ലണ്ടൻ: കശ്മീർ വിഷയത്തിന്റെ പേരിൽ ബ്രിട്ടന് വീണ്ടും മനം മാറ്റം. ഒരു മാസം മുൻപ് പാർലമെന്റിൽ എം പി മാരുടെ സംഘത്തിനു കശ്മീർ വിഷയം ചർച്ച ചെയ്യാൻ അവസരം ഒരുക്കിയപ്പോൾ മിണ്ടാതിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഇന്ത്യയുടെ പ്രീതീ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ വിഷയത്തിൽ ഉറച്ച സ്വരത്തിൽ സംസാരിക്കാൻ തയ്യാറായിരിക്കുന്നു. കഴിഞ്ഞ മാസം പാർലമെന്റിൽ കശ്മീർ വിഷയം ചർച്ച ചെയ്തപ്പോൾ വിഷയം ഇന്ത്യക്ക് എതിരെ ഉപയോഗിക്കാൻ കഴിയുന്ന ശക്തമായ വേദി എന്ന നിലയിൽ പാക്കിസ്ഥാൻ ലോബി വൻ കാമ്പൈനും നടത്തിയിരുന്നു.

അടുത്തിടെ കശ്മീർ അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന പാക്കിസ്ഥാന് ഏൽക്കുന്ന തിരിച്ചടിയായി വ്യാഖ്യനിക്കപ്പെടുകയാണ് കാമറോണിന്റെ വാക്കുകൾ. ഇന്ത്യയോടു സൗഹാർദ്ദം ആഗ്രഹിക്കുമ്പോൾ തന്നെ പാക്കിസ്ഥാനോടുള്ള അതിരറ്റ സ്‌നേഹം പുലർത്താൻ ശ്രമിക്കുന്ന ബ്രിട്ടന്റെ ഇരട്ടത്താപ്പ് മൂലം ഏറെ ശ്രദ്ധയോടെയാണ് ഇന്ത്യ കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ബ്രിട്ടനുമായി ഇടപെടുന്നത്. കഴിഞ്ഞ ദിവസം സി എൻ എൻ ഐ ബി എന്ന ചാനലിനു നല്കിയ അഭിമുഖത്തിലാണ് കാമറോൺ തന്റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്. കാമറോണിന്റെ വാക്കുകൾക്ക് കാര്യമായ പ്രാധാന്യം നല്കിതായാണ് പാക്കിസ്ഥാൻ ടുഡേ പോലുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നതും കൗതുകകരമായി.

ഈ അകൽച്ച വ്യാപാര, വാണിജ്യ കരാറുകളിൽ പോലും വലിയ അന്തരം സൃഷ്ടിച്ച സാഹചര്യത്തിൽ കാമറോൺ അധികാരം ഏറ്റത് മുതൽ ഇന്ത്യ സൗഹൃദം ലക്ഷ്യമിട്ടാണ് നീങ്ങിയിരുന്നതെങ്കിലും ആശിച്ച തലത്തിൽ ഇത് വിജയം കണ്ടിരുന്നില്ല. അധികാരം ഏറ്റ ഉടൻ ജമ്പോ സംഘവും ആയി കാമറോൺ ഇന്ത്യൻ സന്ദർശനം നടത്തിയിരുന്നെങ്കിലും അന്ന് പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻ സിങ് തണുപ്പൻ സമീപനം ആണ് പുലർത്തിയിരുന്നത്. ഇത് തിരിച്ചറിഞ്ഞു കാമറോൺ വീണ്ടും രണ്ടു വട്ടം കൂടി ഇന്ത്യ സന്ദർശനം നടത്തി. എന്നാൽ അന്താരാഷ്ട്ര പ്രോട്ടോകോൾ മാനിച്ചു ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി ബ്രിട്ടൻ സന്ദർശിക്കാൻ തയ്യാറാകാതിരുന്നത് വലിയ നാണക്കേടായി കാമറോൺ സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ തന്റെ കാലാവധി അവസാനിക്കാൻ ആറു മാസം ബാക്കി നില്‌ക്കെ ബന്ധങ്ങൾ മെച്ചപ്പെടട്ടെ എന്ന ആഗ്രഹത്തോടെ കാമറോൺ വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയെ ബ്രിട്ടൻ സന്ദർശിക്കാൻ ക്ഷണിച്ചു കഴിഞ്ഞു.

