കോട്ടയം: കോട്ടയം മാങ്ങാനത്ത് ചാക്കിൽകെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാൽ ആരാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. റോഡരികിലെ പാടശേഖരത്താണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോട്ടയം പുതുപ്പള്ളി റോഡിൽ മാങ്ങാനം മുണ്ടകപാടത്ത് റോഡിന് സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വെട്ടിനുറുക്കിയ നിലയിൽ രണ്ടുചാക്കുകളിലായാണ് ശരീരാവശിഷ്ടങ്ങളുള്ളത്. ഏകദേശം അഞ്ചുദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലായതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. തല അവശിഷ്ടങ്ങൾക്കൊപ്പം ഇല്ലാത്തതിനാൽ പൊലീസിനും സംഭവത്തിൽ കാര്യമായി പിടികിട്ടിയിട്ടില്ല.

രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന രണ്ട് കാലുകൾ ചാക്കിന് വെളിയിലേക്ക് തള്ളിനിൽക്കുന്നതായി കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് സമീപവാസിയായ ബിജു പറഞ്ഞു.

ഡോഗ് സ്വാഡും ഫോറൻസിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹ അവശിഷ്ടങ്ങൾ അഴുകിയതിനാൽ ഡിഎൻഎ പരിശോധനയടക്കമുള്ള ശാസ്ത്രീയ മാർഗങ്ങളിലൂടെ മാത്രമെ ആരുതേടാണെന്ന് തിരിച്ചറിയാനാകുവെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് കാണാതായവരുടേതുൾപ്പടെയുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കോട്ടയം ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.