ന്യൂക്ലിയർ സപ്ലൈയേർസ് ഗ്രൂപ്പിൽ (എൻഎസ്ജി) അംഗത്വം നേടാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പാക്കിസ്ഥാൻ അടക്കമുള്ള വിവിധ രാജ്യങ്ങൾ എതിർക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇന്ത്യക്കുള്ള ബ്രിട്ടന്റെ പിന്തുണ അറിയിച്ച് കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോൺ വിളിച്ചു. ആണവ നിർവ്യാപനത്തിൽ ഇന്ത്യയുടെ പാരമ്പര്യം എടുത്ത് പറഞ്ഞാണ് കാമറോൺ പ്രശംസിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്നലെയാണ് കാമറോണിന്റെ ഫോൺ കാൾ മോദിയെത്തേടിയെത്തിയത്.

ആണവായുധങ്ങളുടെ ഉപയോഗം വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതിനായി അവ നിർമ്മിക്കുന്നതിനുള്ള ആണവ മെറ്റീരിയലുകൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയവ കയറ്റുമതി നിയന്ത്രിക്കുന്നതിന് ഒന്ന് ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘം ന്യൂക്ലിയർ സപ്ലൈയർമാരുടെ 48 അംഗ ഗ്രൂപ്പാണ് എൻഎസ്ജി. ഈ ഗ്രൂപ്പിൽ അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയെ യുകെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നാണ് കാമറോൺ വ്യക്തമാക്കിയിരിക്കുന്നത്. ഈ അപേക്ഷ ലക്ഷ്യപ്രാപ്തിയിലെത്താനായി ആണവനിർവ്യാപനത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് ഇരുനേതാക്കളും ധാരണയായെന്നും സൂചനയുണ്ട്. സിവിൽ ന്യൂക്ലിയർ ആക്ടിവിറ്റി, മിലിട്ടറി ന്യൂക്ലിയർ ആക്ടിവിറ്റി എന്നിവ തമ്മിലുള്ള വേർതിരിവ് വർധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നു. യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ട് വരുകയാണെന്നും ഇരുനേതാക്കളും സമ്മതിക്കുന്നു. അടുത്തിടെ വില്യം രാജകുമാരനും കേയ്റ്റും ഇന്ത്യ സന്ദർശിച്ചത് അതിന് ദൃഢതയേകിയെന്നും മോദിയും കാ കാമറോണും വ്യക്തമാക്കുന്നു.

അർജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെലാറസ്, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, കാനഡ, ചൈന, ക്രോയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്,ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലാൻഡ്, അയർലാൻഡ്, ഇറ്റലി, ജപ്പാൻ കസാക്കിസ്ഥാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, മെക്സിക്കോ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റോമാനിയ, റഷ്യ, സെർബിയ സ്ലോവാക്യ, സ്ലോവേനിയ, സൗത്ത് ആഫ്രിക്ക, സൗത്തുകൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, തുർക്കി, ഉക്രയിൻ ,യുകെ, യുഎസ്എ എന്നിവയാണ് എൻഎസ്ജിയിൽ അംഗങ്ങളായ 48 രാജ്യങ്ങൾ.

1974 മേയിൽ ഇന്ത്യ ആണവപരീക്ഷണം നടത്തിയതിനുള്ള പ്രതികരണമായിട്ടാണ് എൻഎസ്ജി സ്ഥാപിക്കപ്പെട്ടത്. ഇതിന്റെ ആദ്യ യോഗം 1975ലായിരുന്നു നടന്നത്.1975 മുതൽ 1978 വരെ നിരവധി തുടർച്ചയായ യോഗങ്ങൾ എൻസ്ജിയുടേതായി ലണ്ടനിൽ വച്ച് ചേർന്നിരുന്നു.തൽഫലമായി ആണവമെറ്റീരിയലുകളും മറ്റും കയറ്റുമതി ചെയ്യുന്നതിൽ മാർഗനിർദേശങ്ങൽ ഉരുത്തിരിഞ്ഞ് വന്നിരുന്നു. ഇവ കചഎഇകഞഇ/254 എന്ന പേരിൽ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ഇത് ട്രിഗർ ലിസ്റ്റ് എന്നുമറിയപ്പെടുന്നുണ്ട്. ഇതിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഐററങ്ങൾ മാത്രമേ അണ്വായുധങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താവൂ എന്ന് നിബന്ധനയുണ്ട്.അതിന് ഇന്റർനാഷണൽ അറ്റോമിക് ഏജൻസി സേഫ്ഗാർഡിന്റെ അനുമതിയും ആവശ്യമാണ്.

