പാലക്കാട്: കോന്നിയിൽ നിന്നു കഴിഞ്ഞ ദിവസം കാണാതായ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ മൃതദേഹം പാലക്കാട്ട് റെയിൽവെ ട്രാക്കിൽ നിന്നു കണ്ടെത്തി. കോന്നി ഐരവൺ തിരുമല വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൾ ആതിര ആർ നായർ, തേക്കുതോട് പുത്തൻപറമ്പിൽ വീട്ടിൽ സുജാതയുടെ മകൾ എസ് രാജി എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്.

ഇവർക്കൊപ്പമുണ്ടായിരുന്ന ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ സുരേഷിന്റെ മകൾ ആര്യ കെ സുരേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. മങ്കര-ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയ്ക്ക് പേരൂർ പൂക്കാട്ടുകുന്ന് റയിൽവേ ട്രാക്കിലാണ് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ മൃതദേഹം റയിൽവേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്. മരിച്ച ഒരു കുട്ടിയുടെ കൈവെള്ളയിൽ ആതിര ആർ നായർ, തിരുമല വീട്, ഐരവൻ പിഒ, കോന്നി, പത്തനംതിട്ട എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ട്രെയിനിൽ നിന്നു താഴേക്കു വീണാണ് അപകടമെന്നും അതല്ല, ട്രെയിനിനു മുന്നിലേക്കു എടുത്തു ചാടിയതാണെന്നും രണ്ടു വാദങ്ങൾ ഉയരുന്നുണ്ട്. യാത്രക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്.

കോന്നി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് മരിച്ച വിദ്യാർത്ഥിനികൾ. യൂണിഫോമും അണിഞ്ഞ് സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകിട്ട് വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഹൈസ്‌കൂൾ കാലം മുതൽ ഒന്നിച്ചു പഠിച്ചിട്ടുള്ള അടുത്ത സുഹൃത്തുക്കളാണ് ഈ പെൺകുട്ടികൾ. മരിച്ച ഒരു കുട്ടിയുടെ കൈവെള്ളയിൽ പേരെഴുതിയിരുന്ന സാഹചര്യത്തിലാണ കോന്നിയിൽ കാണാതായ കുട്ടികളാണ് ഇവരെന്ന സംശയം ഉയർന്നത്. ഇത് പൊലീസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.

ഈ മാസം പത്തിനാണ് പെൺകുട്ടികളെ കോന്നിയിൽ നിന്നു കാണാതായത്. സ്‌കൂളിലേക്ക് പോയ കുട്ടികൾ തിരിച്ച് വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ കോന്നി പൊലീസ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ആത്മഹത്യാ വാർത്ത എത്തുന്നത്. കാണാതായ ദിവസം വൈകിട്ടു പെൺകുട്ടികളെ മാവേലിക്കരയിൽ വച്ച് ചിലർ കണ്ടിരുന്നു. തുടർന്ന് രാത്രി കോന്നി സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് മാവേലിക്കരയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിദ്യാർത്ഥിനികളുടെ കൈയിൽ മൊബൈൽ ഫോണുകളില്ലാത്തതും അന്വേഷണത്തെ ബാധിച്ചു. ഫോണില്ലാത്തതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല. മാവേലിക്കരയിൽ നിന്ന് ഇവർ ട്രെയിൻ കയറിയെന്ന വിവരം മാത്രമാണ് ലഭ്യമായിരുന്നത്. അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ പെൺകുട്ടികളുടെ മരണ വാർത്ത അറിയുന്നത്.

പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ പുറത്തുപോകാതിരിക്കാൻ പൊലീസ് കഴിഞ്ഞ ദിവസം വരെ ശ്രദ്ധിച്ചെങ്കിലും ഒടുവിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ, ഇതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം, ഇവർ വീടുവിട്ടിറങ്ങിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, പെൺകുട്ടികൾ തൃശൂരിൽ എത്തിയിരുന്നില്ല എന്നാണു പൊലീസ് പറയുന്നത്. കോന്നിയിൽ നിന്നു പാലക്കാടുവരെ പെൺകുട്ടികൾ എങ്ങനെ എത്തിയെന്നുള്ള കാര്യവും അറിയാനായിട്ടില്ല.

ഇവരുടെ തിരോധാനം വീട്ടുകാരെ എല്ലാം ഞെട്ടിച്ചിരുന്നു. പഠനത്തിൽ മിടുക്കികളായിരുന്ന ഇവർക്കെതിരെ ഒരു പരാതിയും എവിടെ നിന്നും ഉയർന്നിരുന്നില്ല. സംശയത്തിന്റെ പ്രശ്‌നവും വന്നില്ല. ഇതെല്ലാം ഇവരുടെ ഒളിച്ചോട്ടത്തിന്റെ ദുരൂഹത കൂട്ടിയിരുന്നു.