അടുത്തിടെ നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശനം ലോക രാഷ്ട്രങ്ങൾക്കിടയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്ന തിരിച്ചറിവും ഇപ്പോൾ കാമറോൺ നടത്തിയ ക്ഷണത്തിൽ മറഞ്ഞിരിപ്പുണ്ട്. തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ വോട്ട് ലഭിക്കാൻ മോദിയുടെ സന്ദർശനം സഹായിക്കും എന്ന രാഷ്ട്രീയ കണ്ണും കാമറോണിന്റെ ക്ഷണത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. പ്രത്യേകിച്ചും യുകിപ് തിരഞ്ഞെടുപ്പിൽ കൻസർവേറ്റീവിനു കനത്ത പ്രഹരം നല്കും എന്ന വിലയിരുത്തൽ ശക്തമായിരിക്കെ എങ്ങനെയും ഒരു രാഷ്ട്രീയ സുനാമി തടയുകയാണ് കാമറോണിന്റെ ലക്ഷ്യം. ഇന്ത്യൻ വംശജർ ബ്രിട്ടീഷ് രാഷ്ട്രീയ സമൂഹത്തിൽ ശക്തമായ വോട്ടു ബാങ്ക് ആണെന്നതും 8 ലക്ഷത്തിലേറെ ഹൈന്ദവർ യുകെയിൽ ഉള്ളതിനാൽ മോദിയെ പോലെ അവരെ സ്വാധീനിക്കാൻ പറ്റിയ മറ്റൊരു നേതാവ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇല്ല എന്ന തിരിച്ചറിവും കാമറോണിന്റെ വാക്കുകൾക്കിടയിൽ വായിച്ചെടുക്കാം.

ഇക്കാര്യം മറച്ചു വയ്ക്കാതെ തന്റെ ദീപാവലി സന്ദേശത്തിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വംശജർ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവം ആകണം എന്ന അഭ്യർത്ഥന നടത്തി തന്റെ രാഷ്ട്രീയ ചായ്‌വും അദേഹം സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ വംശജർ ബ്രിട്ടന് നല്കിയ സംഭാവനകൾ എണ്ണമറ്റത് ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ അഭിനിവേശം തിരിച്ചറിഞ്ഞു ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ജാതി കാർഡ് കളിക്കാൻ തയ്യാറാകുന്നതിന്റെ സൂചനയും കാമറോണിന്റെ വാക്കുകൾക്കപ്പുറം വായിച്ചെടുക്കാവുന്ന വസ്തുതയായി മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്കു കഴിയാവുന്നതിൽ ഏറ്റവും വിനീതനായാണ് കാമറോൺ ഇന്ത്യൻ പ്രധാനമന്ത്രിയെ വീണ്ടും ബ്രിട്ടൻ സന്ദർശിക്കാൻ ക്ഷണിച്ചിരിക്കുന്നത്. താൻ മൂന്നു വട്ടം ഇന്ത്യ സന്ദർശിച്ച കാര്യം അനുസ്മരിച്ച അദേഹം, തന്റെ ഡെപ്യുട്ടി പ്രധാനമന്ത്രിയും വിദേശകാര്യ സെക്രട്ടറിയും ധനസെക്രട്ടറിയും ഇന്ത്യ സന്ദർശിച്ച കാര്യവും എടുത്തു കാട്ടി. വേണ്ടി വന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് ഒരു വട്ടം കൂടി ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയും ബ്രിട്ടനും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ഒട്ടേറെ സമാനതകൾ ഉണ്ടെന്നു പറഞ്ഞ കാമറോൺ ഇന്ത്യയും പാക്കിസ്ഥാനും മാത്രം ചേർന്നാണ് കശ്മീർ വിഷയം ചർച്ച ചെയ്യേണ്ടതെന്നും സംശയത്തിനു ഇട നല്കാതെ വ്യക്തമാക്കി. മോദി അധികാരത്തിൽ എത്തിയപ്പോൾ ഏറ്റവും ആദ്യം ഫോണിൽ ബന്ധപ്പെട്ടു ആശംസകൾ അറിയിച്ച ലോക നേതാവും കാമറോൺ തന്നെയാണ്. ലോകത്തെ ഏതൊരു നേതാവിനും സ്വന്തമാക്കാൻ കഴിയാത്ത ഭൂരിപക്ഷം തിരഞ്ഞെടുപ്പിൽ നേടിയതിനെ പ്രത്യേകം പരാമർശിച്ചാണ് കാമറോൺ മോദിയുടെ വിജയത്തെ അഭിനന്ദിച്ചത്.