ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസ് ജില്ലാ (ഡിസിസി) പ്രസിഡന്റുമാരുടെ പട്ടികയിൽ അന്തിമ രൂപമാകുമ്പോൾ വിജയിക്കുന്നത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സുധാകരൻ നൽകിയ പട്ടിക അംഗീകാരത്തിനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു കൈമാറി. പട്ടികയ്ക്ക് സോണിയ ഉടൻ അംഗീകാരം നൽകിയേക്കും. മുതിർന്ന നേതാവ് എകെ ആന്റണിയുടെ നിലപാടുകൾക്കും ഇനി പ്രാമുഖ്യമുണ്ട്.

ഏതായാലും അവസാന പട്ടികയിലും എ, ഐ ഗ്രൂപ്പുകൾ അമർഷത്തിലാണ്. ആവശ്യമായ കൂടിയാലോചകൾ നടത്താതെ രൂപം നൽകിയ പട്ടികയിൽ അർഹരായവർക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്നും ഗ്രൂപ്പുകൾ പരാതി ഉന്നയിക്കുന്നു. സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം ആദ്യ പട്ടികയിലെ ഒൻപതു പേരെയാണ് മാറ്റിയത്. കെസി വേണുഗോപാലും വിഡി സതീശനും മുമ്പോട്ട് വച്ച പല പേരുകളും വെട്ടി. എന്നാൽ പാലക്കാട് എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന സുധാകരന്റെ മോഹം നടന്നതുമില്ല.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചകൾ നടത്തിയും സാമുദായിക സന്തുലനം ഉറപ്പാക്കിയുമാണു പട്ടികയ്ക്കു രൂപം നൽകിയതെന്നാണു ഔദ്യോഗിക നേതൃത്വം പറയുന്നു. സാമുദായിക സന്തുലനം ഉറപ്പാക്കാൻ വ്യാഴാഴ്ച രാത്രി നടന്ന അവസാനവട്ട ചർച്ചകളിൽ മുൻപ് നിശ്ചയിച്ചിരുന്ന പേരുകളിൽ മാറ്റം വന്നു. സുധാകരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇപ്പോഴും വനിതകളും ദളിതരും പട്ടികയിൽ ഇല്ല.

തിരുവനന്തപുരത്ത് പാലോട് രവി ഇടം പിടിച്ചു. ആലപ്പുഴയിൽ രമേശ് ചെന്നിത്തല നിർദ്ദേശിച്ച ബാബുപ്രസാദ് നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചില്ലെന്ന പരാതിയുയർന്നതോടെ കെ.പി.ശ്രീകുമാറിനു നറുക്കുവീണു. ഫിൽസൺ മാത്യൂസിലൂടെ കോട്ടയത്ത് യാക്കോബായ പ്രാതിനിധ്യം ഉറപ്പാക്കി. ഇടുക്കിയിൽ എസ്.അശോകനും പാലക്കാട്ട് എ.തങ്കപ്പനും വയനാട്ടിൽ എൻ.ഡി.അപ്പച്ചനും കാസർകോട്ട് പി.കെ.ഫൈസലും കൊല്ലത്ത് പി.രാജേന്ദ്ര പ്രസാദും മലപ്പുറത്ത് വി എസ്. ജോയിയും പട്ടികയിലെത്തി.

പേരുറപ്പിച്ചിരുന്ന സതീഷ് കൊച്ചുപറമ്പിൽ (പത്തനംതിട്ട), മുഹമ്മദ് ഷിയാസ് (എറണാകുളം), ജോസ് വള്ളൂർ (തൃശൂർ), കെ.പ്രവീൺകുമാർ (കോഴിക്കോട്) മാർട്ടിൻ ജോർജ് (കണ്ണൂർ) എന്നിവരെ നിലനിർത്താനും തീരുമാനിച്ചു. ബാക്കിയുള്ളവർക്കാണ് നിരശയുണ്ടാകുന്നത്. വിവരങ്ങൾ പുറത്തുവന്നതോടെ സോണിയയ്ക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ പരാതികളുടെ പ്രളയമാണ്.

സ്ത്രീകൾക്കും ദളിതർക്കും ഓർത്തഡോക്‌സ്, ലത്തീൻ കത്തോലിക്ക, മാർത്തോമ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിച്ചില്ലെന്നതടക്കമുള്ള പരാതികളാണ് ഉയരുന്നത്. പ്രാതിനിധ്യം ലഭിക്കാത്തവർക്കെല്ലാം കെപിസിസി. ഭാരവാഹിപ്പട്ടികയിൽ ഇടം നൽകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കേരള കോൺഗ്രസ് എം അടക്കം വിട്ടുപോയ സാഹചര്യത്തിൽ കോട്ടയത്ത് ക്രിസ്ത്യാനി തന്നെ വേണമെന്ന് സമ്മർദം ഉയർന്നതോടെ ഉമ്മൻ ചാണ്ടിയുടെ പിന്തുണയുള്ള യാക്കോബായ വിഭാഗത്തിപ്പെട്ട ഫിൽസൺ മാത്യൂസിന് നറുക്ക് വീണു. വയനാട്ടിൽ രാഹുൽഗാന്ധി എൻ.ഡി. അപ്പച്ചനെ നിർദ്ദേശിച്ചതിനാൽ കെ.കെ. അബ്രഹാമിനെ മാറ്റി. ഇതു രണ്ടും സുധാകരന്റെ ഇടപെടൽ ഫലമായിരുന്നു.

മുൻ അധ്യക്ഷന്മാർക്ക് അവസരം നൽകേണ്ട എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ട് എ.വി. ഗോപിനാഥിനെ മാറ്റിയെങ്കിലും മുൻ അധ്യക്ഷനായ അപ്പച്ചനെ വയനാട്ടിൽ നിശ്ചയിക്കേണ്ടി വന്നത് രാഹുൽ ഗാന്ധിയുടെ പിന്തുണ കാരണമാണ്. നായർ-മൂന്ന്, ഈഴവ-നാല്, ക്രിസ്ത്യൻ-അഞ്ച്, മുസ്ലിം-രണ്ട് എന്നിങ്ങനെയാണ് സമുദായങ്ങൾക്ക് പട്ടികയിൽ ഇടം നൽകിയത്.

ഡി.സി.സി. അധ്യക്ഷപ്പട്ടികയിലുള്ളവർ

തിരുവനന്തപുരം:പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ :കെ.പി. ശ്രീകുമാർ, കോട്ടയം: ഫിൽസൺ മാത്യൂസ്, ഇടുക്കി: എസ്. അശോകൻ, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശ്ശൂർ: ജോസ് വള്ളൂർ, പാലക്കാട്: എ.തങ്കപ്പൻ, മലപ്പുറം: വി എസ്. ജോയ്, കോഴിക്കോട്: കെ. പ്രവീൺകുമാർ, വയനാട്; എൻ.ഡി. അപ്പച്ചൻ, കണ്ണൂർ: മാർട്ടിൻ ജോർജ്, കാസർകോട്: പി.കെ. ഫൈസൽ