സാന്റാക്ലാര (കലിഫോർണിയ): സാന്റാക്ലാര വാലി ട്രാൻസ് പോർട്ടേഷൻ അതോറട്ടി (വിടിഎ) സൈറ്റിൽ (സാൻഒസെ) ബുധനാഴ്ച രാവിലെ നടന്ന വെടിവയ്‌പ്പിൽ അക്രമി ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്.

വിടിഎ ലൈറ്റ് റെയ്ൽ യാഡിൽ ജോലിയിൽ പ്രവേശിക്കുൻ തയ്യാറെടുത്തു കൊണ്ടിരുന്ന സഹപ്രവർത്തകർക്കു നേരെ രാവിലെ 6.45ന് സാമുവേൽ കാസ്സിഡി (57) യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയതറിഞ്ഞ് ഇയാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. പൊലീസുകാർ തക്കസമയത്തു കെട്ടിടത്തിൽ പ്രവേശിപ്പിച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്നാണ് സാന്റാക്ലാര കൗണ്ടി ഷെറിഫ് ലോറി സ്മിത്ത് അറിയിച്ചത്.

സംഭവം നടന്ന സ്ഥലത്തു നിന്നും പത്തുമൈലോളം അകലെയുള്ള സ്വന്തം വീടിന് തീയിട്ടതിനുശേഷമാണു തോക്കുമായി സാമുവേൽ സൈറ്റിൽ എത്തിയത്. എട്ടു പേർ കൊല്ലപ്പെട്ടുവെങ്കിലും കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കലിഫോർണിയായിലെ ഏറ്റവും വലിയ കൗണ്ടിയാണ് സിലിക്കൺവാലി സ്ഥിതി ചെയ്യുന്ന സാന്റാക്ലാരാ. സഹപ്രവർത്തകരെ വധിക്കുമെന്ന് സാമുവേൽ പറഞ്ഞിരുന്നുവെങ്കിലും അതു കാര്യമാക്കിയിരുന്നില്ലെന്ന് മുൻ ഭാര്യ സിസിലിയ പറഞ്ഞു.

രാത്രി വൈകി ലഭിച്ച റിപ്പോർട്ടനുസരിച്ചു കൊല്ലപ്പെട്ട എട്ടു പേരിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ തപ്ജിത് സിങ്ങും (36) ഉൾപ്പെടുന്നു. മരിച്ച എല്ലാവരും വിടിഎ ജീവനക്കാരണോ എന്നു വ്യക്തമായിട്ടില്ല.