- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച നാല് ഇഞ്ചക്ഷൻ എടുത്തിട്ടും പെൺകുട്ടി പേവിഷബാധയേറ്റ് മരിച്ചതിൽ നാട്ടുകാർക്ക് ആശങ്ക; വളർത്തുനായ കടിച്ച മറ്റുരണ്ടുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല; പാലക്കാട് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം
പാലക്കാട്: ആരോഗ്യ വകുപ്പ നിർദ്ദേശിച്ച നാല് ഇഞ്ചക്ഷൻ എടുത്തിട്ടും, പാലക്കാട് പെൺകുട്ടി പേവിഷബാധയേറ്റ് മരിച്ച സംഭവം നാട്ടുകാരെ ആശങ്കയിലാക്കി. അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനിയാണ് മരിച്ചത്. മങ്കര മഞ്ഞക്കര പടിഞ്ഞാറക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19)യാണ് മരിച്ചത്.
മെയ് 30-ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് അയൽ വീട്ടിലെ നായയുടെ കടിയേറ്റത്. തുടർന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച മുഴുവൻ വാക്സിനുകളും എടുത്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. നായയുള്ള വീട്ടിലെ അയൽവാസിയായ വയോധികക്കും അന്ന് രണ്ടു തവണ കടിയേറ്റിരുന്നു. ഇവർക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല.
''ആദ്യത്തെ വാക്‌സിൻ എടുത്തത് തൃശൂർ മെഡിക്കൽ കോളജിൽ നിന്നാണ്. ബാക്കിയുള്ള മൂന്ന് ഡോസുകളിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും ഒരെണ്ണം വള്ളുവനാട് ആശുപത്രിയിൽനിന്നുമായിരുന്നു'', ബന്ധുക്കൾ പറഞ്ഞു.
''ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചതു പ്രകാരമുള്ള വാക്‌സിനേഷൻ കഴിഞ്ഞതാണ്. എന്നിട്ടും കുട്ടി മരിച്ചതിൽ നാട്ടുകാർ ദുഃഖിതരും ആശങ്കാകുലരുമാണ്''. ഇതേ നായ പരിസരത്തുള്ള ഒന്നു, രണ്ട് വ്യക്തികളെ കൂടി കടിച്ചിരുന്നതായും പറയുന്നു.
രണ്ടുദിവസം മുൻപാണ് ശ്രീലക്ഷ്മിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഉടൻ തന്നെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സതേടിയെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മി കോയമ്പത്തൂർ നെഹ്റു കോളേജിലെ ബി.സി.എ വിദ്യാർത്ഥിനി ആയിരുന്നു. അമ്മ: സിന്ധു, സഹോദരങ്ങൾ: സിദ്ധാർത്ഥ്, സനത്. അച്ഛൻ സുഗുണൻ ബെംഗളൂരുവിൽ എൻജീനിയറാണ്. സംസ്‌കാരം ഐവർമഠത്തിൽ നടന്നു.
സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
പാലക്കാട് പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പാലക്കാട് ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