എറണാകുളം: ഇരുപത്തിനാലാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരി കോത്സവത്തിനും നാളെ മറൈൻഡ്രൈവിൽ തുടക്കമാവും.വൈകിട്ട് 5.30ന് വി മധുസൂദനൻ നായർ, കമൽ, നടൻ ദിലീപ്, ലാൽ ജോസ്, റോഷൻ ആൻഡ്രൂസ്, കാവ്യാമാധവൻ, ആഷിക് അബു എന്നിവർ ചേർന്ന് പുസ്തകമേളയ്ക്ക് തിരിതെളിക്കും. തുടർന്ന് കമൽ, ഉണ്ണികൃഷ്ണൻ ആവള എന്നിവർ തയ്യാറാക്കിയ 'ആത്മാവിൻ പുസ്തകത്താളിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.

പി കെ പാറക്കടവ്, ഉണ്ണികൃഷ്ണൻ ആവള എന്നിവർ പ്രകാശനച്ചടങ്ങിലും ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കും.ഓഗസ്റ്റ് 15 വരെ നീണ്ടുനില്ക്കുന്ന പുസ്തകമേളയിൽ പുസ്തകപ്രകാശനം, സംവാദം, ചർച്ച തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകരാണ് മേളയിൽ പങ്കടുക്കുന്നത്. മെഡിക്കൽ സയൻസ്, എഞ്ചിനിയറിങ്, മാനേജ്മെന്റ് തുടങ്ങിയ അക്കാദമിക്ക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരിത്രം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലെയും പ്രമുഖപ്രസാധകരുടെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ലക്ഷക്കണക്കിനു പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്ന ഈ മേളയിൽ പുസ്തകങ്ങൾ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്‌കാരികോത്സവവും പുസ്തക പ്രകാശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

31 ഞായർ വൈകിട്ട് 4.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ദീപാ നിശാന്തിന്റെ 'നനഞ്ഞുതീർത്ത മഴകൾ' പ്രകാശിപ്പിക്കും. ബാലചന്ദ്രൻ ചുള്ളിക്കാട്, കമൽ, പ്രിയ എ എസ്, കെ രേഖ, ആഷിക് അബു എന്നിവർ പങ്കെടുക്കും. ഓഗസ്റ്റ് 01 വൈകിട്ട് 5.30 ന് റോബർട്ട് സർവീസ് എഴുതിയ 'ട്രോട്സ്‌കി ജീവചരിത്രം' പ്രകാശനം ചെയ്യും. തുടർന്ന് 'ഇന്ത്യയിൽ കമ്മ്യൂണി സത്തിന്റെ ഭാവി എന്ന വിഷയത്തിൽ സംവാദവുംസംഘടിപ്പിച്ചിട്ടുണ്ട്. എൻ എം പിയേഴ്സൺ, സെബാസ്റ്റ്യൻ പോൾ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, സി പി ജോൺ എന്നിവർ പങ്കെടുക്കും.

2ന് വൈകിട്ട് 5.30 ന് സംഗീത ശ്രീനിവാസന്റെ 'ആസിഡ് 'പ്രകാശിപ്പിക്കും. കെ.സി.നാരായണൻ, മധുപാൽ, സംഗീത ശ്രീനിവാസൻ, കനി തുടങ്ങിയവർ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കും.03ന് വൈകിട്ട് 5.30 ന് തോമസ് ജോസഫ്, ജോർജ് ജോസഫ്് കെ, പി.എഫ്.മാത്യൂസ്, സന്തോഷ് ഏച്ചിക്കാനം, സെബാസ്റ്റ്യൻ, ഉണ്ണി ആർ, സുസ്മേഷ് ചന്ത്രോത്ത്, കെ എ സെബാസ്റ്റ്യൻ, പ്രിയ എ എസ്, വി എം ഗിരിജ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വിനു ജോസഫിന്റെ 'മെനുസ്മൃതി' പ്രകാശിപ്പിക്കും.

