ഗ്ലാസ്‌ഗോ: മണിക്കൂറുകളുടെ ഇടവേളയിൽ മരണത്തെ പുൽകി രണ്ടു അയർലന്റ് മലയാളികൾ. ഗ്ലാസ്ഗോയിലെ സുനീത് ശ്രീകുമാർ എന്ന തിരുവനന്തപുരം സ്വദേശിയും ജെയിൻ ഫിലിപ്പ് എന്ന മലയാളി നഴ്‌സുമാണ് മരണത്തിനു കീഴടങ്ങിയത്. ഡബ്ലിൻ-15 ലെ ആഷ്ടൗൺ നിവാസിയുമായ സുനീത് ശ്രീകുമാർ ഇന്നലെ അർദ്ധരാത്രിയാണ് മരണത്തിനു കീഴടങ്ങിയത്. 45 വയസ് മാത്രമായിരുന്നു സുനീതിന് പ്രായം.

ഇന്നലെ രാത്രിയോടെ ഉറങ്ങാൻ കിടന്ന സുനീതിന് അർദ്ധരാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും വളരെ പെട്ടെന്നു തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം ജഗതി സ്വദേശിയായ സുനീത് ഡബ്ലിനിൽ സ്മിത്ത് ഫീൽഡിൽ അനിമേഷൻ ജോലിയുമായി ബന്ധപ്പെട്ട് ബ്രൗൺ ബാഗ് ഫിലിംസ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി ജോലിചെയ്തു വരിക ആയിരുന്നു. ആഷ്ടൗണിൽ ഭാര്യ പ്രീതിയും രണ്ടു കുട്ടികളും ആയി താമസിച്ചു വന്നിരുന്ന സുനീഷിന് ഉറങ്ങുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് എന്ന് കരുതപ്പെടുന്നു.

കോട്ടയം ഞീഴൂർ സ്വദേശിയായ തടത്തിൽ ഫിലിപ്പിന്റെ ഭാര്യയാണ് ഗ്ലാസ്ഗോയിൽ മരിച്ച ജെയിൻ ഫിലിപ്പ്. ക്യാൻസർ രോഗ ബാധ മൂർധന്യാവസ്ഥയിൽ എത്തിയപ്പോഴാണ് തിരിച്ചറിയാൻ കഴിഞ്ഞത് എന്നത് ജെയിന്റെ കുടുംബത്തിന് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്. രോഗ നിർണയം നടന്നു വെറും മൂന്നുമാസം മാത്രമാണ് പ്രിയപ്പെട്ടവരോടപ്പം ജെയിന് അവസാന നാളുകൾ കഴിച്ചു കൂട്ടാനായത്.

കഴിഞ്ഞ മൂന്നു മാസവും രോഗ ശാന്തിക്ക് വേണ്ടിയുള്ള ചികിത്സയിലായിരുന്നു ജെയിൻ എന്നും കുടുംബ സുഹൃത്തുക്കൾ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഈ കുടുംബം ഗ്ലാസ്ഗോയിൽ താമസിക്കുന്നതിനാൽ പ്രദേശ വാസികളായ മലയാളികൾക്കെല്ലാം പരിചയക്കാർ കൂടിയാണ്. ജോബിൻ ഫിലിപ്പ്, ജോയൽ ഫിലിപ്പ് എന്നിവരാണ് ജെയിന്റെ മക്കൾ.

മരണത്തെ കുറിച്ച് നേരത്തെ ഡോക്ടർമാർ സൂചനകൾ നൽകിയതിനാൽ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും സഹോദരൻ ജിം ജേക്കബും അമേരിക്കയിൽ നിന്നും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള ബന്ധുക്കളും മരണ സമയം കുടുംബത്തിന് ഒപ്പം ഉണ്ടായി എന്നത് വേദന നിറഞ്ഞ മുഹൂർത്തത്തിലും ആശ്വാസമായി.