- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെടിയേറ്റ മുറിവ് കണ്ടെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു; തന്റെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണെന്നും ഒന്നും ചെയ്യാൻ നിവൃത്തിയില്ലെന്നും; ഒടുവിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നപ്പോൾ വെടിയേറ്റ മുറിവിനെ കുറിച്ച് പരമാർശമേയില്ല'; റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ പരേഡിനിടെ യുവാവ് കൊല്ലപ്പെട്ടത് വെടിയേറ്റുതന്നെയെന്ന് കുടുംബം
ന്യൂഡൽഹി: ജനുവരി 26 ന് രാജ്യതലസ്ഥാനത്ത് നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. സംഘർഷത്തിൽ യുവകർഷകൻ നവ്രീത് സിങ് കൊല്ലപ്പെട്ടു. ട്രാക്ടർ പരേഡിനിടയായിരുന്നു സംഭവം. ട്രാക്ടർ മറിഞ്ഞാണ് നവ്രീതുകൊല്ലപ്പെട്ടതെന്ന ഡൽഹി പൊലീസിന്റെ വാദം അംഗീകരിക്കാൻ ബന്ധുക്കൾ തയ്യാറല്ല. യുവാവ് വെടിയേറ്റാണ് മരിച്ചതെന്ന് ഐടിഒയ്്ക്കടുത്ത് സംഭവത്തിന് ദൃക്‌സാക്ഷികളായവർ അവകാശപ്പെടുന്നു. യുപി, മധ്യപ്രദേശ്, ഹരിയാന പൊലീസ് സേനകൾ രാജ്ദീപ് സർദേശായിക്കും, ശശിതരൂരിനും ഒക്കെ എതിരെ രാജ്യദ്രേഹക്കേസുകൾ എടുക്കാൻ കാരണമായതും നവ്രീത് സിങ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് ഇവർ ട്വീറ്റ് ചെയ്തതിനെ തുടർന്നാണ്.
ഡൽഹി പൊലീസ് സംഭവത്തിന്റെ വീഡിയോ ഫുട്ടേജ് പുറത്തുവിട്ടിരുന്നു. ട്രാക്ടർ ബാരിക്കേഡിൽ ഇടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്, മറിയുന്നതല്ല. നവ്രീതിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും മുമ്പ് വെടിയേറ്റിരുന്നുവെന്നാണ് കർഷകർ പറയുന്നത്. ജനുവരി 27 ന് പുറത്തിറക്കിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്‌ക്കേറ്റ ഗുരുതരമുറിവിനെ തുടർന്നുണ്ടായ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമായി പറയുന്നത്. ഡൽഹി പൊലീസിന്റെ വാദത്തിന് ആധാരമായതും ഈ റിപ്പോർട്ട് തന്നെ. എന്നാൽ, കുടുംബം ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞതായി ദി വയർ ഓൺലൈൻ മാഗസിൻ ലേഖിക ഇസ്മത് ആര റിപ്പോർട്ട് ചെയ്യുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം
'ഞങ്ങളെ വഞ്ചിച്ചു...ഇനി കോടതികൾ തീരുമാനിക്കട്ടെ, ഇതാണ് കുടുംബാംഗങ്ങൾ പറയുന്നത്. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞങ്ങളോട് പറഞ്ഞത് വെടിയേറ്റ മുറിവ് വ്യക്തമായി കണ്ടുവെന്നാണ്, അതുകൊണ്ടാണ് ഞങ്ങൾ മൃതദേഹം സമാധാനപരമായി സംസ്‌കരിച്ചത്. എന്നാൽ, ഞങ്ങളെ വഞ്ചിക്കുകയായിരുന്നു....പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചതേയില്ല. താൻ വെടിയേറ്റ പാട് കണ്ടുവെങ്കിലും, തന്റെ കൈകൾ കെട്ടിയിടപ്പെട്ടിരിക്കുകയാണെന്നും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഡോക്ടർ പ്രതികരിച്ചു': നവ്രീതിന്റെ മുത്തച്ഛൻ ഹർദീപ് സിങ് ദി വയറിനോട് പറഞ്ഞു.
രാംപൂരിലെ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. ജനുവരി 27ന് പുലർച്ചെ രണ്ടുമണിക്ക് മെഡിക്കൽ ഓഫിസർ തയ്യാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്നുണ്ടായ ഷോക്കും രക്തസ്രാവവുമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. ദേഹത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്ന പരാമർശം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഒന്ന് താടിയിലും മറ്റൊന്ന് ചെവിക്ക് പിന്നിലുമാണ്.
