കാംബർ സാൻഡ്‌സ് ബീച്ചിൽ സൗഹൃദമാഘോഷിക്കാനെത്തിയവരായിരുന്നു അവർ അഞ്ചുപേരും. എന്നാൽ, നീന്തുന്നതിനിടെ അവർക്ക് നിലതെറ്റി. കിഴക്കൻ സസക്‌സിലെ തീരത്ത് അവർ അഞ്ചുപേരും മരണത്തിലേക്ക് മുങ്ങിത്താണു. ശ്രീലങ്കൻ വംശജരായ കെനുഗൻ സത്യനാഥൻ, കോബികാന്തൻ സത്യനാഥൻ, നിതർശൻ രവി, ഇന്തുഷൻ ശ്രിസ്‌കന്തരാജ, ഗുരുശാന്ത് ശ്രീതവരാജ എന്നിവരാണ് മരണത്തിലും സൗഹൃദം പിരിയാതിരുന്നത്.

കൗമാരം പിന്നിട്ട ഈ അഞ്ചു സുഹൃത്തുക്കളും ഓഗസ്റ്റ് 24-നുണ്ടായ ദുരന്തത്തിലാണ് മരിച്ചത്. മരണത്തിലും കൈവിടാതിരുന്ന സുഹൃത്തുക്കളുടെ ശവസംസ്‌കാരച്ചടങ്ങ് ലണ്ടനിലെ ലങ്കൻ വംശജരെ മാത്രമല്ല, അറിഞ്ഞവരെയെല്ലാം ഈറനണിയിച്ചു. പ്ലംസ്റ്റീഡ് കോമൺ പാർക്കിൽ നടന്ന ശവംസംസ്‌കാരച്ചടങ്ങുകളിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

അഞ്ചുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും തിങ്ങിനിറഞ്ഞ ചടങ്ങിൽ എൽതാം എംപി ക്ലൈവ് എഫോർഡും പങ്കെടുത്തു. വിൻസ് കോമൺ പാർക്കിൽ നടന്ന ചടങ്ങുകളിൽ 3000 പേരെങ്കിലും പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് താരങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെയാണ് അഞ്ച് യുവാക്കളുടെ മരണം ചോദ്യം ചെയ്യുന്നതെന്ന് എഫോർഡ് പറഞ്ഞു.

ലണ്ടനിലെ തമിഴ് സമൂഹത്തിനേറ്റ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് ഹാരോ മുൻ മേയറും കൗൺസിലറുമായ കൃഷ്ണ സുരേഷ് പറഞ്ഞു. തമിഴ് സമൂഹത്തിലെ എല്ലാ ചടങ്ങുകളിലും മുൻപന്തിയിൽനിന്നിരുന്ന അഞ്ച് യുവാക്കളെയാണ് നഷ്ടമായത്. എല്ലാവർക്കും സുപരിചിതരായിരുന്നു അവരെന്ന് സുഹൃത്ത് സായി യോഗനാഥൻ അനുസ്മരിച്ചു.