ജിദ്ദ: സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ പെടുന്ന ജിദ്ദയിലും മദീനയിലുമായി വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു മലയാളികൾ മരണപ്പെട്ടു. രണ്ടു പേരും കോഴിക്കോട് സ്വദേശികളാണ്. ഒരാൾ മദീനയിൽ റോഡപകടം മൂലമുള്ള പരിക്ക് മൂലവും മറ്റൊരാൾ ജിദ്ദയിൽ വെച്ച് ഹൃദയാഘാതം മൂലവുമാണ് മരിച്ചത്.

ജിദ്ദയിലെ പ്രമുഖ സംഗീത സാംസ്‌കാരിക വിഭാഗമായ ഇശൽ കലാവേദിയുടെ സജീവ പ്രവർത്തകനും ഗായകനുമായ കോഴിക്കോട്, കല്ലായി സ്വദേശി സുൽഫിക്കർ ആണ് ഞായറാഴ്ച മരണപ്പെട്ടവരിൽ ഒരാൾ. മുപ്പതിലേറെ വർഷങ്ങളായി ജിദ്ദയിൽ പ്രവാസിയാണ്. പഴയ എയർപോർട്ട് ഏരിയയിലായിരുന്നു താമസം. സ്വന്തമായി കർട്ടൻ ജോലിയിൽ വ്യാപൃതനായിരുന്നു. കുറച്ചു മുമ്പ് വരെ കുടുംബം ജിദ്ദയിൽ കൂടെ ഉണ്ടായിരുന്നു.

ശനിയാഴ്ച രാത്രി ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട സുൾഫിക്കർ അനുജനെ വിളിച്ചു വരുത്തുകയും താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയും ചെയ്തു. പിന്നീടും നെഞ്ചു വേദനയ്ക്ക് തുടരുന്നതിനാൽ അൽഅബീർ ആശുപത്രിയിൽ എത്തുകയുമായിരുന്നു. അവിടെ നിന്ന് സുലൈമാനിയ്യയിലെ കേറിഫോർ സൂപ്പർമാർക്കറ്റിനു സമീപമുള്ള ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ എത്തിക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. മൃതദേഹം അവിടുത്തെ മോർച്ചറിയിലാണുള്ളത്.

അതേസമയം, മൂന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് സുൽഫിക്കറിനെ സ്‌പോൺസർ 'ഒളിച്ചോടിയവർ' (ഹുറൂബ്) ഗണത്തിൽ ഉൾപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അതിനാൽ, ഹുറൂബ് സംബന്ധിച്ച കാര്യങ്ങൾ ശരിപ്പെടുത്തിയ ശേഷമേ ഖബറടക്കവുമായി ബന്ധപ്പെട്ട സംഗതികൾ തീരുമാനിക്കാനാവൂ. അതോടൊപ്പം, കൊറോണാ ടെസ്റ്റ് റിസൾട്ടും ലഭിക്കേണ്ടതുണ്ട്. അനന്തര നടപടികൾക്കായി സാമൂഹ്യ കെ എം സി സി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

ഇശൽ കലാവേദി മുൻ പ്രസിഡണ്ട് ആയ സുൽഫിക്കറിന്റെ വിയോഗത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.

മദീനയിൽ വെച്ച് അഞ്ചു ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു റോഡപകടത്തിൽ പരിക്കേറ്റ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട്, മുക്കം, കാരമൂല സ്വദേശി കൊയിലത്തുംകണ്ടി നുദീർ (41) ആണ് മരിച്ച മറ്റൊരാൾ.

മദീനയിൽ പ്ലാസ്റ്റിക് സാധനങ്ങൾ വിൽപ്പന നടത്തുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. അഞ്ചു ദിവസങ്ങൾക്കു മുമ്പ് നുദീർ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ കേട് വരികയും കാര്യം പരിശോധിക്കാനായി വാഹനത്തിൽ നിന്ന് ഇറങ്ങുകയും ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കേടുവന്ന വാഹനം പരിശോധിക്കുന്നതിനിടെ നുദീറിനെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിലെ ഡ്രൈവർ ഉടൻ തന്നെ നുദീറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്യുകയുണ്ടായി. അതിനിടക്കാണ് മരണം.

പിതാവ്: പരേതനായ കുഞ്ഞോക്കു, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിന, മക്കൾ, ഹംന ഫാത്തിമ, മുഹമ്മദ് ഷാദ്. വിവരമറിഞ്ഞു ദമ്മാമിലുള്ള സഹോദരൻ മുബാറക് മദീനയിലെത്തിയിട്ടുണ്ട്. മൃതദേഹം മദീനയിൽ ഖബറടക്കും.നേരത്തെ മക്കയിലും ഇതേ ജോലി ചെയ്തിരുന്നു നുദീർ.