ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സാനിറ്റൈസർ കുടിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ സംശയം. പോസ്റ്റമോർട്ടത്തിനായി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തുറവൂർ ചാവടി സ്വദേശിയായ 50 വയസ്സുള്ള ബൈജു, 46 കാരൻ സ്റ്റീഫൻ എന്നിവരാണ് മരിച്ചത്. ഉറ്റചങ്ങാതിമാരായ ബൈജുവും സ്റ്റീഫനും അടുത്തടുത്ത വീടുകളിലായി ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ രാത്രിയോടെ ബൈജുവിന്റെ വീട്ടിൽ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യം കുറച്ച് മാത്രം കിട്ടിയതിനാൽ സാനിറ്റൈസറോ വീര്യം കൂടിയ വാറ്റ് ചാരായമോ ഇതോടൊപ്പം കഴിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യപിച്ച ശേഷം ഇരുവരും സ്വന്തം വീടുകളിലേക്ക് പോയിട്ടുണ്ടാവാം എന്നും പൊലീസ് പറയുന്നു.

രാവിലെ ഏഴ് മണിയോടെ ബൈജുവിനെയാണ് ആദ്യം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിത്. പിന്നാലെ സ്റ്റീഫനെ അന്വേഷിച്ച് പോയ സുഹൃത്തുക്കൾ അയാളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് പരിശോധനയിൽ ഇവരുടെ വീടുകളിൽ നിന്ന് ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികളും വാറ്റ് ചാരായം വാങ്ങിയ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമാകാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടണമെന്ന് കുത്തിയതോട് പൊലീസ് അറിയിച്ചു.