എൻഎസ്ജിയിൽ കയറിപ്പറ്റുകയെന്നത് ആണവശക്തിയായത് മുതൽ ഇന്ത്യയുടെ ആഗ്രഹമാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ രാജ്യം കുറച്ച് കാലമായി നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതികൾ ഉണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി മോദി ആ ലക്ഷ്യം സാധിക്കാൻ വേണ്ടി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി വരുന്നത്. എൻഎസ്ജിയിലെ വിവിധ രാജ്യങ്ങളുടെ പിന്തുണ ഇതിനായി നേടിയെടുക്കുന്നതിൽ അദ്ദേഹം കുറച്ച് കാലത്തിനിടെ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇന്ത്യ ഈ ഗ്രൂപ്പിൽ അംഗത്വം നേടുന്നതിനെ ഏറ്റുവും കൂടുതൽ എതിർക്കുന്നത് ചൈനയാണ്. എന്നാൽ കഴിഞ്ഞയാഴ്ച വിയന്നയിൽ വച്ച് ചേർന്ന എൻഎസ്ജി അംഗങ്ങളുടെ കൂടിക്കാഴ്ചയിൽ വച്ചായിരുന്നു ചൈനയുടെ എതിർപ്പ് ദുർബലമാക്കപ്പെട്ടത്.

എന്നാൽ ഇന്ത്യയുടെ മെമ്പർഷിപ്പ് അപേക്ഷയ്ക്ക് വലിയ ഭാവിയൊന്നുമില്ലെന്നാണ് ചൈന ഇപ്പോഴും പറയുന്നത്. ഇന്ത്യയുടെ അംഗത്വത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ അന്തിമതീരുമാനമായിട്ടില്ലെന്നുമാണ് വിയന്നയിലെ നയതന്ത്ര ഉറവിടങ്ങൾ വെളിപ്പെടുത്തിയിരുന്നത്.ഇക്കഴിഞ്ഞ ശനിയാഴ് മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനുമായി ഫോണിൽ ബന്ധപ്പെടുകയും ഈ വിഷയത്തിൽ റഷ്യയുടെ പിന്തുണ നേടിയെടുത്തുന്നുവെന്നും റിപ്പോർട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനായി ഇരുനേതാക്കളും അടുത്ത് തന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. എൻഎസ്ജി പ്ലീനറിക്ക് മുമ്പ് ഇതിന് പുറമെ ഈ വിഷയത്തിൽ ചർച്ച നടത്താനായി മോദി ചൈനീസ് പ്രസിഡന്റ് ജിൻപിംഗിനെ താഷ്‌കെന്റിൽ വച്ച് നടക്കുന്ന എസ് സിഒ സമ്മിറ്റിനിടെ കാണുമെന്നും സൂചനയുണ്ട്.

എൻഎസ്ജിയിൽ ചേരുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഒബാമ പിന്തുണയേകിയതിനെ തുടർന്നായിരുന്നു പാക്കിസ്ഥാനും ഇതിന് വേണ്ടിയുള്ള ശ്രമമാരംഭിച്ചത്. ഇക്കാര്യത്തിൽ ചൈന പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നാണ് സൂചന. അതായത് പാക്കിസ്ഥാനും അംഗത്വം കൊടുത്താൽ മാത്രമേ ഇന്ത്യക്കും നൽകാവൂ എ്ന്ന് ചൈന നിർബന്ധം പിടിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യുടെ ഈ വിധത്തിലുള്ള ശ്രമങ്ങൾക്ക് മെക്സിക്കോ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിലും മോദിയുടെ നയതന്ത്ര ചാതുര്യം അടുത്തിടെ വിജയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഒബാമയുമായി മോദി നടത്തിയ ചർച്ചകളെ തുടർന്ന് ഇന്ത്യയ്ക്ക് മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ(എംടിസിആർ) ചേരാൻ സാധിച്ചിരുന്നു. എൻഎസ്ജിയും എംടിസിആറും ഇന്ത്യയ്ക്ക് ഇതുമായി ബന്ധപ്പെട്ട മേഖലയിലെ ഗവേഷണവും സാങ്കേതികവിദ്യയും കൂടുതൽ നന്നായി ആക്സസ് ചെയ്യാൻ വഴിയൊരുക്കും.