ദുബൈ: ദുബൈയിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവിനെ മരണം വിളിച്ചത് മൂന്നു വർഷത്തിനുശേഷം നാട്ടിലേക്കു തിരിക്കാനിരിക്കെയാണ്. കോഴിക്കോട് മാറാട് വാട്ടർടാങ്കിനു സമീപം കറപ്പൻ വീട് അബൂബക്കറിന്റെയും ലൈലയുടെയും ഏകമകൻ അബ്ദുൽ ബാസിതാണ് മരിച്ചത്. പരേതന് 25 വയസാണ് പ്രായം.

രണ്ടാഴ്‌ച്ച മുമ്പ് കുഴഞ്ഞുവീണ ബാസിത് കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കാൻ ടിക്കറ്റെടുത്തിരുന്നു. 15 ദിവസം ആശുപത്രി വെന്റിലേറ്ററിൽ കഴിഞ്ഞ ബാസിത് ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അൽ ഖൂസ് എം.എസ് എന്റർപ്രൈസിലെ സ്‌റ്റോർ കീപ്പറായിരുന്നു. മൂന്നു വർഷം മുമ്പാണ് ദുബൈയിലെത്തിയത്.

കഴിഞ്ഞവർഷം നാട്ടിൽ പോകാനിരുന്നപ്പോഴാണ് ലോക്ഡൗണായത്. പിന്നീട് നാട്ടിലേക്കുള്ള മടക്കം നീണ്ടുപോകുകയായിരുന്നു. വിവാഹം കഴിക്കണമെന്ന ലക്ഷ്യംകൂടി മുൻനിർത്തിയായിരുന്നു നാട്ടിലേക്ക് ടിക്കറ്റെടുത്തത്.