കുവൈറ്റ്: കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 158 ഇന്ത്യക്കാർ കുവൈറ്റിൽ മരിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി റിപ്പോർട്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും ഇന്ത്യക്കാർ കുവൈറ്റിൽ മരിച്ചത്. ഇതിൽ 125 മൃതദേഹം വിമാനമാർഗം നാട്ടിലെത്തിച്ചുവെന്നും ബാക്കി 33 പേരുടെ മൃതദേഹം ബന്ധുക്കളുടെ ഇഷ്ടപ്രകാരം കുവൈറ്റിൽ തന്നെ സംസ്‌ക്കരിച്ചെന്നും എംബസി വ്യക്തമാക്കി.

125 പേരിൽ 104 പേരുടെ മൃതദേഹം അഞ്ചു ദിവസത്തിനുള്ളിലാണ് നാട്ടിലെത്തിച്ചത്. എംബസിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ ശരാശരി മൂന്നു ദിവസമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിവരുന്നത്. ബാക്കിയുള്ളവരുടെ മരണം ആത്മഹത്യ, കൊലപാതകം, അപകടമരണം എന്നിവയിൽപ്പെട്ടതിനാൽ അന്വേഷണവുമായി ബന്ധപ്പെട്ട് കാലതാമസം വേണ്ടിവന്നുവെന്നും എംബസി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ചില കേസുകളിൽ സ്‌പോൺസർമാരുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം, വിമാനങ്ങളുടെ ലഭ്യത, പൊതുഅവധി ദിനങ്ങൾ എന്നിവയും കാരണമായിട്ടുണ്ട്.