ന്നെ വിട്ടുപോയ ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ ഭർത്താവ് ആറുവയസ്സുള്ള മകളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്നശേഷം തൂങ്ങിമരിച്ചു. താൻ കൊലപ്പെടുത്തിയ വളർത്തുനായകളുടെ ജഡങ്ങൾക്കൊപ്പം മകളുടെയും മൃതദേഹം വച്ചശേഷമായിരുന്നു തൂങ്ങിമരണം. 'എന്നെ നീ വെറുംകൈയോടെ നിരാശനാക്കി. നിനക്കിനി ശേഷിക്കുന്നത് ഓർമ്മകൾ മാത്രമായിരിക്കും' എന്ന് എസ്.എം.എസ് ചെയ്തശേഷമായിരുന്നു ഭർത്താവ് ഈ കൊടുംകൈ ചെയ്തത്.

ഐൽ ഓഫ് വിറ്റിൽനിന്നാണ് ഈ ദുരന്ത കഥ. 44-കാരനായ ഡാരനാണ് മകൾ കെസിയ ഫ്‌ലൂക്‌സിനെ ബാത്ത്ടബ്ബിൽ മുക്കിക്കൊന്നത്. മകളുടെയും പ്രിയപ്പെട്ട വളർത്തുനായകളുടെയും മൃതദേഹങ്ങൾ കിടപ്പുമുറിയിൽ ഒരുമിച്ച് കിടത്തുകയും ചെയ്തിരുന്നു. വളർത്തുനായകളെയും ഡാരൻ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് കരുതുന്നു. 12 വർഷം നീണ്ട ദാമ്പത്യമുപേക്ഷിച്ച് ഭാരയ നിക്കി ഫ്‌ലുക്‌സ് എഡ്മണ്ട്‌സ് പോയതിന്റെ നിരാശയിലായിരുന്നു ഡാരൻ. ഭാര്യയ്ക്ക് 25 മിനിറ്റ് ദൈർഘ്യമുള്ള വോയ്‌സ് ക്ലിപ്പ് അയച്ചശേഷമായിരുന്നു ഡാരന്റെ ആത്മഹത്യ. നിക്കിയെ അഭിനന്ദിച്ചുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്.

കടുത്ത വിഷാദരോഗിയായിരുന്നു ഡാരനെന്നാണ് സൂചന. ഇതിന് പലവട്ടം ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ഭാര്യയെയും മകളെയും കൊലപ്പെടുത്തുന്നത് സ്വപ്‌നം കാണുന്നതായിരുന്നു ഡാരന്റെ മനോവൈകല്യങ്ങളിലൊന്ന്. ഇക്കൊല്ലം ഏപ്രിലിലാണ് നിക്കി ബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, മകളെ വിട്ടുകൊടുക്കാൻ ഡാരൻ തയ്യാറായിരുന്നില്ല. മകളെ നിക്കി നിരന്തരം വന്നുകാണാറുണ്ടായിരുന്നു. മകളെക്കണ്ട് മടങ്ങിയതിന് തൊട്ടുപിന്നാലെയായിരരുന്നു ഡാരന്റെ പ്രവർത്തിയെന്നാണ് പൊലീസ് കരുതുന്നത്.

തന്റെ ഫോണിലേക്ക് ഡാരന്റെ സന്ദേശം വന്നയുടൻ നിക്കി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വീട്ടിലെത്തി നോക്കുമ്പോൾ ഡാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ വളർത്തുനായ്ക്കളുടെ ജഡങ്ങൾക്കൊപ്പം കെസിയയെയും പൊലീസ് കണ്ടെത്തി. കെസിസയയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തന്റെ ജീവിതം എന്നേയ്ക്കുമായി അവസാനിച്ചുവെന്നാണ് ദുരന്തത്തെക്കുറിച്ച് നിക്കി പ്രതികരിച്ചത്.