കോഴിക്കോട്: അത്തോളിയിൽ ഏഴു വയസ്സുകാരന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ച് പൊലീസ്. കുട്ടിയെ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈനാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ

സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസിന്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ചെറിയ കുട്ടിയായതിനാൽ ഹൃദയാഘാത സാധ്യതയിൽ സംശയം തോന്നിയതിനാൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ മരണത്തിൽ സംശയം പറഞ്ഞിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വടകര എസ്‌പി. ആർ.കറുപ്പസ്വാമിയുടേതാണ് ഉത്തരവ്.