ന്യൂഡൽഹി: ഹൃദയാഘാതത്തെത്തുടർന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കറാച്ചിയിലെ ആശുപത്രിയിൽ ദാവൂദ് ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീൽ ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു.

കാലിലുണ്ടായ വ്രണത്തെത്തുടർന്ന് 61 കാരനായ ദാവൂദ് ചികിത്സയിലാണെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുണ്ടായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാൻ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു. ദാവൂദിന് എന്തെങ്കിലും സംഭവിച്ചാൽ തന്നെ പാക്കിസ്ഥാൻ അക്കാര്യം വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്.

മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങൾ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാക്കിസ്ഥാനിലാണുള്ളതെന്നും പാക്കിസ്ഥാൻ ഏജൻസികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നൽകിയിരുന്നു. എന്നാൽ ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന വിവരങ്ങൾ പുറത്ത് വിടാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലില്ലെന്നും ഇക്കാര്യം മുമ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ ഇന്ത്യയെ അറിയിക്കുകയായിരുന്നു. ദാവൂദ് കറാച്ചിയിൽ ഉണ്ടെന്നതിന്റെ തെളിവുകൾ ഇന്ത്യ നേരത്തെതന്നെ നൽകിയെങ്കിലും അവയെല്ലാം പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു.

മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഒരു ദേശീയ ചാനൽ ഇതിന് മുൻപ് പുറത്ത് വിട്ടിരുന്നു. ഒളികാമറ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.

ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റൺ, കറാച്ചി എന്നാണെന്ന് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റൺ. സിന്ധിലെ മുൻ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ എന്നിവർക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.