ജിദ്ദ: മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ടു പ്രവാസികൾ കഴിഞ്ഞ ദിവസം ജിദ്ദയിൽ മരണപ്പെട്ടു. എടവണ്ണ മേത്തലങ്ങാടിയിലെ ആര്യൻതൊടിക ഷൗക്കത്ത് (59) ആണ് മരണപ്പെട്ട ഒരാൾ. കാളികാവ് പള്ളിക്കുന്ന് തിരുത്തുമ്മൽ സ്വദേശി മമ്പാടൻ അബ്ദുൽ നാസർ (53) ആണ് മരണപ്പെട്ട മറ്റൊരാൾ. രണ്ടു പേരും ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരിച്ചത്.

പതിനഞ്ചു വർഷങ്ങളായി മക്കയിൽ ഹറം ഷെരീഫിന് സമീപം ജോലി ചെയ്യുന്ന ഷൗക്കത്ത് നാട്ടിലേയ്ക്ക് പോകുന്ന വഴി മദ്ധ്യേയാണ് അസുഖബാധിതനാകുന്നതും പിന്നീട് മരിക്കുന്നതും. വെള്ളിയാഴ്ച വൈകിട്ട് ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജിദ്ദ മഹ്ജർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൗക്കത്തിനെ രാത്രിയോടെ അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ഭാര്യ: കൊട്ടക്കോടൻ സൽമാബി (പൊങ്ങല്ലൂർ), മക്കൾ: മുഹമ്മദ് ഷാൻ, ആയിശ സമർ, ആയിശ സഹർ, സന മറിയം. മരുമക്കൾ: അക്‌ബർ അലി (ഓടായിക്കൽ), ഹിജാസ് (മലപ്പുറം). സഹോദരങ്ങൾ: അഹമ്മദ് കുട്ടി (കല്ലിടുമ്പ്), മുഹമ്മദ് (റിട്ട: സെയിൽസ് ടാക്‌സ് ജീവനക്കാരൻ), ഖദീജ (എളമ്പിലക്കോട്), റുഖിയ (പയ്യനാട്), പരേതയായ ഫാത്തിമകുട്ടി (കിഴക്കേതല).

എടവണ്ണയിലെ മുൻ കാല ഫുട്‌ബോൾ താരമായിരുന്നു. ഗോളി, റഫറി എന്നീ നിലകളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂന്നു വർഷം മുമ്പാണ് ഷൗക്കത്ത് നാട്ടിൽ പോയി മടങ്ങിയത്. ഞായറാഴ്ച ഹറമിൽ വെച്ചുള്ള ജനാസ നിസ്‌കാരത്തിന് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കി.

കാളികാവ് സ്വദേശി അബ്ദുൾനാസർ മരണപ്പെട്ടതും ഹൃദയാഘാതം മൂലമായിരുന്നു. ജിദ്ദയിലെ ഹലഗ പ്രദേശത്തുള്ള താമസസ്ഥലത്ത് വെച്ച് തിങ്കളാഴ്ച രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു ഹൃദയാഘാതവും മരണവും. മൂന്ന് പതിറ്റാണ്ടുകളായി പ്രവാസിയായ അബ്ദുൾനാസർ പ്രവാസം അവസാനിപ്പിച്ച് ഈ ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

പിതാവ്: മൊയ്തീൻ, മാതാവ്: ഫാത്വിമ, ഭാര്യ: ലൈല, മക്കൾ: അസ്മ സുൽത്താന, അസ്ഹദ്, ഇൻഷാദ്, ഇർഷാദ്, മരുമക്കൾ: സമീർ, ഫാത്വിമ, ഫെബിന.

പെട്രോൾ സ്റ്റേഷൻ ജീവനക്കാരനായിരുന്നു. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് അനന്തര നടപടികൾക്കായി രംഗത്തുള്ള സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.