ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കൊറോണാ ബാധയെത്തുടർന്ന് മരണപ്പെടുന്നവരിൽ മലയാളികൾ ഉൾപ്പെടുന്ന സംഭവങ്ങൾ തുടരുകയാണ്. ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ മക്കയിലും ജിദ്ദയിലുമായി മരിച്ച മൂന്ന് മലയാളികളും ഉൾപ്പെടുന്നു. മക്കയിൽ കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോ പേർ വീതവും ജിദ്ദയിൽ പാലക്കാട് നിന്നുള്ള മറ്റൊരാളുമാണ് ശനിയാഴ്ച മരിച്ചത്.

കാസർകോട് സ്വദേശി വലിയിടത്ത് മാടത്തടുക്ക അബ്ദുല്ല കുഞ്ഞി (51), മലപ്പുറം, തിരൂരങ്ങാടി, മൂന്നിയൂർ, പാറക്കടവ് സ്വദേശി മതാരി കോച്ചിലോടത്ത് സൈതലവി (57) എന്നിവരാണ് മക്കയിൽ കൊറോണാ ചികിത്സയിലായിരിക്കെ ശനിയാഴ്ച മരിച്ചത്. മക്കയിലെ ഹിറ ആശുപത്രിയിൽ ഏതാനും ദിവസമായി ഇരുവരും ചികിത്സയിലായിരുന്നു. മക്കയിലെ രണ്ടു സൂപ്പർമാർക്കറ്റുകളിലെ ജീവനക്കാരായിരുന്നു ഇരുവരും.

പതിനഞ്ചു വർഷത്തിലേറെയായി മക്കയിൽ പ്രവാസിയായ അബ്ദുല്ല കുഞ്ഞി മക്ക ഹറമിനു സമീപമുള്ള ഒരു സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. മാമു- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

25 വർഷത്തോളമായി മക്കയിലുള്ള സൈതലവി നവരിയിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പരേതരായ മുഹമ്മദ് ഹാജി-മണമ്മൽ പാത്തുക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റാബിയ ചെറുമുക്ക്. മക്കൾ: ഖാലിദ് (ജിസാൻ), സമീർ, അശ്റഫ് ഇരുവരും ബേക്കറി, ജഗല്ലൂർ), ഫാത്തിമ ഷെറിൻ, ബിൻഷാദ്. മരുമകൾ: സജ്ന ആലിങ്ങതൊടി.

ഇരുവരുടെയും മൃതദേഹങ്ങൾ മക്കയിൽ തന്നെ നടത്താനുള്ള ശ്രമങ്ങൾ കെ എം സി സി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ മരണപ്പെട്ട പാലക്കാട് സ്വദേശിക്ക് കടുത്ത ശ്വാസകോശ പ്രശ്‌നമാണ് ഉണ്ടായത്. പാലക്കാട്, ചേർപ്പുളശ്ശേരി, കച്ചേരിക്കുന്ന് സ്വദേശി പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെയും ജമീലയുടെയും മകൻഅബ്ദുൽ കരീം (52) ആണ് മരിച്ചത്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ: ഉമൈബ, മക്കൾ: ആഷിഫലി, ഹസീന, മരുമകൻ: നസീർ (ജിദ്ദ).

എട്ടു വർഷത്തോളമായി ജിദ്ദ അൽഖുംറയിൽ പ്രിൻസ് ടൈലറിങ് കമ്പനിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുകയായിരുന്നു. അബ്ദുൾകരീമിന്റെ മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കും. ഇതിനുള്ള നടപടികൾ മരുമകൻ നസീറിന്റെയും കെ എം സി സി പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.