ലണ്ടൻ: ഇന്ത്യ തേടുന്ന ഏറ്റവും വലിയ കൊടും കുറ്റവാളിയാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം. കള്ളപ്പണ രാജാവായ ദാവൂദിന്റെ സാമ്രാജ്യം ലോകം മുഴുവനായി വ്യാപിച്ചു കിടക്കുന്നതാണ്. കൈയും കണക്കുമില്ലാത്ത വിധത്തിൽ ദാവൂദിന് സ്വത്തുക്കളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലും ഗൾഫിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലുമായി ഈ സാമ്രാജ്യം വ്യാപിച്ചു കിടക്കുകയാണ്.

ബ്രിട്ടൻ, യുഎഇ, സ്‌പെയിൻ, മൊറോക്കോ, ഓസ്‌ട്രേലിയ, സൈപ്രസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ ദാവൂദിനു ഭൂമിയും കെട്ടിടങ്ങളും മറ്റു വസ്തുവകകളുമുണ്ടെന്നാണു ബ്രിട്ടനിലെ 'ടൈംസ്' ദിനപ്പത്രം റിപ്പോർട്ട് ചെയ്തത്. 1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസുകളിലടക്കം പ്രതിയാണു ദാവൂദ്. ദാവൂദിനെക്കുറിച്ച് ഇന്ത്യൻ അധികൃതർ തയാറാക്കിയ രേഖയും ബ്രിട്ടനിലെ ഭൂമി റജിസ്‌ട്രേഷൻ രേഖകളും കമ്പനി ഹൗസ് രേഖകളും പനാമ രേഖകളും തമ്മിൽ ഒത്തുനോക്കിയാണു ടൈംസ് റിപ്പോർട്ട്. ദക്ഷിണ ബ്രിട്ടിഷ് കൗണ്ടികളിൽ ദാവൂദിനു ഭൂമിയുണ്ടെന്നു റിപ്പോർട്ടിൽ എടുത്തു പറയുന്നു.

62 കാരനായ ഈ അധോലോക നായകന്റെ ആസ്തികൾ ബ്രിട്ടണിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്ത്യൻ അധികൃതർ ബ്രിട്ടീഷ് സർക്കാരിന് കൈമാറിയ രേഖകളിൽ നിന്നു കിട്ടിയ വിവരങ്ങളും പനാമ പേപ്പർ വിവരങ്ങളും പരിശോധിച്ചാണ് ടൈംസ് വിവരങ്ങൾ പുറത്തുവിട്ടത്. ഇന്റർ പോൾ റെഡ് കോർണർ നോട്ടീസ് ദാവൂദിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ മൂന്നുവിലാസത്തിൽ വാങ്ങിയിട്ടുള്ള ആസ്തികൾ ബ്രിട്ടൺ മരവിപ്പിച്ചിരിക്കുകയാണ്.

ദാവൂദിന്റെ ആസ്തികൾക്ക് പുതിയതായി നടപ്പിലാക്കാൻ പോകുന്ന നിയമം ബാധകമായേക്കും. ഇങ്ങനെയായാൽ അവ സർക്കാരിന് ഏറ്റെടുക്കാൻ സാധിച്ചേക്കുമെന്നാണ് വിവരം. ദാവൂദ് പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നു എന്നാണ് ഇന്ത്യൻ അധികൃതർ നിരന്തരം ഉന്നയിക്കുന്നത്. ഇക്കാര്യം പാക്കിസ്ഥാൻ ഇതുവരം അംഗീകരിച്ചിട്ടില്ല. ദാവൂദിന്റെ ബ്രിട്ടണിലെ സ്വത്തുക്കൾ വലംകൈയായ മുഹമ്മദ് ഇഖ്ബാൽ എന്ന മിർച്ചി മേമനാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹോട്ടലുകൾ, ബംഗ്ലാവുകൾ, ആഡംബര വസതികൾ, ടവർ ബ്ലോക്കുകൾ തുടങ്ങിയ കോടികൾ മതിക്കുന്ന ആസ്തികളാണ് ദാവൂദിന് ബ്രിട്ടണിലുള്ളത്. ദാവൂദിന്റെ പ്രവർത്തനങ്ങൾ മക് മാഫിയ എന്ന ബിബിസി പരമ്പരയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അധോലോകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പരമ്പരയാണ് മക് മാഫിയ.

നിരവധി കേസുകളിൽ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായി ഛോട്ടാഷക്കീലും വേർപിരിഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ദാവൂദിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. പാക്കിസ്ഥാനിലെ കറാച്ചിയിൽ അഭയംതേടി താവളമുറപ്പിച്ച കൊടുംകുറ്റവാളികളാണ് ദാവൂദും സഹോദരൻ അനീസും ഛോട്ടാഷക്കീലും. സഹോദരന് ദാവൂദ് കൂടുതൽ പ്രധാന്യം സംഘത്തിൽ നൽകിത്തുടങ്ങിയതോടെയാണ് ഛോട്ടാഷക്കീൽ വേർപിരിയുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

കറാച്ചിയിലെ ക്ലിഫ്റ്റൻ മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട ഷക്കീൽ ഇപ്പോൾ മറ്റേതോ ഒളിസങ്കേതത്തിലാണെന്നാണ് വിവരമാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളിൽ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നത്. അവിടെനിന്ന് ഇന്ത്യയിലെ അധോലോക പ്രവർത്തനങ്ങളെ നിയന്ത്രിച്ചുതുടങ്ങി. എന്നാൽ ഇന്ത്യയുടെ പിടിയിലാവാൻ സാധ്യതയുണ്ടെന്ന് വന്നതോടെ പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയിയിലേക്ക് താമസം മാറ്റുകയായിരുന്നു.

