ന്യൂയോർക്ക്: അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ.എ.പി.ഐ) മുൻ പ്രസിഡന്റ് ഡോ. അജയ് ലോധ കോവിഡിനെ തുടർന്നുണ്ടായ അസുഖംമൂലം നവംബർ 21-ന് അന്തരിച്ചു. 58 വയസായിരുന്നു. ക്ലീവ് ലാൻഡ് ക്ലിനിക്കിൽ കഴിഞ്ഞ എട്ടുമാസമായി കോവിഡിനെതിരേ പടപൊരുതിയ ഡോ. അജയ്, ഭാര്യ സ്മിത മകൻ അമിത് മകൾ ഷീറ്റ്‌വ എന്നിവരുടെ സാന്നിധ്യത്തിൽ ശാന്തനായാണ് മരണത്തിന് കീഴടങ്ങിയത്.

ഡോ. അജയ് ലോധയുടെ ആകസ്മിക വിയോഗം തങ്ങളെ ഞെട്ടിച്ചതായി എ.എ.പി.ഐ പ്രസിഡന്റ് ഡോ. സുധാകർ പറഞ്ഞു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു ഡോ. അജയ് എന്നും സുധാകർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജസ്ഥാനിൽ ജനിച്ച ലോധ ഉദയ്പൂർ ആർഎൽടി മെഡിക്കൽ കോളജിൽ നിന്നാണ് ബിരുദമെടുത്തത്. 1995 മുതൽ ക്യൂൻസിലും ന്യൂയോർക്കിലുമായി പ്രവർത്തിക്കുന്ന പ്രൈമറി കെയർ (ക്യൂൻസ് മെഡിക്കൽ സർവീസസ്) സ്ഥാപകൻകൂടിയാണ് അന്തരിച്ച ലോധ.

സമൂഹത്തിന് നല്കിയ അത്യുജ്വല നേതൃത്വത്തിന് അംഗീകാരമായി 2016-ൽ എ.എ.പി.ഐ കൺവൻഷനിൽ വച്ച് ലോധയ്ക്ക് പ്രത്യേക അവാർഡ് നൽകി ആദരിച്ചിരുന്നു.