കൊച്ചി: 'ചേച്ചി ഇനി ക്ഷേത്രത്തിൽ പോകുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ പറയണം ചേട്ടാ..' സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്ന പോസ്റ്റു കാർഡിലെ വരികളാണ് ഇത്. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വന്തം വാഹനത്തിലെത്തിയ ഹൈക്കോടതി ജസ്റ്റിസിനെ ആളറിയാതെ ചേട്ടാ.. എന്ന് വിളിച്ചതിന്റെ പേരിൽ പൊലീസുകാരെ കൊണ്ട് ഇമ്പോസിഷൻ എഴുതിപ്പിച്ച നടപടിയിൽ സേനയിൽ അമർഷം പുകയുന്നതിന് ഇടെയാണ് ഇത്തരമൊരു കത്തും സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്.

പൊലീസുകാരെ കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച ന്യായാധിപന്റെ നടപടി മാടമ്പിത്തരത്തിന്റെ തെളിവെന്ന് വിവിധ കോണുകളിൽ നിന്നും ഇതിൽ അഭിപ്രായം ഉയരുകയും ചെയ്തു. ഇതിനിടെ പൊലീസ് സേനയിലുള്ള അമർഷത്തിന്റെ തെളിവായി ഒരു കത്തും പുറത്തുവന്നത്.

ഒരു പൊലീസുകാരന്റെ ഭാര്യ എന്നവകാശപ്പെട്ട് സൗമ്യയെന്ന പേരിലാണ് ന്യായാധിപന് കത്തെഴുതിയിരിക്കുന്നത്. പ്രിയപ്പെട്ട രാജേട്ടാ.. എന്ന് ബഹുമാന പൂർവ്വം അഭിസംബോധന ചെയ്ത കത്താണ് പോസ്റ്റ് കാർഡിലൂടെ അദ്ദേഹത്തിന്റെ വിലാസത്തിൽ അയച്ചു നൽകിയത്. പൊലീസുകാർ അനുഭവിക്കുന്ന കഷ്ടതകൾ പറഞ്ഞങ്ങുകൊണ്ടാണ് പോസ്റ്റു കാർഡിൽ സൗമ്യ രഘു കത്തെഴുതിയത്. കത്തിൽ നാലിടത്താണ് ചേട്ടാ എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത്.

അടുത്തിടെ കോഴിക്കോട് ആത്മഹത്യ ചെയ്ത പൊലീസുകാരൻ ഷാജിയുടെ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് കത്ത്. ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന പൊലീസുകാരുടെ ഭർത്താക്കന്മാരെ അപമാനിക്കരുതെന്നാണ് കത്തിൽ സൗമ്യ വ്യക്തമാക്കുന്നത്. ഷാജി അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക സമ്മർദ്ദം ആയിരുന്നെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു.

കത്തിൽ പറയുന്നത് ഇങ്ങനെയാണ്:

പ്രിയപ്പെട്ട രാജേട്ടാ..

അങ്ങേയ്ക്കും ഭാര്യയ്ക്കും സുഖം തന്നെയല്ലേ. ഞാൻ ഒരു പൊലീസുകാരന്റെ ഭാര്യയാണ് ചേട്ടാ. ജീവനും ജോലിക്കും യാതൊരു ഉറപ്പും ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പൊലീസുകാരന്റെ ഭാര്യ. ഷാജിസാർ ആത്മഹത്യ ചെയ്തത് അതിന് ഉദാഹരണമാണ്. ഞങ്ങൾ പൊലീസുകാരുടെ കുടുംബത്തിനും മനുഷ്യാവകാശങ്ങളും ആത്മാഭിമാനങ്ങളും ഉണ്ട് ചേട്ടാ. ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന ഞങ്ങളുടെ ഭർത്താക്കന്മാരെ അച്ചടക്കത്തിന്റെ പേരിൽ അപമാനിക്കല്ലേ ചേട്ടാ.. ചേച്ചി ഇനി ക്ഷേത്രത്തിൽ പോകുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ പറയണം ചേട്ടാ.. കാരണം ഞങ്ങൾക്ക് ദൈവം മാത്രമേ സഹായത്തിനുള്ളൂ ചേട്ടാ..

സ്‌നേഹപൂർവ്വം
സൗമ്യ രഘു

ഇത്തരമൊരു കത്ത് പുറത്തുവന്നത് തന്നെ പൊലീസ് സേനയിലെ അമർഷത്തിന്റെ സൂചനയാണ്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്‌സ്റ്റേഷനിലെ രണ്ടു സിവിൽ പൊലീസുകാരെയാണ് ജഡ്ജിയെ ചേട്ടാ എന്ന് വിളിച്ചതിന്റെ പേരിൽ ഹൈക്കോടതിയിൽ വിളിച്ചുവരുത്തി പൊലീസ് മാനുവൽ ഇമ്പോസിഷൻ എഴുതിപ്പിക്കുകയും, കോടതി പിരിയുന്നതുവരെ കോടതിയിൽ നിർത്തിക്കുകയും ചെയ്തത്. സംഭവത്തെ അപലപിച്ച് അഡ്വ ജയശങ്കർ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.

ജഡ്ജിക്കെതിരെ അപമര്യാദയായി പെരുമാറിയെന്നാരോപിക്കുന പൊലീസുകാർക്കെതിരെ സർവീസ് തലത്തിൽ നടപടി എടുക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതോടൊപ്പം ഇവരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ തടഞ്ഞുവയ്ക്കാൻ സാദ്ധ്യതകളുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്നു കിട്ടുന്ന വിവരം. എന്തായാലും പൊലീസുകാരന്റെ കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.