- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടി തുടങ്ങിവെച്ച കലാപം താഴേത്തട്ടിലേക്ക് പടരാതെ കെ സുധാകരന്റെ 'സർജിക്കൽ സ്ട്രൈക്ക്'; വാർത്താ സമ്മേളനത്തിൽ അക്കമിട്ടുള്ള മറുപടിയാൽ കടന്നാക്രമണം; എ യും, ഐ യും വീതം വെച്ചെടുക്കുന്ന മുൻകാല നടപടി മാറിയത് നേട്ടം; ഡിസിസി പട്ടികയോടെ കോൺഗ്രസിൽ കൂടുതൽ കരുത്തരായി സുധാകരനും സതീശനും; ചാണ്ടി - ചെന്നിത്തല അച്ചുതണ്ട് ഒടിയുന്നു
തിരുവനന്തപുരം: കോൺഗ്രസിനെ ഒരു പതിറ്റാണ്ടായി നയിച്ചു കൊണ്ടിരുന്ന ഉമ്മൻ ചാണ്ടി - ചെന്നിത്തല അച്ചുതണ്ടിന് ബലക്ഷയം സംഭവിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന കോൺഗ്രസിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നപ്പോൾ കൂടുതൽ വ്യക്തമാകുന്ന കാര്യം. എ, ഐ ഗ്രൂപ്പുകൾ എല്ലാം വീതിച്ചെടുക്കുന്ന നിലയിൽ നിന്നും കാര്യങ്ങൾ മാറിയതിലെ അതൃപ്തിയാണ് ഇന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രകടിപ്പിച്ചത്. എന്നാൽ, ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ കുറച്ചുകൂടി വിശാലമായ പ്രാതിനിധ്യം വ്യക്തമാണ്. താഴേത്തട്ടിൽ പ്രവര്ത്തിച്ചു മികവു തെളിയിച്ചവരാണ് അധ്യക്ഷ പദവിയിൽ നിയോഗിച്ചത് എന്നാണ് വിമർശനങ്ങൾക്കുള്ള കെപിസിസി നേതൃത്വത്തിന്റെ മറുപടി.
താഴേത്തട്ടിലെ പ്രവർത്തകരെ ഇളക്കി വിടുന്നതു പോലെയായിരുന്നു ഉമ്മൻ ചാണ്ടി ഇന്ന് പ്രതികരിച്ചത്. കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും ഉമ്മൻ ചാണ്ടി വിമർശിച്ചു. ശിവദാസൻ നായർക്കെതിരായ നടപടിയാണ് ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചത്. എന്നാൽ, അതിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകി കെ സുധാകരൻ കാര്യങ്ങൾ കൈപ്പിടിയിലാക്കി. കൃത്യമായ ചർച്ച നടത്തിയിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഡയറി ഉയർത്തി കാണിച്ചുള്ള മറുപടി ഗ്രൂപ്പിസവുമായി ശകുനി കളിക്കാൻ വരുന്നവർക്കുള്ള കൃത്യമായ മുന്നറിയിപ്പു കൂടിയായി മാറി.
ഉമ്മൻ ചാണ്ടി കള്ളം പറഞ്ഞെന്നും എഐസിസി നേതൃത്വവും ഇരുനേതാക്കളുമായി ചർച്ച നടത്തിയെന്നും വ്യക്തമാക്കിയാണ് സുധാകരന്റെ വാക്കുകൾ. ഉമ്മൻ ചാണ്ടി ഇട്ട ബോംബിനെ നിർവീര്യമാക്കുന്ന മരുന്നെല്ലാം അദ്ദേഹത്തിന്റെ സർജിക്കൽ സ്ട്രൈക്കിലുണ്ട്. ഗ്രൂപ്പുകൾക്ക് ഇടയിൽ കുരുങ്ങിയ മുൻ കെപിസിസി അധ്യക്ഷന്മാരുടെ അനുഭവം കൂടി അദ്ദേഹം വിവരിച്ചു. താൻ വർക്കിങ് പ്രസിഡന്റായിരിക്കുമ്പോൾ തന്നോട് ആരും ചർച്ച ചെയ്തിരുന്നില്ലെന്ന കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് സുധാകരൻ ആഞ്ഞടിച്ചത്.
