മനാമ: ബഹ്‌റൈനിൽ സൈക്കിൾ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പീസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറും ബഹ്‌റൈൻ കേരള മലയാളി ബിസിനസ് ഫോറം ഭാരവാഹിയും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം അംഗവുമായ കണ്ണൂർ പെരിങ്ങത്തൂർ എം.എം.ഹനീഫിന്റെ മകൻ മുഹമ്മദ് ഹനീൻ (21) ആണ് മരിച്ചത്. ഇന്നലെ വെള്ളിയാഴ്ചയായിരുന്നു അപകടം.

ഹിദ്ദ് ഹൈവേയിൽ മുഹമ്മദ് ഹനീൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഈയിടെയാണ് നാട്ടിൽ നിന്നും തുടർ പഠനത്തിനായി മുഹമ്മദ് ഹനീൻ ബഹ്റൈനിൽ എത്തിയത്. ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ ലഭിച്ചിരുന്നു. പിതാവും മാതാവും ഏതാനും ദിവസം മുമ്പ് ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയിരുന്നു.

മരണ വിവരം അറിഞ്ഞ് ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ്, കെ.എം.സി.സി പ്രവർത്തകരും കമ്പനി അധികൃതരും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ എത്തി തുടർ നടപടികൾ സ്വീകരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.