പാലക്കാട്: മലബാർ സിമന്റ്‌സ് മുൻ കമ്പനി സെക്രട്ടറി വി ശശീന്ദ്രനെയും മക്കളുടെയും ദുരൂഹ മരണത്തിൽ നിർണ്ണായക വഴിത്തിരിവ്. ശശീന്ദ്രന്റെയും മക്കളുടെയും മരണം വെറും തൂങ്ങിമരണമല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതാണ് കേസിൽ നിർണ്ണായകമായത്. വിവാദ വ്യവസായ ചാക്ക് രാധാകൃഷ്ണൻ അടക്കമുള്ളവരാണ് ശശീന്ദ്രന്റെ മരണത്തിൽ ആരോപണ വിധേയരായവർ. പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്ന് ഏതാണ്ട് ഉപപ്പിക്കാൻ സാധിക്കും. എന്നാൽ, കേസിലെ സിബിഐഐ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതാണ് തിരിച്ചടിയാകുന്ന കാര്യം.

ജില്ലാ പൊലീസ് സർജനും സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറും നൽകിയ റിപ്പോർട്ടുകളാണു പുറത്തുവന്നത്. തൂങ്ങിയുള്ള മരണമാണെന്നു ജില്ലാ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്‌റാളിന്റെ റിപ്പോർട്ടിൽ പറയുമ്പോൾ, ശശീന്ദ്രന് ഏണിയിൽ കയറി കുട്ടികളെ കെട്ടിത്തൂക്കാനാകില്ലെന്നാണു ന്യൂഡൽഹിയിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ കെമിക്കൽ എക്‌സാമിനറും ഡയറക്ടറുമായ ഡോ. രജീന്ദർ സിങ്ങിന്റെ റിപ്പോർട്ട്. മരണം നടന്നു നാലര വർഷത്തിനു ശേഷമാണു റിപ്പോർട്ടിലെ യഥാർഥ വസ്തുത പുറത്തുവരുന്നത്. ശശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാറിന് കോടതിയിൽ നിന്നു ലഭിച്ചതാണു റിപ്പോർട്ടുകൾ.

മെലിഞ്ഞ ശരീരപ്രകൃതിയുള്ള ശശീന്ദ്രന് നാലടി ഉയരമുള്ള ഏണിയിൽ കയറി എട്ടും പതിനൊന്നും വയസ്സു പ്രായമുള്ള കുട്ടികളെ ഒറ്റയ്ക്കു കെട്ടിത്തൂക്കാൻ സാധിക്കില്ലെന്നാണു ഡോ. രജീന്ദർ സിങ്ങിന്റെ റിപ്പോർട്ടിലെ അന്തിമനിഗമനം. 135 സെന്റിമീറ്ററും 124 സെന്റിമീറ്ററും ഉയരമുള്ള കുട്ടികൾക്ക് ഏണിയിൽ കയറിയ ശേഷം കയർ കൊണ്ടു കൊളുത്തിൽ തിരുകാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. നരഹത്യയാണെന്ന സൂചനയാണ് ഈ റിപ്പോർട്ടു നൽകുന്നത്. ശശീന്ദ്രന്റെ ദേഹത്തു ഒൻപതു മുറിവുണ്ടായിരുന്നതായി ഡോ. പി.ബി. ഗുജ്‌റാളിന്റെ റിപ്പോർട്ടിലുണ്ട്.

കൈമുട്ട്, കാൽമുട്ട്, കൈപ്പത്തി, തോളെല്ല്, കാൽപാദം തുടങ്ങിയ മർമപ്രധാന സ്ഥാനങ്ങളിലാണ് ഈ മുറിവുകൾ. കുട്ടികളെ തൂക്കിയ ശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്തുവെന്നാണു കേസ് അന്വേഷിച്ച സിബിഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞത്. ശശീന്ദ്രന്റെ ദേഹത്തെ മുറിവുകൾ ഏണി കയറുമ്പോഴുണ്ടായതെന്നാണു സിബിഐ വാദം. എന്നാൽ, കുട്ടികളുടെ ദേഹത്തു മുറിവുകൾ ഉണ്ടാകാതിരുന്നതിനു കാരണമൊന്നും വ്യക്തമാക്കിയിരുന്നില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ജില്ലാ പൊലീസ് സർജനും ആദ്യം കേസ് അന്വേഷിച്ച ഡിവൈഎസ്‌പിയും പിന്നീടു സിബിഐയും തൂങ്ങിമരണത്തിന്റെ ദുരൂഹത പുറത്തു കൊണ്ടുവരാൻ ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

എന്നാൽ, ഇക്കാര്യങ്ങളൊന്നും അന്വേഷണ റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്നില്ല. പ്രത്യേക കൊലയാളി സംഘം വീട്ടിലെത്തി ശശീന്ദ്രനെയും കുട്ടികളെയും കെട്ടിത്തൂക്കി കൊന്നുവെന്നാണു ശശീന്ദ്രന്റെ കുടുംബാംഗങ്ങളുടെ വാദം. 2011 ജനുവരി 24നു രാത്രിയാണു പുതുശ്ശേരി കുരുടിക്കാടിലെ വീട്ടിൽ ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശശീന്ദ്രന്റെ ഭാര്യ ടീനയാണു മൃതദേഹങ്ങൾ ആദ്യം കണ്ടത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് പിന്നീട് ടീനയും ശശീന്ദ്രന്റെ പിതാവ് വേലായുധനും നൽകിയ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.