04 ന് വൈകിട്ട് 5.30 ന് ഊർമ്മിള ഉണ്ണി തയ്യാറാക്കിയ 'സിനിമാക്കഥ' പ്രകാശനം ചെയ്യും. ബാലചന്ദ്രൻ ചുള്ളിക്കാട്, എ പി എം മുഹമ്മദ് ഹനീഷ്, ഊർമ്മിള ഉണ്ണി എന്നിവർ സന്നിഹിതരായിരിക്കും.05 വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ധന്യാരാജിന്റെ 'പദപ്രശ്നം', ദേവദാസ് വി എം എഴുതിയ 'അവനവൻ തുരുത്ത്', ഇ കെ ഷീബയുടെ 'കനലെഴുത്ത്', വി എച്ച് നിഷാദിന്റെ 'ആതിരാ സൈക്കിൾ', അബിൻ ജോസഫിന്റെ 'കല്യാശ്ശേരി തീസിസ്', ലാസർ ഷൈന്റെ' കൂ', കെ വി മണികണ്ഠന്റെ 'ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ', പി ജിംഷാറിന്റെ 'പടച്ചോന്റെ ചിത്രപ്രദർശനം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം, 'പുതുകഥാ വഴികൾ' എന്ന വിഷയത്തിൽ സംവാദം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സേതു, പ്രമോദ് രാമൻ, എസ്. ഹരീഷ്, ദേവദാസ് വി എം, ലാസർ ഷൈൻ, വി എച്ച് നിഷാദ്, ധന്യാരാജ്, ഇ കെ ഷീബ, കെ വി മണികണ്ഠൻ എന്നിവർ പങ്കെടുക്കും. ഉണ്ണി ആർ സംവാദം മോഡറേറ്റ് ചെയ്യും.

6ന് വൈകിട്ട് 5.30 ന് ഡോ. പി.വിനോദ് ഭട്ടതിരിപ്പാടിന്റെ 'മൊബൈലും ജയിലും സൈബർ കുറ്റാന്വേഷണത്തിന്റെ വഴികൾ' എന്ന പുസ്തകം പ്രകാശിപ്പിക്കും. പിണറായി വിജയൻ (മുഖ്യമന്ത്രി), ജസ്റ്റിസ് കമാൽ പാഷ(കേരള ഹൈക്കോടതി), പി കെ ഹോർമിസ് തരകൻ ഐ പി എസ്(മുൻ ഡി ജി പി, മുൻ ചീഫ്, റിസർച്ച് & അനാലിസിസ് വിങ് ( ഞഅണ), ഡോ. പി.വിനോദ് ഭട്ടതിരിപ്പാട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.07 ന് വൈകിട്ട് 5.30 ന് പുസ്തകപ്രകാശനം, ശാസ്ത്ര പ്രഭാഷണം എന്നിവ നടക്കും. രവിചന്ദ്രൻ സി എഴുതിയ 'അമ്പിളിക്കുട്ടന്മാർ ' എന്ന പുസ്തകമാണ് പ്രകാശിപ്പിക്കുന്നത്. തുടർന്ന് സി രവിചന്ദ്രൻ 'മനുഷ്യന്റെ ചന്ദ്രയാനം ഒരു കെട്ടുകഥയോ?' എന്ന വിഷയം അവതരിപ്പിക്കും.

8ന് വൈകിട്ട് 5.30 ന് രേഖാരാജ് എഴുതിയ 'ദളിത് സ്ത്രീ ഇടപെടലുകൾ' എന്ന പുസ്തകം പ്രകാശിപ്പിക്കും. തുടർന്ന് 'പുനർവായിക്കപ്പെടുന്ന അംബേദ്കർ' എന്ന വിഷയത്തിൽ ചർച്ച നടക്കും. പ്രകാശനച്ചടങ്ങിലും സംവാദത്തിലും പി.രാജീവ്(മുൻ എം പി), ഡോ.അജയ് ശേഖർ, രൂപേഷ്‌കുമാർ, എം ആർ രേണുകുമാർ, രേഖാ രാജ്, മായാ പ്രമോദ് എന്നിവർ പങ്കെടുക്കും. കെ കെ ബാബുരാജ് സംവാദം മോഡറേറ്റു ചെയ്യും.

