തിരുവനന്തപുരം: ഡി.സി.സി. അധ്യക്ഷന്മാരെ സംബന്ധിച്ച് കോൺഗ്രസ്സിൽ സാധ്യതാ പട്ടിക തയ്യാർ. ഇതിൽ നിന്ന് ഒരാളെ കെപിസിസി അധ്യക്ഷൻ വി എം സുധീരനും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് നിശ്ചയിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് നവംബർ രണ്ടിന് ചർച്ചകൾക്കായി കേരളത്തിലെത്തും. മിക്ക ജില്ലകളിലും ഒരു പേരിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.

സംസ്ഥാനനേതാക്കൾ ഡൽഹിയിലെത്തി രണ്ടുവട്ടം ചർച്ച നടത്തിയതിന്റെ പിന്നാലെയാണ് മുകുൾ വാസ്‌നിക്കിന്റെ വരവ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആരൊക്കെയാണ് അധ്യക്ഷരെന്നത് സംബന്ധിച്ച തീരുമാനത്തിലെത്താനാണ് ശ്രമം. അടുത്തമാസം ആദ്യം ഡൽഹിയിലാകും ഔദ്യോഗിക പ്രഖ്യാപനം. ഐ.സി. ബാലകൃഷ്ണൻ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നിയമസഭാംഗം. വനിതകളിൽ ഒരാൾ പട്ടികയിലുണ്ടാകും. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകാനാണ് തീരുമാനം.

സാധ്യതാ പട്ടിക ഇങ്ങനെ

* തിരുവനന്തപുരം: ശരത്ചന്ദ്രപ്രസാദ്, ബിന്ദുകൃഷ്ണ, രമണി പി. നായർ, നെയ്യാറ്റിൻകര സനൽ, പാലോട് രവി.
* കൊല്ലം: പി.സി. വിഷ്ണുനാഥ്
* പത്തനംതിട്ട: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജ്
* ആലപ്പുഴ: എം. ലിജു, കോശി എം. കോശി.
* കോട്ടയം: ലതികാ സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്
* ഇടുക്കി: ഡീൻ കുര്യാക്കോസ്
* എറണാകുളം: കൊച്ചി ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്
* തൃശ്ശൂർ: ടി.എൻ. പ്രതാപൻ
* പാലക്കാട്: വി.കെ. ശ്രീകണ്ഠൻ, എ.വി. ഗോപിനാഥ്
* മലപ്പുറം: വി.വി. പ്രകാശ്, വി.എ. കരീം
* കോഴിക്കോട്: ടി. സിദ്ദിഖ്
* വയനാട്: ഐ.സി. ബാലകൃഷ്ണൻ എംഎ‍ൽഎ.
* കണ്ണൂർ: സതീശൻ പാച്ചേനി
* കാസർകോട്: കെപിസിസി. സെക്രട്ടറി കെ. നീലകണ്ഠൻ