സുധാകരന്റെ കടന്നാക്രമണത്തിൽ ഉമ്മൻ ചാണ്ടി പോലും പകച്ചു പോകുന്ന അവസ്ഥയിലായി. ഗ്രൂപ്പു മാനേജർമാരെയും അദ്ദേഹം ശരിക്കും വെട്ടിലാക്കി. പാർട്ടിയിൽ പ്രവർത്തനം മുന്നോട്ടു പോകണമെങ്കിൽ ഗ്രൂപ്പുകൾക്കിടയിൽ ഞെരുങ്ങരുത് എന്ന കൃത്യമായ ഉദ്ദേശ്യവും സുധാകരൻ നൽകുന്നു. സെമി കേഡൽ ലൈനിലേക്ക് കോൺഗ്രസ് മാറുമെന്ന കൃത്യമായ സൂചനയാണ് ശിവദാസൻ നായർക്കും കെ പി അനിൽകുമാറിനും എതിരായ സസ്പെൻഷൻ നടപടിയിലും നിറഞ്ഞത്. അച്ചടക്ക ലംഘനം വെച്ചു പൊറിപ്പിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കുമ്പോൾ ഗ്രൂപ്പുകൾ ശരിക്കും പ്രതിരോധത്തിലാണ്.
ഇപ്പോഴത്തെ ഡിസിസി ലിസ്റ്റിൽ കെപിസിസി നേതൃത്വത്തിലുള്ള നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. എ ഗ്രൂപ്പ് പ്രതിനിധി കൂടിയായ ടി സിദ്ദിഖിനു പോലും പരാതിയില്ല. പി ടി തോമസും തിരുവഞ്ചൂർ രാധകൃഷ്ണനും പട്ടികയെ അനുകൂലിക്കുന്നവരാണ്. അഭിപ്രായ വ്യത്യാസം പരസ്യമാക്കിയതിൽ ഹൈക്കമാൻഡിനുള്ള അതൃപ്തിയും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും വിനയായേക്കും. ഇപ്പോഴത്തെ നിലയിൽ ഗ്രൂപ്പു മാനേജർമാർ്ക്ക് കനത്തി തിരിച്ചടിയാണ് പട്ടി
അതേസമയം ഇപ്പോഴത്തെ പട്ടികയിൽ സ്ത്രീകർക്കും ദളിത് വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഇല്ലെന്നതാണ് പോരായ്യമ. ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും അദ്ധ്യക്ഷന്മാരായേക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ തന്നെ സൂചനകൾ നൽകിയിരുന്നു. പക്ഷേ, ലിസ്റ്റ് വന്നപ്പോൾ ഇരുവരും പട്ടികയിൽ ഇടം പിടിച്ചില്ലെന്ന് മാത്രമല്ല സ്ത്രീകളെയും ദളിത് വിഭാഗങ്ങളെയും പൂർണമായും ഒഴിവാക്കുകയും ചെയ്തു. സ്ത്രീ-ദളിത് പ്രാതിനിത്യം ഇല്ലാത്തത് സാേണിയാ ഗാന്ധി ചൂണ്ടിക്കാണിച്ചെങ്കിലും കെ പി സി സിയിൽ പ്രാധിനിത്യം ഉറപ്പാക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിക്കുകയായിരുന്നു.
ഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തിൽ ഉണ്ടായതുപോലുള്ള അഡ്ജസ്റ്റുമെന്റുകൾ കെ പി സി സിയുടെ കാര്യം വരുമ്പോഴും ഉണ്ടാവുമെന്നും സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിത്യം നൽകാത്തത് പാർട്ടിക്ക് ദോഷകരമാകുമെന്നാണ് ചില പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.അതേസമയം, ഈഴവ, നായർ, ക്രിസ്ത്യൻ, മുസ്ളീം സമുദായ സന്തുലനം ഉറപ്പാക്കിയെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്.
ആലപ്പുഴയിൽ ബി. ബാബു പ്രസാദിനെയും ഇടുക്കിയിൽ സി.പി. മാത്യുവിനെയും ഉൾപ്പെടുത്തി ഐ ഗ്രൂപ്പിനും കോട്ടയത്ത് നാട്ടകം സുരേഷിലൂടെ എ ഗ്രൂപ്പിനും പ്രാതിനിദ്ധ്യം ഉറപ്പാക്കി. ഉമ്മൻ ചാണ്ടി കൊടുത്ത ലിസ്റ്റിൽ നിന്നാണ് നാട്ടകം സുരേഷിനെ നിയമിച്ചത് എങ്കിലും ഇദ്ദേഹത്തിന് തിരുവഞ്ചൂരിനോട് കൂടുതൽ താൽപ്പര്യം. അതേസമയം കെ മുരളീധരൻ പുതിയ നേതൃത്വത്തോട് അനുകൂലമായി നിൽക്കുന്നു എന്നതും ശ്രദ്ധേയാണ്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് കെ മുരളീധരനെ എത്തിക്കാനും കെ സുധാകരൻ ശ്രമിച്ചേക്കും. മുരളീധരൻ പട്ടികയെ പ്രകീർത്തിച്ചു കൊണ്ടു രംഗത്തുവന്നതും ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും തിരിച്ചടിയായി മാറി.
