റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെ ഹുത്ത സുദൈറിൽ മലിനജല ടാങ്കർ മറിഞ്ഞാണ് കോഴിക്കോട് താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പിൽ മുനാസിർ ആണ് മരിച്ചത്. 24 വയസ് മാത്രമായിരുന്നു പ്രായം. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം. ടാങ്കർ റോഡിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മുനാസിർ മരിച്ചു. മുനാസിർ ആയിരുന്നു ടാങ്കർ ഓടിച്ചിരുന്നത്.

സമസ്ത ജംഇയ്യത്തുൽ ഉലമ നേതാവ് നാസർ ഫൈസി കൂടത്തായിയുടെ സഹോദര പുത്രനാണ് മുനാസിർ. തുമൈറിൽ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്. മാതാവ്: സറീന. ഫർഹത്ത് ജാബിൻ സഹോദരിയാണ്. അവിവാഹിതനാണ്. ഹുത്ത സുദൈറിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പിതാവിനെ സഹായിക്കുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്, ഹുത്ത സുദൈർ കെ.എം.സി.സി, തുമൈർ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.