09 ന് വൈകിട്ട് 5.30 ന് തമ്പാനൂർ സുരേഷിന്റെ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പുസ്തകം പ്രകാശനം ചെയ്യും. എബ്രിഡ് ഷൈൻ, തമ്പാനൂർ സുരേഷ് എന്നിവർ സന്നിഹിതരാകും.10 ന് വൈകിട്ട് 5.30 ന്നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ 'ഒറ്റത്തുള്ളിപ്പെയ്ത്ത്' അജിത് കുമാർ ആർ, 'കോട്ടയം ക്രിസ്തുവും മറ്റു കവിതകളും' അജീഷ് ദാസൻ, 'ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു'സംഗീത ആർ, 'കടലെറിഞ്ഞ ശംഖുകൾ' ദീപാസ്വരൻ, 'ഹൃദയത്തിൽ വിരൽതൊട്ടൊരാൾ' ഷമീർ പട്ടരുമഠം, ക്ഷ' വലിക്കുന്ന കുതിരകൾ' ലതീഷ് മോഹൻ,' മൗനത്തിന്റെ പെണ്ണർത്ഥങ്ങൾ' ഗീത തോട്ടം, 'അവന് പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകുവിടർത്തുന്നു
' ബൃന്ദ, 'ശബ്ദമഹാസമുദ്രം'കലേഷ് എസ്, 'മറവിതൻ ഓർമ്മ' എൻ പി ചന്ദ്രശേഖരൻ തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. തുടർന്നു നടക്കുന്ന കാവ്യോത്സവത്തിൽ ലതീഷ് മോഹൻ, എസ് കലേഷ്, അജീഷ് ദാസൻ, എൻ പി ചന്ദ്രശേഖരൻ, ബൃന്ദ, ഷമീർ പട്ടരുമഠം, സംഗീത ആർ, ദീപാസ്വരൻ, അജിത് കുമാർ, ഗീതാ തോട്ടം എന്നിവർ പങ്കെടുക്കും.11 വൈകിട്ട് 5.30 ന് പ്രൊഫ.എസ് ശിവദാസ് എഴുതിയ 'ശാസ്ത്രകഥാസാഗരം' പ്രകാശനം ചെയ്യും. തുടർന്ന് ആർ. രവീന്ദ്രൻ നായർ മോഡറേറ്റ് ചെയ്യുന്ന സംവാദത്തിൽ 'വിവര വിപ്ലവകാലത്തെ പോപ്പുലർ സയൻസിന്റെ പ്രസക്തി'യക്കുറിച്ച് ഡോ ബി ഇക്‌ബാൽ, പ്രൊഫ എം കെ പ്രസാദ് (മുൻ പ്രൊ വൈസ്ചാൻസിലർ കാലിക്കറ്റ് സർവ്വകലാശാല), ഡോ ജോർജ് വർഗീസ്(ഡയറക്ടർ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ),പ്രൊഫ. എസ് ശിവദാസ് എന്നിവർ സംസാരിക്കും.

12ന് വൈകിട്ട് 5.30 ന് മികച്ച തൊഴിൽ സംരംഭങ്ങളെക്കുറിച്ച് ബൈജു നെടുങ്കേരി തയ്യാറാക്കിയ 'മികച്ച വരുമാനം ഉറപ്പാക്കാവുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടർന്നു നടക്കുന്ന സംവാദത്തിൽ 'സംരംഭകരില്ലാത്ത കേരളം' എന്ന വിഷയം ചർച്ചചെയ്യും. അനൂപ് ജേക്കബ്ബ് എം എൽ എ, കെ.എൻ.കൃഷ്ണകുമാർ( ജോയിന്റ് ഡയറക്ടർ, വ്യവസായ വകുപ്പ്), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി(ചെയർമാൻ വി ഗാർഡ് ), കെ സി ചന്ദ്രശേഖരൻ നായർ( ചീഫ് കൺസൾട്ടന്റ്, കിറ്റ്കോ),ശിവദാസ് ബി മേനോൻ(എം.ഡി., സ്റ്റെർലിങ് ഗ്രൂപ്പ്്) എന്നിവർ പങ്കെടുക്കും.

13 ന് വൈകിട്ട് 5.30നുള്ള സാംസ്‌കാരിക സമ്മേളനത്തിൽ അരുൺ എഴുത്തച്ഛന്റെ 'വിശുദ്ധപാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ 'ആചാരങ്ങളും ലൈംഗികചൂഷണങ്ങളും' എന്ന വിഷയത്തിൽ സംവാദം നടക്കും. പുടയൂർ ജയനാരായണൻ മോഡറേറ്ററാകുന്ന സംവാദത്തിൽ ശീതൾ ശ്യാം, ജോളി ചിറയത്ത്, എം ഡി ധന്യ, അരുൺ എഴുത്തച്ഛൻ എന്നിവർ പങ്കെടുക്കും.

14 ന് ഞായർ വൈകിട്ട് 5.30 ന് ശരത് എസ് മേനോൻ, ഋഷികേശ് എന്നിവർ എഡിറ്റുചെയ്ത 'ട്രോൾ...ട്രോൾ...ട്രോൾ' പ്രകാശിപ്പിക്കും. പ്രകാശനച്ചടങ്ങിൽ എം എം മോനായി, ചെമ്പൻ വിനോദ്, രമേഷ് പിഷാരടി, ശരത് എസ് മേനോൻ (അഡ്‌മിൻ, ട്രോൾമലയാളം), ഋഷികേശ് (അഡ്‌മിൻ ഐ സി യു) എന്നിവർ പങ്കെടുക്കും.