'ഡോക്ടർമാർ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബുള്ളറ്റ് എന്ന വാക്ക് നേരിട്ട് പരാമർശിച്ചിട്ടില്ല. നിലവിലെ ഭരണകൂട സാഹചര്യങ്ങൾ കണക്കിലെടുത്താൽ അവരെ കൊണ്ട് കഴിയുംവിധം അവർ എഴുതിയിട്ടുണ്ട്. ഞങ്ങൾ അഭിഭാഷകനെ വെച്ച് കോടതിയിൽ ഇക്കാര്യം തെളിയിക്കും' - ഹർദീപ് പറഞ്ഞു. 'മൃതദേഹം കണ്ട എല്ലാവർക്കും അത് വെടിയുണ്ടയേറ്റ പാടാണെന്ന് മനസ്സിലാകും. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിലൊരാളും ഇത് വെടിയുണ്ടയേറ്റ പരിക്കാണെന്ന് പറഞ്ഞു. എന്നാൽ, തനിക്ക് ഇത് എഴുതാൻ കഴിയില്ല എന്നും... നവ്രീതിന്റെ അച്ഛൻ 46 കാരനായ വിക്രംരീത് സിങ് പറഞ്ഞു. 'ഫെബ്രുവരി നാലിന് അന്ത്യകർമങ്ങൾ പൂർത്തിയാക്കും. തുടർന്ന് നിയമനടപടിയുമായി മുന്നോട്ട് പോകും' അദ്ദേഹം പറഞ്ഞു.
ആരോപണം നിഷേധിച്ച് യുപി പൊലീസ്
തങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തിയെന്ന ആരോപണം യുപി പൊലീസ് നിഷേധിച്ചു. ഓട്ടോപ്‌സിക്ക് മുതിർന്ന ഡോക്ടർമാരുടെ പാനൽ ഉണ്ടാക്കിയിരുന്നു. ഇത്തരമൊരു രേഖ മറച്ചുവയ്ക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കില്ല, ബറേലി എഡിജിപി അവിനാഷ് ചന്ദ്ര പറഞ്ഞു.
അഭിഭാഷകരുടെ അഭിപ്രായപ്രകാരം കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവുന്നതാണ്. ഓട്ടോപ്‌സി ചിത്രീകരിച്ച വീഡിയോ പരിശോധിക്കാനും റിപ്പോർട്ട് എഴുതിയ ഡോക്ടറെ ക്രോസ് എക്‌സാമിൻ ചെയ്യാനും കമ്മീഷന് സാധിക്കും.
എന്താണ് ആ ദിവസം സംഭവിച്ചത്?
ദി വയർ ലേഖികയുടെ റിപ്പോർട്ട് പ്രകാരം ഐടിഒക്കടുത്ത് നവ്രീത് സിങ് മരണമടഞ്ഞത് വെടിയേറ്റാണെന്ന് പറയുന്ന നിരവധി ദൃക്‌സാക്ഷികളായ കർഷകരുണ്ട്. ഡൽഹി പൊലീസ് വീഡിയോ ഫുട്ടേജ് പുറത്തിറക്കിയ ശേഷവും കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ബുള്ളറ്റ് തുളച്ചുകയറിയതിനെ തുടർന്നെന്നാണ് കർഷകരുടെ അവകാശവാദം.
കുടുംബത്തിന്റെ വാദങ്ങൾ
വലത് ചെവിക്ക് മുകളിൽ ആഴത്തിലുള്ള മുറിവ് വെടികൊണ്ടതിന്റെയാണെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ രംപൂർ ജില്ലാ ആശുപത്രിയിലെ ഡപ്യൂട്ടി സിഎംഒ ഡോ.മനോജ് ശുക്ല ഇത് തള്ളിക്കളഞ്ഞു. നവ്രീതിന്റെ വലത് ചെവിയിൽ എന്തെങ്കിലും കൊണ്ടിരിക്കാം എന്നാണ് ഡോക്ടറുടെ വാദം. എന്നാൽ, ആഴത്തിലുള്ള മുറിവ് ബുള്ളറ്റ് ഇഞ്ചുറിയും ആകാമെന്നാണ് എയിംസിലെ ഒരുമുതിർന്ന ഡോക്ടറുടെ അഭിപ്രായം.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് വെടിയുണ്ട ഏറ്റ മുറിവിനെ കുറിച്ച് സംശയം തോന്നാത്ത വിധം വളരെ ശ്രദ്ധാപൂർവം തയ്യാറാക്കിയതാവാം. ബുള്ളറ്റ് തലയ്ക്കുള്ളിലൂടെ കടന്നുപോയെങ്കിൽ മാൻഡിബിൾ ബോണിന് ക്ഷതമേൽക്കുമായിരുന്നു. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അതുകാണാനില്ല. ഏതായാലും സത്യം പുറത്തുവരാൻ ഒരുസ്വതന്ത്ര അന്വഷണമാണ് നവ്രീതിന്റെ കുടുംബം ആവശ്യപ്പെടുന്നതെന്നും ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് ഡെസ്ക്