ജിദ്ദ: മക്കയിൽ ഉണ്ടായ ഒരു സംഭവത്തിൽ റെയിൽവേ ട്രാക്കിൽ വെച്ച് ഒരാൾ ട്രെയിൻ ഇടിച്ച് മരണപെട്ടു. ശനിയാഴ്ച കാലത്തു ഒമ്പത് മണിയോടെയായിരുന്നു അപകടം. മരിച്ച ആളെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. മക്കാ റെയിൽവേ സ്റ്റേഷന് നാല് കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടം.

നിയമാനുസ്രതമാല്ലാതെ റെയിൽവേ ട്രാക്കിൽ എത്തിപ്പെട്ട ആളാണ് ദുഃഖകരമായ സംഭവത്തിൽ മരിച്ചത്. ഹറമൈൻ എക്സ്‌പ്രസ് റയിൽവെയുടെ ഓപറേറ്റർമാരായ സൗദി സ്പാനിഷ് റെയിൽവേ പ്രൊജക്റ്റ് കമ്പനി അറിയിച്ചതാണ് ഇക്കാര്യങ്ങൾ. മക്കയേയും മദീനയെയും ജിദ്ദ വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ റയിൽവേയിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണ് ശനിയാഴ്ചയുണ്ടായത്.

സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സൗദി സ്പാനിഷ് കമ്പനി അനധികൃതമായി റെയിൽ പാലങ്ങളിൽ എത്തിപ്പെടുന്നത് ഹാനികരമാണെന്ന് പൊതുജനങ്ങളെ ഉണർത്തി. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.