ദാവൂദ് നേതൃത്വം നൽകുന്ന അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അടുത്തിടെയായി ഇളയ സഹോദരൻ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീൽ ഇടയാൻ ഇടയാക്കിയതെന്നാണ് വിവരം. 1993ലെ മുംബൈ സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് മൂവരും.

മുംബൈയിൽ 1993 മാർച്ച് 12നു നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ് ദാവൂദ്. മുന്നൂറോളം പേരാണ് ഇതിൽ കൊല്ലപ്പെട്ടത് ആയുധക്കടത്ത്, കള്ളക്കടത്ത്, ലഹരിമരുന്നു വ്യാപാരം, കള്ളനോട്ട്, ഹവാല തുടങ്ങി ഒട്ടനവധി കേസുകൾ ദാവൂദിന്റെ പേരിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും വീടുകളുണ്ടെങ്കിലും ദാവൂദിന്റെ സ്ഥിരം താവളം പാക്കിസ്ഥാനിലെ കറാച്ചിയാണിപ്പോൾ.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദാവൂദ് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഛോട്ടാ ഷക്കീലിനെ മറികടന്ന് ദാവൂദ് സംഘത്തിന്റെ തലപ്പത്തെത്താൻ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നു എന്നും ഇതാണ് ഇപ്പോൾ പ്രശ്‌നങ്ങൾക്ക് കാരണമായി സംഘത്തിൽ നേതൃത്വം വഴിപിരിയുന്നതിലേക്ക് എത്തിയതെന്നുമാണ് സൂചനകൾ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ദാവൂദ് ഇതിനെതിരെ സഹോദരന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ദാവൂദിന്റെ വാക്കുകളും മുഖവിലയ്‌ക്കെടുക്കാതിരുന്ന അനീസ് കഴിഞ്ഞ ദിവസം ഛോട്ടാ ഷക്കീലുമായി വാഗ്വാദമുണ്ടായതായും ഇന്റലിൻസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഛോട്ടാ ഷക്കീൽ സംഘം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.

ദാവൂദിനെ ഉപേക്ഷിച്ചുപോയ ഷക്കീൽ തന്റേതായ അധോലോകം സൃഷ്ടിക്കുന്നതായ വിവരങ്ങളും പുറത്തുവരുന്നു. വേർപിരിയലിന് പിന്നാലെ തനിക്കൊപ്പമുള്ള അനുയായികളുമൊത്ത് ഒരു പൂർവേഷ്യൻ രാജ്യത്ത് ഷക്കീൽ യോഗം ചേർന്നതായാണ് വിവരം. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയെന്ന നിലയിൽ അറിയപ്പെട്ട ഷക്കീൽ അഹമ്മദ് ബാബു എന്ന ചോട്ടാ ഷക്കീൽ 1986ൽ ആണ് ഇന്ത്യ വിടുന്നത്.

1993ലെ മുംബൈ സ്‌ഫോടനപരമ്ബര അസൂത്രകരിൽ ഒരാൾ ഷക്കീലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിജെപി നിയമസഭാംഗം രാംനായികിനെ വധിച്ച കേസിലും മുംബൈ മേയറായിരുന്ന ശിവസേനാ നേതാവ് മിലിന്ദ് വൈദ്യയെ വധിക്കാൻ ശ്രമിച്ച കേസിലും ഒന്നാം പ്രതിയുമാണ് ഷക്കീൽ. കറാച്ചിയിൽ ദാവൂദിന്റെ അധോലോകപ്രവർത്തനങ്ങൾ ഏകോപിക്കുന്നതും മറ്റു രാജ്യങ്ങളിലെ ബിസിനസ് ഇടപാട് നോക്കുന്നതും ഷക്കീലായിരുന്നു. പല ഇടപാടുകളിലും വലംകൈയായി പ്രവർത്തിച്ച ഷക്കീലിനെ അതിനാൽ തന്നെ ദാവൂദിന് ഏറെ പ്രിയവുമായിരുന്നു.

ഇവർ വേർപിരിയുന്നത് പാക്കിസ്ഥാനും തലവേദനയാണ്. ഇന്ത്യക്കെതിരെയുള്ള പല അധോലോക നീക്കങ്ങളും ഇവരിലൂടെയാണ് പാക്കിസ്ഥാൻ നടപ്പാക്കുന്നതെന്നാണ് വിവരം. അതിനാൽ തന്നെ ഇപ്പോൾ ദാവൂദ് സംഘത്തിലുണ്ടായ പ്രശ്‌നങ്ങൾ ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക്ക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ എന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.