കോതമംഗലം:അതിശക്തമായ ഇടിമിന്നലേറ്റ് വയോധിക കത്തിക്കരിഞ്ഞു. സമീപത്തെ വീട്ടിൽ നിന്ന് മക്കളെത്തി നോക്കുമ്പോൾ ബാക്കി കിട്ടിയത് അമ്മയുടെ ഒരു പിടി ചാരം മാത്രം.

കോതമംഗലത്ത് നാടുകാണി പടിഞ്ഞാറെ പൊട്ടന്മുടി വെട്ടിക്കുഴക്കുടി പരേതനായ വർഗീസിന്റെ ഭാര്യ റോസ (85) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. അടച്ചുറപ്പില്ലാത്ത വീട്ടിൽ കട്ടിലിൽ കിടക്കുകയായിരുന്ന റോസ. കട്ടിലും കിടക്കയും ഉൾപ്പെടെ കത്തിയമർന്ന നിലയിലായിരുന്നു. ഷീറ്റുമേഞ്ഞ വീടും മിന്നലേറ്റ് തകർന്നിട്ടുണ്ട്. വയറിങ്ങും കത്തിനശിച്ചിട്ടുണ്ട്. വയറിങ്ങിൽ നിന്ന് തീ പടർന്നാകാം തീപിടിച്ചതെന്ന് സംശയിക്കുന്നു.

കൊച്ചുമകൻ നോബിളിനോടൊപ്പമാണ് റോസ താമസിക്കുന്നത്. നോബിൾ സ്ഥലത്തില്ലായിരുന്നു. വീടിനടുത്തു താമസിക്കുന്ന മകൾ പെണ്ണമ്മയും കൊച്ചുമകളും ഇടിയും മഴയും വന്നപ്പോൾ അടുത്തവീട്ടിൽ അഭയം തേടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് മകൾ വന്നു നോക്കിയപ്പോഴാണ് അമ്മ ചാരമായത് കണ്ടത്. മക്കൾ: പെണ്ണമ്മ, മേരി, അൽഫോസ, പരേതനായ മാർട്ടിൻ. മരുമക്കൾ: ജോസ്, ജേക്കബ്, സെലീന, പരേതനായ ഏലിയാസ്.

രണ്ടു ദിവസമായി കേരളത്തിൽ ശക്തമായി മഴ തുടരുകയാണ്. ഇതിൽ നിരവധി നാശ നഷ്ടങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട. കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പല തവണ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും മഴയും ഇടിയും കൂടാനാണ് സാധ്യതയെന്നാണ് അധികൃതരുടെ വിശദീകരണം.