- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ടു മലയാളികൾ മരണപ്പെട്ടു; വിട വാങ്ങിയത് തിരുവനന്തപുരം സ്വദേശി സലാഹുദ്ദീനും കോട്ടയം സ്വദേശി ബിജുമോൻ ജോസഫ്
ജിദ്ദ: ഹൃദയാഘാതം ജിദ്ദാ പ്രവാസികളായ രണ്ടു മലയാളികളുടെ ജീവൻ കവർന്നെടുത്തതിന് വെള്ളിയാഴ്ച സാക്ഷിയായി. വിഴിഞ്ഞം സ്വദേശിയായ ഹൗസ് ഡ്രൈവറും കോട്ടയം സ്വദേശിയായ ആരോഗ്യ പ്രവർത്തകനുമാണ് ജിദ്ദയിൽ വെള്ളിയാഴ്ച മരിച്ചത്.
തിരുവനന്തപുരം, വിഴിഞ്ഞം, പൂവാർ സ്വദേശി സലാഹുദ്ദീൻ (61), കോട്ടയം കോതനല്ലൂർ സ്വദേശി ബിജുമോൻ ജോസഫ് (43) എന്നിവരാണ് പ്രവാസ ദേശത്ത് വെച്ച് ഇഹലോകവാസം വെടിഞ്ഞത്. രണ്ടു പേരുടെയും മരണം ഹൃദയാഘാതത്തെ തുടർന്നാണ്.
മരിച്ച സലാഹുദ്ധീൻ ജിദ്ദയിലെ അൽമർവ ഏരിയയിൽ ഒരു വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്തു വെച്ച് വെള്ളിയാഴ്ച വൈകിട്ട് ഒമ്പതു മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും ഏറെ താമസിയാതെ അന്ത്യ ശ്വാസം വലിക്കുകയുമായിരുന്നു.
പിതാവ്: സൈനുൽ ആബ്ദീൻ. മാതാവ്: റുഹിയാ ബീവി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: സമീർ, ആഷിഖ്, അഷിന.
മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ജിദ്ദ കെ എം സി സി വെൽഫെയർവിങ് ഇക്കാര്യത്തിന് രംഗത്തുണ്ട്.
മലയാളികളുടെ നേതൃത്വത്തിലുള്ള ജിദ്ദ നാഷണൽ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്‌സ് കോട്ടയം ബിജുമോൻ ജോസഫ് (43) ആണ് ജിദ്ദയിൽ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മറ്റൊരു മലയാളി. 14 വർഷമായി ജിദ്ദയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുകയായിരുന്നു ബിജുമോൻ. ഇദ്ദേഹത്തിന്റെ ഭാര്യ സിൽവി ഇതേ ആശുപത്രിയിൽ തന്നെ സ്റ്റാഫ് നഴ്സ് ആണ്.
മക്കൾ: ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു (ഇരുവരും നാട്ടിൽ).
കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ബിജുമോന്റെ വിയോഗത്തിൽ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ജിദ്ദ (കെ ഡി പി എ) പ്രസിഡന്റ് ദാസ്മോൻ തോമസ്, സെക്രട്ടറി പ്രജീഷ് മാത്യു എന്നിവർ അനുശോചിച്ചു.