- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറി നിറയെ കടുത്ത വിഷവാതകമാണ്..; വരുന്നവർ ശ്വസിക്കരുത്.. തീപ്പെട്ടി കത്തിക്കരുത്; ഡൽഹിയിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യക്കുറിപ്പിൽ രക്ഷാപ്രവർത്തകർക്കുള്ള മുന്നറിയിപ്പും; കൂടുംബത്തിന്റ ആത്മഹത്യ ഭർത്താവിന്റെ മരണത്തെത്തുടർന്നെന്ന് പ്രഥമിക നിഗമനം; സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്
ന്യൂഡൽഹി ഡൽഹിയിലെ ഫ്‌ളാറ്റിൽ അമ്മയും രണ്ടു പെൺമക്കളും വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വസന്ത് വിഹാർ സ്വദേശിനിയായ മഞ്ജു ശ്രീവാസ്തവ (50), മക്കളായ അൻഷിക, അങ്കു എന്നിവരാണ് മരിച്ചത്. തീപടർന്ന് പിടിക്കാൻ സാധ്യതയുള്ളതിനാൽ ഫ്‌ളാറ്റിലെത്തുന്നവർ തീപ്പെട്ടി കത്തിക്കരുതെന്ന് ഉൾപ്പെടെയുള്ള മുന്നറിയിപ്പാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
'വളരെയധികം മാരക വാതകമായ കാർബൺ മോണോക്‌സൈഡാണ് ഉള്ളിൽ. ഇതു കത്തുന്നതാണ്. ജനൽ തുറന്ന് ഫാൻ ഓൺ ആക്കി മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കണം. തീപ്പെട്ടിയോ മെഴുകുതിരിയോ മറ്റെന്തെങ്കിലുമോ കത്തിക്കരുത്. കർട്ടൻ നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കാരണം മുറി നിറയെ അപകടകാരിയായ വാതകമാണ്. ശ്വസിക്കരുത്.' ഇംഗ്ലിഷിലുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
മുറിയിൽനിന്നു വിഷവാതകം പുറത്തേക്ക് വരുന്നില്ലെന്നും ഉൾവശം ആർക്കും കാണാനാകില്ലെന്നും ഉറപ്പാക്കാൻ എല്ലാ വാതിലുകളും ജനലുകളും പോളിത്തീൻ കവർ കൊണ്ടു മറച്ചിരുന്നു. ഇത് ഓൺലൈനായി ഓർഡർ ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പാചകവാതക സിലിണ്ടർ തുറന്നുവച്ച നിലയിലായിരുന്നു. ശേഷം അംഗിതി (കൽക്കരി തീ) എന്ന പ്രത്യേക തരം അടുപ്പ് കത്തിച്ചുവച്ചു.
കൽക്കരി തീ വായുസഞ്ചാരമില്ലാത്ത ഫ്‌ളാറ്റിൽ വിഷാംശമുള്ള കാർബൺ മോണോക്‌സൈഡ് അടിഞ്ഞുകൂടാൻ ഇടയാവുകയും മൂന്നുപേരും വിഷവാതകം ശ്വസിച്ച് മരിക്കുകയുമായിരുന്നു. കിടപ്പുമുറിയിൽ നിന്നാണ് മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്.
മഞ്ജു ശ്രീവാസ്തവയുടെ ഭർത്താവ് ഉമേഷ് ചന്ദ്ര ശ്രീവാസ്തവ കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അന്നുമുതൽ കുടുംബം വിഷമത്തിലായിരുന്നുവെന്നും വീട്ടുജോലിക്കാരും അയൽക്കാരും പൊലീസിനോട് പറഞ്ഞു. മഞ്ജു കടുത്ത വിഷാദത്തിലായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