കൊളറാഡോ : കൊളറാഡോ സ്പ്രിംഗിൽ ഞായറാഴ്ച പുലർച്ചെ നടന്ന ജന്മദിനോഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ പ്രതിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. കാമുകി ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കൊളറാഡോ സ്പ്രിങ് പൊലീസ് പറഞ്ഞു.

പുലർച്ചെ 12.18നാണ് വെടിവയ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ആറു പേരെ വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. ഏഴാമനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ ഹോമിൽ താമസിച്ചിരുന്ന യുവതിയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ യുവാവ് കടന്നുവന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്ത കുട്ടികളിൽ ആർക്കും തന്നെ പരുക്കേറ്റിട്ടില്ല. മുതിർന്നവർക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച വൈകിയും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാതൃദിനത്തിൽ നടന്ന അതീവ ദുഃഖകരമായ സംഭവത്തിൽ കൊളറാഡോ ഗവർണർ ജാർഡ് പോളിസ് ഉൽക്കണ്ഠ അറിയിച്ചു. രാത്രി വൈകി ലഭിച്ച വിവരമനുസരിച്ച് കൊല്ലപ്പെട്ട ഏഴു പേരും ഹിസ്പാനിക് കുടുബാംഗങ്ങളാണെന്ന് പാർട്ടിയിൽ പങ്കെടുത്ത ഫ്രെഡി മാർക്വിസ് പറഞ്ഞു.

മാർക്വിസിന്റെ ഭാര്യയുടെയും സഹോദരന്റെയും ജന്മദിനാഘോഷമായിരുന്നുവെന്നും ഫ്രെഡി പറഞ്ഞു. മാർക്വിസും ഭാര്യയും പാർട്ടിയിൽ നിന്നും പോയതിനുശേഷമാണ് വെയിവയ്പ് നടന്നത്. തന്റെ ഭാര്യയ്ക്ക് മാതാവിനെയും രണ്ടു സഹോദരന്മാരെയും നഷ്ട്ടപ്പെട്ടതായും ഫ്രെഡി പറഞ്ഞു.