ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിനു സമീപമുള്ള കാർകോവറിൽ പരിശീലന വിമാനം തകർന്നുവീണു രണ്ട് ഇന്ത്യൻ വംശജർ മരിച്ചു. പൈലറ്റാകാൻ പരിശീലനം നടത്തുകയായിരുന്നു ഷിപ്ര ശർമ്മ (26), ചീഫ് ഇൻസ്ട്രക്ടർ സാകേത് കപൂർ (38) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ് അപകടമുണ്ടായത്.

സിഡ്നിയിലെ സോർ ഏവിയേഷൻ എന്ന വൈമാനിക പരിശീലന കേന്ദ്രത്തിന്റെ വിമാനമാണ് തകർന്നുവീണത്. ബാങ്ക്സ്ടൗണിൽ നിന്ന് ഓറഞ്ചിലേക്ക് പോയ വിമാനമായിരുന്നു ഇത്. ഓറഞ്ച് വിമാനത്താവളത്തിൽ നിന്ന് വൈകീട്ടോടെ പറന്നുയർന്ന ശേഷമാണ് സമീപത്തുള്ള കാർകോവർ എയർ സ്ട്രിപ്പിൽ വച്ച് വിമാനം തകർന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.

തകർന്നുവീണ വിമാനത്തിന് തീ പിടിച്ചിട്ടില്ലെന്നും, എന്നാൽ പൈലറ്റുമാർ രണ്ടുപേരും തൽക്ഷണം മരിച്ചതായാണ് മനസിലാക്കുന്നതെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ലൂക്ക് റാൻകിൻ പറഞ്ഞു. ലാൻഡിംഗുമായി ബന്ധപ്പെട്ട പരിശീലനം നടത്തുമ്പോഴായിരുന്നു അപകടമെന്നും അദ്ദേഹം അറിയിച്ചു.