ജിദ്ദ: റിയാദ് നഗരത്തിൽ നിന്ന് ഇരുനൂറ് കിലോമീറ്റർ പടിഞ്ഞാറുള്ള ദവാദമിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരണപ്പെട്ടു. മരിച്ചവരിൽ ഒരു മലയാളി യുവാവും ഉൾപ്പെടുന്നു. കൊല്ലം, ആഴൂർ, വട്ടപ്പാറ സ്വദേശി ജംഷീർ (28) ആണ് മരിച്ച മലയാളി. സ്വദേശികളായ രണ്ട് പേർ, അപകടത്തിൽ പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവർ എന്നിവരാണ് മരണപ്പെട്ട മറ്റുള്ളവർ.

ദവാദ്മിയിലെ അൽഖിർന അറാംകോ റോഡിൽ വ്യാഴാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. വാനും പിക്കപ്പും ട്രെയ്ലറും കൂട്ടിയിടിക്കുകയും അഗ്‌നിബാധയുണ്ടാവുകയും ചെയ്യുകയുമായിരുന്നു.

ജംഷീറിന്റെ സഹയാത്രികനായിരുന്ന സുധീർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവർ സഞ്ചരിച്ചിരുന്ന വാനിനെ മറികടക്കാൻ പിക്കപ്പ് വാഹനം നടത്തിയ ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതിനിടെ ട്രെയ്ലറും വാനും കൂട്ടിയിടിക്കുകയും ചെയ്തു. സംഭവത്തിൽ ട്രെയ്ലറും വാനും അഗ്‌നിക്കിരയാവുകയും ചെയ്തു.

ആറ് മാസം മുമ്പ് മാത്രമാണ് ജംഷീർ പുതിയ വിസയിൽ റിയാദിലെ ദവാദമിയിൽ എത്തിയത്. ജംഷീർ റിയാദിൽ നിന്ന് ദവാദമിയിലേക്ക് വാനിൽ പച്ചക്കറിയുമായി വരികയായിരുന്നു.

പൊലീസും സിവിൽ ഡിഫൻസും റെഡ്ക്രസന്റുമെത്തി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.