ശ്രദ്ധിക്കപ്പെട്ടു.
മറുനാടന് ഡെസ്ക്