മെൽബൺ: തായ്‌ലണ്ടിൽ ഉപേക്ഷിക്കപ്പെട്ട ബേബി ഗാമിയുടെ ചികിത്സാർഥം സംഘടന സ്വരൂപിച്ച പണം തട്ടിയെടുക്കാൻ ഗാമിയുടെ ഓസ്‌ട്രേലിയയിലുള്ള പിതാവ് ശ്രമിക്കുന്നതായി ആരോപണം. വാടക ഗർഭപാത്രത്തിലുണ്ടായ കുഞ്ഞിനെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ചതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമാണ് ബേബി ഗാമിയുടേത്. വാടകഗർഭപാത്രത്തിൽ ഇരട്ടക്കുട്ടികളുണ്ടാകുകയും അതിൽ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ച് ഇരട്ടസഹോദരിയേയും കൊണ്ട് ഓസ്‌ട്രേലിയയിലേക്ക് കടന്നുകളയുകയും ചെയ്തതിനെ തുടർന്നാണ് ബേബി ഗാമിയുടെ ചികിത്സാർഥം ഒരു അന്താരാഷ്ട്ര ചാരിറ്റി സംഘടന പണം സ്വരൂപിച്ചത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി സ്വരൂപിച്ച പണം തട്ടിയെടുക്കാനാണ് ബേബി ഗാമിയുടെ പിതാവ് ഓസ്‌ട്രേലിയക്കാരനായ ഡേവിഡ് ഫാർനെൽ ശ്രമിക്കുന്നതെന്നാണ് ചാരിറ്റി സംഘടന ആരോപിക്കുന്നത്. നിലവിൽ തായ്‌ലണ്ടിൽ വാടകഗർഭപാത്രം നൽകിയ അമ്മയായ ചാൻബുവയ്‌ക്കൊപ്പമാണ് ബേബി ഗാമി ജീവിക്കുന്നത്. ബേബി ഗാമിയുടെ ചികിത്സയ്ക്കായി ഈ പണമാണ് നൽകിവരുന്നത്. ഡേവിഡ് ഫാർനെല്ലിനെതിരേ  ആരോപണം ഉന്നയിച്ചിരിക്കുന്നത് ഹാൻഡ് എക്രോസ് ദി വാട്ടർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപകനായ പീറ്റർ ബെയ്ൻസ് ആണ്.

ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ തായ്‌ലണ്ടിൽ തന്നെ ഉപേക്ഷിച്ചതിനെ തുടർന്ന് ലോകത്തിന്റെ നാനാഭാഗത്തുമുള്ളവർ തന്നെയാണ് ഈ പണം സംഭാവന നൽകിയത്. അതു സ്വന്തമാക്കാനാണ് ഇപ്പോൾ ഗാമിയുടെ പിതാവ് ശ്രമിക്കുന്നതെന്നാണ് പീറ്റർ ബെയ്ൻസ് പറയുന്നത്. ആറായിരത്തിലധികം പേർ സംഭാവന നൽകിയതിനെ തുടർന്ന് 235,000 ഡോളറിലധികം പണമാണ് പിരിച്ചു കിട്ടിയത്.  ഇതിൽ എത്രത്തോളം പണമാണ് ഗാമിയുടെ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പീറ്റർ ബെയ്‌നിനു വ്യക്തമല്ല.

അതേസമയം പണം മുഴുവൻ ബേബി ഗാമിയുടെ ചികിത്സയ്ക്കും കുട്ടിയുടെ ഭാവിക്കു വേണ്ടി ചെലവഴിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മറ്റാർക്കും ഇതിൽ അവകാശമില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ കാര്യത്തിൽ ഡേവിഡ് ഫാർനെല്ലിന് യാതൊരു തരത്തിലുമുള്ള അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഗാമിയുടെ പേരിൽ സ്വരൂപിച്ച പണം മറ്റാർക്കും സ്വന്തമാക്കാൻ സാധിക്കില്ലെന്നും ചാൻബുവ ചൂണ്ടിക്കാട്ടി. ഗാമിയെ തായ്‌ലണ്ടിൽ ഉപേക്ഷിച്ചുപോയ വ്യക്തിയാണ് ഫാർനെൽ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ പണം ആവശ്യപ്പെടുന്നതെന്നും ഫാർനെൽ വ്യക്തമാക്കണം. ഗാമിയുടെ മാതാവായ തനിക്കു പോലും ഈ പണം എടുക്കാൻ അവകാശമില്ലെന്ന് ചാൻബുവ എടുത്തുപറഞ്ഞു.

തായ്‌ലണ്ടിൽ ഗാമി ജീവിക്കുന്ന വീട് ഏറെ പഴക്കം ചെന്നതിനാൽ പുതിയൊരു വീടുവാങ്ങുന്നതിന് സംഭാവന ലഭിച്ച പണത്തിൽ നിന്ന് എടുത്തിട്ടുണ്ട്. കൂടാതെ മാസം തോറും ഗാമിയുടെ ചികിത്സാ ചെലവുകൾക്കാണ് പണം ഉപയോഗിച്ചുവരുന്നത്.