- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ ദുരന്തം; കൈവരി ഇല്ലാത്ത മുളപ്പാലത്തിൽ നിന്ന് വീണ് പയ്യാവൂരിലെ കൃഷി വകുപ്പ് ജീവനക്കാരൻ അനിൽ കുമാറിന്റെ മരണം; കരാറുകാർക്കും പഞ്ചായത്തിനും എതിരെ പ്രതിഷേധം ശക്തം
ശ്രീകണ്ഠാപുരം: പയ്യാവൂരിൽ കരിമ്പക്കണ്ടി നടപ്പാലത്തിൽ നിന്നും കൃഷി വകുപ്പ് ജീവനക്കാരൻ പുഴയിലേക്ക് വീണു മരിക്കാൻ കാരണം നിർമ്മാണം നടത്തുന്നവരുടെ അനാസ്ഥയാണെന്ന പ്രദേശവാസികളുടെ ആരോപണം ശക്തമാകുന്നു. താൽക്കാലികമായി മുള കൊണ്ടുണ്ടാക്കിയപാലത്തിന് കൈവരിയില്ലാത്തതു കാരണമാണ് ഇരിക്കൂർ കൃഷിഭവനിലെ സീനിയർ കൃഷി അസിസ്റ്റന്റ് എം. അനിൽകുമാർ (34) പുഴയിൽ വീണു ദാരുണമായി മരിക്കാനിടയാക്കിയത്. രാത്രിയിൽ ഇതു വഴി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
പട്ടികവർഗക്കാർക്കുള്ള പദ്ധതിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് ഇവിടെ നടപ്പാലം പണിയുന്നത്. നടപ്പാലത്തിന്റെ കോൺക്രീറ്റ് തുണുകൾ മാത്രമാണ് പൂർത്തിയായത്. കോൺക്രീറ്റ് സ്ലാബുകൾ നിർമ്മിച്ചിട്ടില്ല. കനത്ത മഴയും പുഴയിലെ ഒഴുക്കും കാരണം നിർമ്മാണ പ്രവൃത്തി ഇവിടെ നിർത്തിവെച്ചിരിക്കുകയാണ്.
കോൺക്രീറ്റ് സ്ലാബിനു പകരം തൂണുകൾക്കു മുകളിൽ താൽക്കാലികമായി കമുകിൻ തടികൾ പാകിയാണ് നാട്ടുകാർ പുഴ കടക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഇതു വഴി കടന്നു പോകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത്രയേറെ അപകടകരമായ സാഹചര്യമായിട്ടും താൽക്കാലിക പാലത്തിന് കൈവരികൾ സ്ഥാപിക്കാത്തത് കടുത്ത അനാസ്ഥയായിട്ടാണ് വിലയിരുത്തുന്നത്.
മരണമടഞ്ഞ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ അനിൽ കുമാർ കമുകിൻ തടികൾ പാകിയ പാലത്തിൽ കൂടി നടന്നു പോകുമ്പോഴാണ് കാൽവഴുതി പുഴയിലേക്ക് വീണ് മരിച്ചത്. കൈവരികൾ സ്ഥാപിക്കാത്ത നടപ്പാലത്തിൽ കുടി താൽക്കാലികമായി നിർമ്മിച്ച കമുകിൽ തടി പാകിയതിൽ കൂടിയുള്ള നാട്ടുകാരുടെ യാത്ര അപകടകരവും, സുരക്ഷിതവുമില്ലാത്തതാണെന്ന് തളിപ്പറമ്പ് ആർ .ഡി.ഒ: ഇ.പി.മേരി കലക്ടർക്ക് നല്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കരിമ്പക്കണ്ടിയിൽ നിന്നും ചന്ദനക്കാംപാറ, പയ്യാവൂർ എന്നിവിടങ്ങളിലേക്ക് പോകാനുള്ള നടപ്പാലമാണ് ഇവിടെ നിർമ്മിച്ചു വരുന്നത്.അനിലിന്റെ ദുരന്തം പയ്യാവൂരിനെ നടുക്കിയിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്