(ടെക്‌സസ്): ഡൗൺടൗൺ ബീമോണ്ടിൽ നിന്നും കാർ ചേയ്‌സിനിടെ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതി ബ്രിയാന ടിയറ ജോൺസന്റേതാണെന്ന് (28) ഹൂസ്റ്റൺ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ വിക്ടർ കാംബൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നവംബർ 28 നു രാവിലെ 7.45 നായിരുന്നു സംഭവം. അമിതവേഗതയിൽ പോയിരുന്ന വൈറ്റ് ഹോണ്ട കാറിനെ ഹൂസ്റ്റണിൽ നിന്നും 85 മൈൽ കിഴക്കുള്ള ബ്യുമോണ്ടിൽ പൊലീസ് പിന്തുടർന്നതിനെതുടർന്നു കാർ കാംപല്ലിനു സമീപം ചർച്ചിന്റെ ഉടമസ്ഥതയിലുള്ള റീസെയിൽ ഷോപ് പാർക്കിങ് ലോട്ടിൽ ഇടിച്ചു കയറി നിന്നു. നിസാര പരിക്കേറ്റ് കാർ ഡ്രൈവർ വിക്ടർ കാംബല്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കാർ പരിശോധിക്കുന്നതിനിടയിലാണ് യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ഹൂസ്റ്റൺ സണ്ണിസയ്ഡ് പ്രദേശത്താണ് ബ്രയാന താമസിച്ചിരുന്നത്. വിക്ടർ കാംബൽ ഫ്രസ്‌നൊ സ്വദേശിയാണ്. ബ്രയാനയുടെ വീട്ടിൽ നിന്നും പുലർച്ചെ അഞ്ചോടെ ഇവരുടെ ശരീരം പുറത്തുള്ള കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതായി സമീപത്തുള്ള കാമറയിൽ കണ്ടെത്തിയിരുന്നു. കാംബൽ ബ്രയാനയെ ഡേറ്റ് ചെയ്തിരുന്നതായും അറിയുന്നു. കാംബല്ലിന്റെ പേരിൽ മദ്യപിച്ചു വാഹനമോടിച്ചതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും കേസെടുത്തിട്ടുണ്ട്.