ആലപ്പുഴ: കായൽ യാത്രക്കിടെ പുരവഞ്ചിയിൽനിന്ന് വീണ രണ്ടുവയസുകാരന്റെ മൃതദേഹം ലഭിച്ചു. കോഴിക്കോട് ഫറോക്ക് പേട്ട തുമ്പപ്പാടം ഇർഷാദിയാ കോളേജിനു സമീപം വി എം. ഹൗസിൽ അസ്ഹർ സാദത്തിന്റെ മകൻ ഐനിന്റെ മൃതദേഹമാണ് ലഭിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ സായി ജലകായിക കേന്ദ്രത്തിന് സമീപത്ത്നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വെള്ളത്തിൽ പൊങ്ങികിടക്കുകയായിരുന്ന മൃതദേഹം ടൂറിസം പൊലീസിന്റെ ബോട്ടിൽ കരയ്ക്ക് എത്തിച്ചു.

ശനിയാഴ്ച വൈകീട്ട് പുന്നമടക്കായലിലാണ് സംഭവമുണ്ടായത്. പുരവഞ്ചിയിൽ കൈനകരിയിലെത്തി തിരിച്ച് പുന്നമടയിലേക്ക് വരുമ്പോഴാണ് കുട്ടിയെ കാണാതായത്. അഞ്ച് കുടുംബങ്ങളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മുകൾത്തട്ടിലായിരുന്നു യാത്ര.

കുട്ടിയെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും ടൂറിസം പൊലീസും കുട്ടിക്കായി കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: ആഫിയ.സഹോദരൻ: ഹയാൻ