തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി ഇനി കേരളത്തിൽ നേതാക്കളുമായി ചർച്ച വേണ്ടെന്ന തീരുമാനത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. കൂടുതൽ ചർച്ചകൾ നടത്തിയാൽ എല്ലാം കുളമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ബോധ്യത്തിലാണ് ഇനി ചർച്ചകൾ ആവശ്യമില്ലെന്ന് വി.ഡി. സതീശനും കെ. സുധാകരനും തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഇരുവരും തമ്മിൽ ആശയവിനിമയം നടത്തി.

ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരാതി ഉന്നയിച്ചിരുന്നു. ഗ്രൂപ്പുകളെ തഴഞ്ഞ് കെ സി വേണുഗോപാലിന് താൽപ്പര്യമുള്ളവരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന വികാരമായിരുന്നു പൊതുവേ ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തും നൽകിയിരുന്നു. എന്നാൽ, പരിഹാര നടപടിയെന്നത് ഗ്രൂപ്പുകൾക്ക് വീണ്ടും പ്രാധാന്യംനൽകിയുള്ള ഒത്തുതീർപ്പ് ചർച്ച അല്ലെന്നാണ് സുധാകരന്റെയും സതീശന്റെയും നിലപാട്.

ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്ന് സുധാകരനും സതീശനും ആവർത്തിക്കുന്നു. ഇരുനേതാക്കളും ആരെയൊക്കെ പ്രസിഡന്റാക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. അതെല്ലാം പരിഗണിക്കുകയും ചെയ്തതാണ്. ഗ്രൂപ്പ് പരിഗണനമാത്രം അടിസ്ഥാനമാക്കി വീതംവെക്കലുണ്ടാകില്ലെന്നത് പൊതുനിലപാടാണ്. എന്നാൽ ഗ്രൂപ്പുകൾ നിർദേശിച്ച ചിലരെ പരിഗണിക്കുകയും ചെയ്യും.

മുൻ ഡി.സി.സി. പ്രസിഡന്റുമാരെയും പരിഗണിക്കുന്നില്ല. ഒന്നിലേറെ പേരുകൾ നിർദേശങ്ങളായും അല്ലാതെയും പരിഗണിക്കപ്പെട്ട ജില്ലകളിലാണ് പാനൽ നൽകിയത്. ഇതിൽ ആരെ നിശ്ചയിക്കണമെന്ന് ഹൈക്കമാൻഡിന് തീരുമാനിക്കാം. ഒപ്പം എല്ലാനേതാക്കളുടെയും നിർദ്ദേശം ഹൈക്കമാൻഡ് പരിഗണിക്കുകയും ചെയ്യുന്നുണ്ട്. പ്രസിഡന്റുമാരുടെ പട്ടികയിൽ ഉൾപ്പെട്ടവരെന്ന നിലയിൽ ചില പേരുകൾ ഉയർത്തിക്കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് പട്ടികയാകെ മോശമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷനേതാവും കെപിസിസി. പ്രസിഡന്റും കരുതുന്നത്.

അതേസമയം ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക കെ. സുധാകരൻ അനുകൂലികളുടെ സാമൂഹിക മാധ്യമ കൂട്ടായ്മയിൽ വന്നത് വിവാദമായി. സുധാകരന്റെ ബന്ധുവാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്. ഇതോടെ വിശദീകരണവുമായി കെപിസിസി. പ്രസിഡന്റ് രംഗത്തെത്തി.

അന്തിമപ്പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതവും നുണപ്രചാരണവുമാണെന്ന് സുധാകരൻ പറഞ്ഞു. പട്ടിക ഐ.സി.സി.യുടെ പരിഗണനയിലാണ്. അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാം വീതിച്ചെടുക്കുന്നു എന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്. ഈ വികാരം ശമിപ്പിക്കാനുള്ള ശ്രമങ്ങളും നേതാക്കൾ നടത്തുന്നുണ്ട്.

രാഹുൽ ഗാന്ധിക്ക് കെപിസിസി നൽകിയ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: മണക്കാട് സുരേഷ്(കെസി വേണുഗോപാൽ)
കൊല്ലം: ആർ ചന്ദ്രശേഖർ(വിഡി സതീശൻ), രാജേന്ദ്രപ്രസാദ്(കൊടിക്കുന്നിൽ സുരേഷ്)
ആലപ്പുഴ: ബാബുപ്രസാദ്(ഐ ഗ്രൂപ്പ്), എംജെ ജോബ്(കെസി വേണുഗോപാൽ)
എറണാകുളം; മുഹമ്മദ് ഷിയാസ്(വിഡി സതീശൻ), ഐകെ രാജു(ഐ ഗ്രൂപ്പ്)
കോട്ടയം: നാട്ടകം സുരേഷ്(തിരുവഞ്ചൂർ രാധാകൃഷ്ണൻ)
പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ(പിജെ കുര്യൻ)
ഇടുക്കി: സിപി മാത്യു
തൃശൂർ: അനിൽ അക്കര(ടിഎൻ പ്രതാപൻ), ജോസ് വെള്ളൂർ(കെ സുധാകരൻ)
പാലക്കാട്: എ തങ്കപ്പൻ(കെസി വേണുഗോപാൽ), എവി ഗോപിനാഥ്
മലപ്പുറം: ആര്യാടൻ ഷൗക്കത്ത്, വി എസ് ജോയ്(എ ഗ്രൂപ്പ്)
കോഴിക്കോട്: കെ പ്രവീൺ കുമാർ(കെ മുരളീധരൻ)
വയനാട്:കെകെ അബ്രഹാം(കെസി വേണുഗോപാൽ)
കണ്ണൂർ: മാർട്ടിൻ ജോർജ്(കെ സുധാകരൻ)
കാസർകോട്: ഖാദർ മങ്ങാട്(എഗ്രൂപ്പ്), നീലകണ്ഠൻ(ഐ ഗ്രൂപ്പ്)