കെപിസിസി, ഡിസിസി പുനഃസംഘടനകാളാണ് ഇനിയും വരാനിരിക്കുന്നത്. ഇവിടെയും തങ്ങളുടെ പക്ഷത്തുള്ളവർ വെട്ടിനിരത്തപ്പെടുമോ എന്ന ആശങ്കയാണ് ഗ്രൂപ്പു നേതാക്കൾക്കുള്ളത്. ഈ പുനഃസംഘടനയിൽ കരുത്തു കാട്ടുക എന്ന ലക്ഷ്യമാകും ഇനി ഇരു നേതാക്കൾക്കും ഉണ്ടാകുക എന്നതും ഉറപ്പാണ്.
സംസ്ഥാന കോൺഗ്രസിൽ നിലനിന്ന കീഴ്വഴക്കങ്ങളുടെ അടിമുടി മാറ്റമാണ് ഇക്കുറി ഡിസിസി ലിസ്റ്റ് പുറത്തിറങ്ങിയപ്പോൾ സംഭവിച്ചത്. ചില ജില്ലകളിൽ ഗ്രൂപ്പുകൾക്കുള്ള അട്ടിപ്പേർ അവകാശം, അമിതമായ സമുദായ പരിഗണന തുടങ്ങിയ സ്ഥിരം പരിഗണനകളാണ് അട്ടിമറിക്കപ്പെട്ടത്. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ കൂട്ടത്തിൽ തീവ്ര ഗ്രൂപ്പുകാരുടെ എണ്ണവും കുറവാണ്. ഗ്രൂപ് വീതംവെപ്പ് എന്ന സ്ഥിരം ശൈലി അനുവദിക്കാനാകില്ലെന്ന നിലപാടാണ് തുടക്കംമുതൽ സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഗ്രൂപ് നേതൃത്വം നിർദ്ദേശിച്ച സ്വന്തക്കാരെ പലയിടത്തും ഒഴിവാക്കി. അതേസമയം, ഗ്രൂപ്പിന്റെ പേരിൽ ആരെയും മാറ്റിനിർത്തിയിട്ടുമില്ല.
14 ഡി.സി.സികളിൽ ഏഴുവീതം ഇരുപക്ഷത്തിനും കിട്ടി. എന്നാൽ, പുതിയ അധ്യക്ഷന്മാരിൽ ഭൂരിഭാഗവും കടുത്ത ഗ്രൂപ് വക്താക്കളല്ല. ചെന്നിത്തലക്ക് സ്വന്തം തട്ടകമായ ആലപ്പുഴയിൽ സ്വന്തം ഇഷ്ടക്കാരനെ കൊണ്ടുവരാൻ സാധിച്ചത് ആശ്വാസമായി. എന്നാൽ, കോട്ടയത്ത് വിശ്വസ്തന് സീറ്റുറപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല. ചില ജില്ലകളിലെ പാർട്ടി നേതൃത്വം ഏതെങ്കിലും ഗ്രൂപ് ഏറെക്കാലമായി കൈയടക്കിവെച്ചിരുന്നതിനും മാറ്റംവന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകൾ ഇതിന് ഉദാഹരണമാണ്. പട്ടികയിലെ സമുദായ പരിഗണന നായർ നാല് , ഈഴവ മൂന്ന്, ക്രൈസ്തവർ അഞ്ച്, മുസ്ലിം രണ്ട് എന്നിങ്ങനെയാണ്. തെക്കൻ കേരളത്തിൽ ഹിന്ദുവിഭാഗത്തിന് പുറത്തുനിന്ന് ഒരാൾ പോലുമില്ല. വടക്കൻ കേരളത്തിൽ ക്രൈസ്തവ പ്രാതിനിധ്യം ഉയരുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