- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മീഡിയാക്കാര് പറയുമ്പോലെ ഒന്നുമില്ല...ഈ കൊച്ചൊരു പാവം'; ഡിസിപി സ്നേഹ വാക്കുകൾ പറഞ്ഞപ്പോൾ കണ്ണമാലിയിലെയും ചെല്ലാനത്തെയും തീരദേശവാസികൾക്ക് അദ്ഭുതം; കലിതുള്ളിയെത്തിയ കടലെടുത്ത വീടും ഉപകരണങ്ങളും കാട്ടി സങ്കടം പറച്ചിൽ; വഴികളുമായി ഐശ്വര്യാ ഡോങ്റെയും
കൊച്ചി: ആർത്തിരമ്പുന്ന തിരകൾ ചരിത്രത്തിലാദ്യമായി താമസിക്കുന്ന വീടിനുള്ളിലേക്ക് കലിതുള്ളിയെത്തി സംഹാരതാണ്ഡവമാടിയതിന്റെ നടുക്കം വിട്ടുമാറാതെ കണ്ണീരിനും സംഘടക്കടലിനും നടുവിൽ കഴിയുന്ന കണ്ണമാലിയിലെയും ചെല്ലാനത്തെയും തീരദേശ വാസികളെ കാണാൻ കൊച്ചി ഡി.സി.പി ഐശ്വര്യാ ഡോങ്റെ എത്തി. പരാതിയുടെയും പരിഭവത്തിന്റെയും ഭാണ്ഡക്കെട്ടുകളാണ് തീരദേശ വാസികൾ അവർക്ക് മുന്നിലേക്ക് അഴിച്ചിട്ടത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ജനപ്രതിനിധികളുടെ മുഖം തിരിച്ചുള്ള നടപ്പും മറ്റാവലാതികളും ദുരിതബാധിതർ പറയുമ്പോൾ എല്ലാം ക്ഷമയോടെ കേട്ട് ആശ്വസിപ്പിക്കുകയായിരുന്നു യുവ ഐ.പി.എസുകാരി. മാധ്യമങ്ങളിലൂടെ കേട്ട് പരിചയമുള്ള ഉദ്യോഗസ്ഥരെ വിറപ്പിച്ചിരുന്ന ഡി.സി.പിയുടെ സ്നേഹം നിറഞ്ഞ വാക്കുകളും ആശ്വസിപ്പിക്കലും നേരിട്ടറിഞ്ഞപ്പോൾ തീരദേശ വാസികൾക്ക് കണ്ണീരിനിടിലും പുഞ്ചിരി വിരിഞ്ഞു. പൊലീസിനാൽ കഴിയുന്ന എല്ലാ സഹായങ്ങളും അവർക്ക് നൽകുമെന്ന് ഐശ്വര്യ ഡോങ്റെ ഉറപ്പ് നൽകി. ഇതിനായി മട്ടാഞ്ചേരി എ.സി.പിക്ക് നിർദ്ദേശവും നൽകി.
ഓരോ ഇടങ്ങളിൽ ചെല്ലുമ്പോഴും ഓരോരുത്തർക്കും ഓരോ പരാതികളായിരുന്നു. 'കഴിഞ്ഞ 26 വർഷമായി വീട്ടിൽ വെള്ളം കയറുന്നു' എന്ന ദുരിതമാണ് 70 വയസുള്ള ഒരു അമ്മ കണ്ണമ്മാലിയിൽ ഡിസിപിക്കു മുന്നിൽ കരഞ്ഞു പറഞ്ഞത്. ഇതു കേട്ട് ഡിസിപിയും ഒരു നിമിഷം സങ്കടത്തിലായി. ഏറെ വികാരപരമായാണ് പ്രദേശവാസികൾ അവരെ സ്വീകരിച്ചത്. സ്വന്തം വീടിന്റെ ദുരിതാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ സ്ത്രീകൾ അവരെ നിർബന്ധിച്ചുകൊണ്ടിരുന്നു. വീടുകളിൽ വെള്ളം കയറാതിരിക്കാൻ തറ ഉയർത്തിക്കെട്ടണം, സിറ്റൗട്ട് വഴി വെള്ളം കയറാതിരിക്കാൻ ഇഷ്ടികയ്ക്കു പകരം കോൺക്രീറ്റ് ഉപയോഗിച്ച് തട നിർമ്മിക്കണം തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം നൽകിക്കൊണ്ടായിരുന്നു അടുത്ത വീടുകളിലേയ്ക്കുള്ള യാത്ര.
