കളിമാനൂർ: സഹകരണ വകുപ്പിലെ സീനിയർ ഓഡിറ്റർ കിളിമാനൂർ പുല്ലയിൽ മഞ്ജുഷാലയത്തിൽ രാജീവിന്റെ ഭാര്യ മഞ്ജുഷയുടെ (31) മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. പൊലീസിന്റെ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനിടെ ഈ മരണം സിപിഎമ്മിന്റെ പാർട്ടി തലത്തിലും വലിയ ചർച്ചയാവുകയാണ്. ക്രൈം ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ എസ്.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനൊന്നുമാസമായി തുടരുന്ന അന്വേഷണം അവസാന ഘട്ടത്തിലെത്തുമ്പോഴും മരണത്തിന്റെ കാരണങ്ങളെപ്പറ്റി പൊലീസിന് യാതൊന്നും പറയാനില്ല.

ജനുവരി 18ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട മഞ്ജുഷയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മാധവൻനായരും അതോടൊപ്പം മഞ്ജുഷ ജോലി ചെയ്തിരുന്ന കിളിമാനൂർ കസ്തൂർബാ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ബി.ശ്രീകുമാറും വെവ്വേറെ പരാതികൾ സമർപ്പിച്ചിരുന്നു. സംഭവദിവസമായ ഞായറാഴ്ച ബാങ്ക് സെക്രട്ടറിയുടെ മകളുടെ വിവാഹ നിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ മഞ്ജുഷ അന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു. ശ്രീകുമാറിന്റെ പീഡനമാണ് മരണകാരണമെന്ന് വീട്ടുകാരും കൊലപ്പെടുത്തിയതാണെന്ന് ശ്രീകുമാറും പറയുന്നു.

ബാങ്കിൽ നടന്ന സംഭവങ്ങളുടെ പേരിലാണ് മരണമെന്നും അതിനു പിന്നിൽ ശ്രീകുമാറാണെന്നും ആരോപിച്ച് മഞ്ജുഷയുടെ വീട്ടുകാരുടെ പ്രതിഷേധം. കിഴുവിലം സർവ്വീസ് സഹകരണബാങ്കിൽ ജോലി നോക്കിവന്ന മഞ്ജുഷയുടെ മരണത്തിന് ജോലി സ്ഥലത്തുണ്ടായ ചില സംഭവങ്ങളാണ് കാരണമെന്നാണ് പിതാവ് മാധവൻനായർ പറയുന്നത്. കിഴുവിലത്തേക്ക് സ്ഥലം മാറി വരുന്നതിന് തൊട്ടുമുമ്പ് അഡ്വ.ബി ശ്രീകുമാർ പ്രസിഡന്റായുള്ള കിളിമാനൂർ കസ്തൂർബ സർവ്വീസ് സഹകരണ ബാങ്കിലായിരുന്നു മഞ്ജുഷയ്ക്ക് ജോലി. മൂന്നുവർഷത്തോളം അവിടെ ജോലിനോക്കിയ മഞ്ജുഷയ്ക്ക് ബാങ്ക് പ്രസിഡന്റിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പിതാവ് പറയുന്നു.

മഞ്ജുഷയുടെ ഭർത്തൃസുഹൃത്ത് കൂടിയായ ശ്രീകുമാർ മകളെ വരുതിയിലാക്കാൻ നടത്തിയ ശ്രമങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആക്ഷേപം. മഞ്ജുഷയോട് അമിതമായ സ്വാതന്ത്യം കാണിച്ചിരുന്ന ഇയാളിൽ നിന്നുണ്ടായ പെരുമാറ്റ ദൂഷ്യങ്ങൾ മകൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചിട്ടി പിടിച്ച പണം വാങ്ങി തിരിച്ചുകൊടുക്കാതിരുന്ന ഇയാൾ അവളെ ജോലിസ്ഥലത്ത് മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയത്. സംഭവദിവസം പകൽ ഒരു നിശ്ചയചടങ്ങിൽ പരസ്പരം കണ്ടുമുട്ടിയപ്പോഴും ബാങ്ക് പ്രസിഡന്റ് മഞ്ജുഷയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

നിശ്ചയ ചടങ്ങിനുശേഷം വീട്ടിലെത്തിയ മഞ്ജുഷ മക്കളുമായി സമീപത്തെ കൃഷ്ണൻകോവിലിൽ ക്ഷേത്രദർശനത്തിന് പോയിരുന്നു. തുളസിമാലയുമായി ക്ഷേത്രത്തിൽപോയി മടങ്ങിവന്ന മഞ്ജുഷ വീട്ടിലും വിളക്കുകത്തിച്ച് പ്രാർത്ഥിച്ചു. ഏഴരയോടെ മക്കൾക്ക് ആഹാരം നൽകി ടി.വി ഓണാക്കി കൊടുത്തശേഷമാണ് മുറിക്കുള്ളിലേക്ക് പോയത്. ഏറെനേരമായിട്ടും മഞ്ജുഷയെ കാണാതായ കുട്ടികൾ റൂമിന്റെ അടച്ചിട്ട വാതിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് രാജീവിനെ വിവരം അറിയിച്ചു. രാജീവെത്തി കതക് തുറന്ന്‌നോക്കുമ്പോഴാണ് മഞ്ജുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

എന്നാൽ മഞ്ജുഷയുടെ ദുരൂഹമരണം ആത്മഹത്യയാക്കി മാറ്റാൻ ശ്രമിക്കുന്ന പിതാവ് മാധവൻനായരും ഭർത്താവ് രാജീവും സംഭവത്തിൽ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കസ്തൂർബാ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ബി.ശ്രീകുമാർ ആരോപിക്കുന്നു. സഹകരണവകുപ്പിൽ നിന്ന് ഓഡിറ്റിംഗിനെത്തിയ മഞ്ജുഷ 2011 മെയ് മാസം മുതൽ 2014 നവംബർ. വരെയാണ് കസ്തൂർബ സഹകരണബാങ്കിലുണ്ടായിരുന്നത്. സംഭവദിവസം രാത്രി 11 മണിയോടെ രാജീവാണ് മഞ്ജുഷ മരണപ്പെട്ടതായി തന്നെ ഫോണിൽ വിളിച്ചറിയിച്ചത്. കിളിമാനൂരിലെ സ്വകാര്യആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികളിലും സംസ്‌കാരത്തിലും പങ്കെടുത്താണ് മടങ്ങിയത്.

മരണം നടന്ന രാത്രി മകളെ കൊന്നതാണെന്നും ആറ്റിങ്ങലെ വീട്ടിൽ കൊണ്ടുപോയി അടക്കണമെന്നും മാധവൻനായർ ബഹളം വയ്ക്കുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തതായി ശ്രീകുമാർ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.