പ്രതീക്ഷിച്ച പലരും ഈ പട്ടികയിൽ ഇല്ലെന്നതാണ് വസ്തുത. തൃശൂരിൽ പത്മജാ വേണുഗോപാലും പത്തനംതിട്ടയിൽ പഴകുളം മധുവും സാധ്യതാ പട്ടികയിൽ ഇല്ല. എറണാകുളത്ത് പിടിമുറുക്കാനുള്ള വിഡി സതീശന്റെ തന്ത്രങ്ങളും ഐ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. കണ്ണൂരിൽ മാത്രമാണ് കെ സുധാകരന് സ്വന്തം താൽപ്പര്യം ഇതുവരെ അംഗീകരിപ്പിക്കാൻ കഴിഞ്ഞത്. പാലക്കാട് വിടി ബൽറാമിന് വേണ്ടി ആരും വാദിച്ചില്ല. എവി ഗോപിനാഥ് വരണമെന്നാണ് സുധാകരന്റെ ആഗ്രഹം. അതിനെ കെസി അംഗീകരിക്കുന്നുമില്ല.

എ ഗ്രൂപ്പിലെ വിള്ളലിന് തെളിവാണ് കോട്ടയത്തെ നാട്ടകം സുരേഷിന്റെ പട്ടികയിലെ സ്ഥാനം. തിരുവഞ്ചൂരിന്റെ നിർദ്ദേശം അംഗീകരിച്ച് സ്വന്തം തട്ടകമായ കോട്ടയത്ത് ഉമ്മൻ ചാണ്ടിയെ വെട്ടുകയാണ് ഫലത്തിൽ. ചെന്നിത്തലയുടെ ജന്മനാടായ ആലപ്പുഴയിൽ പോലും ഐ ഗ്രൂപ്പിന്റെ ആഗ്രഹത്തെ കെസി വെട്ടുന്നു. വിശാല ഐ ഗ്രൂപ്പെന്ന സങ്കൽപ്പത്തെ തകർത്താണ് വിഡിയും കെ മുരളീധരനും സ്വന്തക്കാരെ ഡിസിസി പ്രസിഡന്റുമാരാക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായേക്കും. ജില്ലയിൽ നിന്നുള്ള എംപിമാർ മുന്നോട്ടുവച്ച പേര്, കെപിസിസി നേതൃത്വും ഹൈക്കമാൻഡും അംഗീകരിച്ചതായായാണ് സൂചന. കെ സുധാകരൻ ആരുടേയും പേര് നിർദ്ദേശിക്കാതിരുന്നതും പ്രവീണിന് അനുകൂലമായി.

ഐ ഗ്രൂപ്പ് എൻ സുബ്രമഹ്ണ്യന്റേയും എ ഗ്രൂപ്പ് ബാലകൃഷ്ണൻ കിടാവിന്റേയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ജില്ലയിൽ നിന്നുള്ള എംപിമാരായ കെ.മുരളീധരനും എം.കെ രാഘവനും പ്രവീൺകുമാറിന്റ പേരും മുന്നോട്ടുവച്ചു. ഈ മൂന്നുപേരുകളുമാണ് ഹൈക്കമാൻഡിന് സമർപ്പിച്ച ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. തുടർന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ പ്രവീണിനെ തന്നെ അധ്യക്ഷനാക്കണമെന്ന് എംപിമാർ ആവർത്തിച്ചു. കെപിസിസി പ്രസിഡന്റും ഇത് അംഗീകരിച്ചതോടെയാണ് പ്രവീണിന് നറുക്കുവീണതെന്നാണ് സൂചന. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിനും കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളിക്കും പ്രവീൺ വരുന്നതിനോട് എതിർപ്പില്ല. കെ സുധാകരൻ സ്വന്തം നിലയ്ക്ക് ആരുടേയും പേര് നിർദ്ദേശിക്കാതിരുന്നതും പ്രവീണിന് അനുകൂലമായെന്നാണ് നിഗമനം.