ഇംഫാൽ: 30 വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സൈന്യത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടാക്കിയ തീവ്രാവാദികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി സൈന്യം. തീവ്രവാദികളെ മ്യാന്മാറിലെ അവരുടെ മടയിൽ കയറിയാണ് ഇന്ത്യൻ സൈന്യം തുരത്തിയത്. കേന്ദ്രത്തിൽ നിന്നും അനുമതി കിട്ടിയതോടെ മ്യാന്മാർ മണ്ണിൽ കയറിയാണ് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ 15 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണമായിരുന്നു കരസേന നടത്തിയത്. ഇന്ത്യ മ്യാന്മർ അതിർത്തിയിലെ രണ്ടിടങ്ങളിലായി ഭീകര കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. അടിച്ചാൽ തിരിച്ചടി എന്ന സന്ദേശമാണ് കേന്ദ്രത്തിലുള്ള സർക്കാർ ഇതിലൂടെ തീവ്രവാദികൾക്ക് നൽകിയിരിക്കുന്നത്.

എൻ.എസ്.സി.എൻ(കെ), കെ.വൈ.കെ.എൽ. തീവ്രവാദികളാണു കൊല്ലപ്പെട്ടത്. മ്യാന്മറിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നീക്കമെന്നു മേജർ ജനറൽ റൺബീർ സിങ് അറിയിച്ചു. നാഗാലാൻഡ്, മണിപ്പുർ സംസ്ഥാന അതിർത്തികളോട് ചേർന്നുള്ള മ്യാന്മറിലെ രണ്ട് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സൈനികർ സുരക്ഷിതരായി മടങ്ങിയതായി അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിലും ഭീകരർക്കായുള്ള തെരച്ചിൽ തുടരുമെന്നു സൈനിക വക്താവ് അറിയിച്ചു.

ജൂൺ നാലിന് ആക്രമണം നടന്ന ശേഷം അതീവ ജാഗ്രതയിലായിരുന്നു സൈന്യം. കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതിനാൽ തീവ്രവാദ ഭീഷണി ഒഴിവാക്കാനായാണ് ആക്രമണം നടത്തിയതെന്ന് സൈനിക ഓപ്പറേഷൻസ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ രൺബീർ സിങ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരുംദിവസങ്ങളിലും ഭീകരർക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരിൽ സൈന്യത്തിനുനേരെ ആക്രമണം നടന്നയുടനെ ശക്തമായി തിരിച്ചടിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലെ സൈന്യവും തമ്മിൽ അടുത്ത സഹകരണത്തിന്റെ ചരിത്രമുണ്ട്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ മ്യാന്മർ സൈന്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. അതിർത്തിയിൽ സമാധാനവും ശാന്തിയും ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ തന്നെ ഞങ്ങളുടെ സുരക്ഷ, ദേശീയ അഖണ്ഡത എന്നിവക്കു നേരെയുള്ള ഭീഷണിയെ ശക്തമായ പ്രതികരണത്തോടെ നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.

ജൂൺ നാലിന് 25 പേരടങ്ങുന്ന എൻ.എസ്.സി.എൻ ഖപ്ലാങ് സംഘം കെ.വൈ.കെ.എൽ എന്ന തീവ്രവാദ സംഘടനക്കൊപ്പമാണ് മണിപ്പൂരിൽ ആക്രമണം നടത്തിയത്. റോക്കറ്റിൽ തൊടുത്തുവിടാവുന്ന ഗ്രനേഡുകളും (ആർ.പി.ജി) യന്ത്രത്തോക്കുകളുമുപയോഗിച്ചാണ് 6ദോഗ്ര റെജിമെന്റിന്റെ വാഹനവ്യൂഹത്തെ തീവ്രവാദികൾ ആക്രമിച്ചത്. ഇതിൽ 20 സൈനികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1999ലെ കാർഗിൽ യുദ്ധത്തിനുശേഷം ഇത്രയധികം പട്ടാളക്കാർ ഒരുമിച്ച് അതിർത്തിയിൽ കൊല്ലപ്പെടുന്നത് ആദ്യമായാണ്.

അതേസമയം മ്യാന്മാറിൽ അതിർത്തി കടത്തും തീവ്രവാദികളെ തുരത്തിയത് ഇന്ത്യയുടെ നിലപാട് മാറ്റമായി വിലയിരുത്തുന്നുണ്ട്. എന്തിനും സമാധാനം പാലിക്കുക എന്ന നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. കാശ്മീരിൽ പാക്ക് സൈന്യം പ്രകോപനം സൃഷ്ടിക്കുമ്പോൾ പലപ്പോഴും സമാധാനം കാത്തുസൂക്ഷിക്കുക എന്ന തന്ത്രമായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ, അടിച്ചാൽ തിരിച്ചടിക്കുമെന്ന ശക്തമായ സന്ദേശം നൽകുക എന്നതാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു. അതേസമയം ഇന്ത്യയുടെ നിലപാടിൽ പാക്കിസ്ഥാനും ചൈനയും അസന്തുഷ്ടരാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ വരും ദിവസങ്ങളിൽ എതിർപ്പുമായി രംഗത്തെത്തുമോ എന്ന ആശങ്കയും ശക്തമാണ്.