ചെല്ലാനത്തെ ദുരിതാശ്വാസ ക്യാംപിലെ വെള്ളമടിക്കുന്ന പമ്പു വർക്കു ചെയ്യുന്നില്ല, ടാങ്കിൽ വെള്ളമില്ല എന്നായിരുന്നു ഐശ്വര്യ ഡോങ്റെ ചെല്ലാനത്തെ ദുരിത്വാശ്വാസ ക്യാംപിലെത്തിയപ്പോൾ അന്തേവാസികൾ പരിഭവം പറഞ്ഞത്. സംഭവം അറിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്ന എ.സി.പിയും സിഐയും ഉൾപ്പടെയുള്ള പൊലീസുകാർ. റവന്യു ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് പരാതി. എത്രയും വേഗം ഒരാളെ സംഘടിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ പൊലീസുകാർക്കു ഡിസിപി നിർദ്ദേശം നൽകി. മാധ്യമങ്ങളെ അറിയിക്കാതെ മട്ടാഞ്ചേരി എ.സി.പി ജി.ഡി. വിജയകുമാർ, കണ്ണമ്മാലി സിഐ ജോൺ തുടങ്ങിയവർക്കൊപ്പമായിരുന്നു ഡി.സി.പിയുടെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദർശനം. അവിചാരിതമായി മറുനാടൻ സംഘം ഇവിടെയെത്തിപ്പോഴായിരുന്നു ഡി.സി.പിയുടെ സന്ദർശന വിവരം അറിയുന്നത്
സഹായിക്കാനെത്തുന്നവരെ പ്രദേശത്തെക്കു കടത്തിവിടുന്നില്ല എന്നായിരുന്നു അടുത്ത പരാതി. വീട്ടിനുള്ളിലെ ചെളി നീക്കാൻ കഴിയുന്നില്ല, സന്നദ്ധ പ്രവർത്തരെ പൊലീസ് കടത്തി വിടുന്നില്ല തുടങ്ങിയ പരാതികളുമായി എത്തിയവരും നിരവധി. സന്നദ്ധ പ്രവർകരുടെയും പൊലീസിന്റെയും സഹായമുണ്ടാകുമെന്നായിരുന്നു ഇവരോടുള്ള ഐശ്വര്യയുടെ ഉറപ്പ്. കണ്ണമ്മാലിയിലേയ്ക്കും ചെല്ലാനത്തേയ്ക്കും സഹായത്തിനായി എത്തുന്ന സന്നദ്ധ പ്രവർത്തകരിൽ ഒരാളെയും തടയരുത് എന്ന് അപ്പോൾ തന്നെ എ.സി.പിക്കു നിർദ്ദേശം നൽകി. ഒപ്പം പരിധിയിലുള്ള എല്ലാ സ്റ്റേഷനിലേയ്ക്കും സന്ദേശം കൈമാറി. ഭക്ഷണ സാധനങ്ങളുടെ ലഭ്യത, മരുന്ന് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചവർക്കായും അപ്പോൾ തന്നെ ഡിസിപിയുടെ ഇടപെടലുണ്ടായി.
അവശ്യ സാധനങ്ങൾക്ക് ലഭ്യതക്കുറവുണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടണം. മാസ്ക് ഉൾപ്പടെയുള്ള സാധനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കണമെന്നുമാണ് നാട്ടുകാരോടു പറഞ്ഞത്.
സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കൃത്യമായ മുൻകരുതലോടെ വേണം കാര്യങ്ങൾ ചെയ്യാൻ. എപ്പോഴും എന്തൊരു ആവശ്യത്തിനും മുന്നിട്ടിറങ്ങാൻ മനസു കാണിക്കണമെന്നു നിർദ്ദേശിക്കാനും മറന്നില്ല.
എന്താവശ്യത്തിനും തന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന ഉറപ്പും നൽകിയായിരുന്നു ഡി.സി.പിയുടെ മടക്കം.
ദിവസങ്ങളായി ചെല്ലാനത്തെയും കണ്ണമ്മാലിയിലെയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിട്ടു കണ്ടു തീരുമാനങ്ങൾ എടുക്കുന്നതിനും പൊലീസിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് കഴിഞ്ഞ ദിവസം നേരിട്ടെത്തിയതെന്ന് അവർ മറുനാടനോടു പറഞ്ഞു. സ്ഥിരമായ പ്രശ്ന പരിഹാരമാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്. ഓഖി വന്നപ്പോഴുണ്ടായതു പോലെ പ്രത്യേക സാഹചര്യമാണ് കൊച്ചി തീരദേശത്തുണ്ടായത്. പ്രധാനമായും കോവിഡ് വ്യാപനം രൂക്ഷമായ നിയന്ത്രിത മേഖലയാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ ഇവിടെയെത്തി എന്തെങ്കിലും ചെയ്യാനും ആളുകൾക്കും പേടിയുമുണ്ട്. കടൽ വെള്ളം കയറി ദുരിതത്തിലായ ഇവർക്കു വേണ്ട എല്ലാ പിന്തുണയും സിറ്റി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.
ദുരിതത്തിൽപെട്ടവർക്ക് വേണ്ട വസ്ത്രം ഭക്ഷണം എല്ലാം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. ജന പ്രതിനിധികളുമായും ക്യാംപിലും മറ്റും താമസിക്കുന്നവരോടും സംസാരിച്ചു. പ്രായമായ സ്ത്രീകൾ മൂന്ന് അമ്മച്ചിമാർ വന്നു സങ്കടങ്ങൾ പറഞ്ഞു. ഇവരോടു സംസാരിച്ചപ്പോഴാണ് എന്തെല്ലാമാണ് പൊലീസിന്റെ ഭാഗത്തു നിന്നു വേണ്ടത് എന്നു മനസിലാക്കാനായത്.
പലർക്കും വീടുകൾ നഷ്ടപ്പെടുകയൊ താമസയോഗ്യം അല്ലാതാകുകയൊ ചെയ്തിട്ടുണ്ട്. ജോലിക്കു പോകാൻ സാധിക്കാത്തതിനാൽ വരുമാനവും നിലച്ചവരാണ് ഏറെയും. പ്രദേശം പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. പൊലീസിന്റെ ഇവിടുത്തെ പ്രവർത്തനങ്ങളിൽ ജനങ്ങളും സംതൃപ്തരാണെന്നാണ് മനസിലായത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തീരദേശ സേനയെയും പൊലീസിനെയും അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള ഒരു പരിശ്രമം അവിടെ ആവശ്യമാണ്. ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പറയുന്നതും കേൾക്കുന്നതും തീരുമാനം എടുക്കാൻ ആവശ്യമാണെന്നും ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.