ഭുവനേശ്വർ: ഭർത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ 800 രൂപയ്ക്ക് വേണ്ടി ഭൂമി പണയം വെച്ച് ആദിവാസി യുവതി. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. 108 ആംബുലൻസ് ലഭിക്കാതെ വന്നപ്പോൾ മൃതദേഹം ട്രോളിയിൽ വീട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് ഈ ദരിദ്രസ്ത്രീക്ക് ഭൂമി പണയം വെക്കേണ്ടിവന്നത്. ട്രോളിയിൽ ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം ഇവർ സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ആഴ്ചകൾക്ക് മുൻപാണ് 45 കാരനായ ദുക മറാണ്ടിക്ക് പനി വന്നത്. അവർ അദ്ദേഹത്തെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് റാഷ്ഗോവിന്ദ്പൂരിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി 108 ആംബുലൻസിനെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർ്ന്ന് ട്രോളി റിക്ഷക്കാരെ സമീപിച്ചപ്പോൾ അവർ 800 രൂപ ആവശ്യപ്പെട്ടു. തുകയില്ലാത്തതിനാൽ അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിറ്റേദിവസം അവർ ഒരു ഗ്രാമീണനെ സമീപിച്ച് 800 രൂപയ്ക്ക് പകരം തന്റെ ഭുമി പണയംവച്ചു. അങ്ങനെ മൃതദേഹം നാട്ടിലെത്തിച്ച് അയൽവാസികളുടെ സഹായത്തോടെ ഭർത്താവിന്റെ മൃതദേഹം സംസ്‌കരിച്ചു.