മലപ്പുറം: കേസിലുൾപ്പെട്ട പൊലീസുകാരെ രക്ഷിക്കാൻ മേലുദ്യോഗസ്ഥരുടെ ശ്രമം. എടപ്പാൾ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് കഴിഞ്ഞ വർഷം കെ.കെ ഹനീഷ (24) മരിക്കാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട കേസാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അട്ടിമറിക്കാൻ ശ്രമം നടത്തുന്നത്.

നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് ഒന്നര വർഷം പിന്നിട്ടിട്ടും എങ്ങുമെത്താത്ത അവസ്ഥയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട യാതൊരു അന്വേഷണ റിപ്പോർട്ടും ഇതുവരെയും ക്രൈംബ്രാഞ്ച് പൂർത്തീകരിച്ചിട്ടുമില്ല. എന്നാൽ, ഈ സാഹചര്യത്തിലാണ് കേസിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്. കേസിൽ ഏറെ വഴിത്തിരിവുണ്ടാകുമെന്ന് കണക്കാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി, ഇൻക്വസ്റ്റ് റിപ്പോർട്ട് എന്നിവ ഉൾക്കൊള്ളുന്ന വിശദ റിപ്പോർട്ടാണ് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതു ഹനീഷയുടെ കുടുംബത്തിനു പ്രതീക്ഷ നൽകുന്നുണ്ട്.

ഹനീഷയുടെ ദേഹത്ത് മുറിവുകളുള്ളതായി പ്രാഥമിക ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. യുവതിയുടെ ശരീരത്തിൽ ആറു മുറിപ്പാടുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ടെന്നാണ് വിവരം. ചുണ്ടിനു താഴെയും കഴുത്തിലുമുള്ള മുറിപ്പാടുകൾ മരണത്തിന് മണിക്കൂറുകൾക്കു മുമ്പുണ്ടായതാണ്. എന്നാൽ ഹനീഷയെ കസ്റ്റഡിയിലെടുക്കുമ്പോൾ അത്തരമൊരു മുറിവ് ഉണ്ടായിരുന്നില്ലെന്നാണ് മാതാവ് സുബൈദ അന്വേഷണ സംഘത്തിനു നൽകിയ മൊഴി. എന്നാൽ യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ഫലവും ഇതുവരെയും ബന്ധുക്കൾക്ക് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപടലെത്തുന്നത്.

കേസ് പഠിക്കുന്നതിനാവശ്യമായി മനുഷ്യാവകാശ കമ്മീഷൻ പലതവണ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ജില്ലാ പൊലീസ് മേധാവി ഇതുവരെയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. രണ്ടു മാസം മമ്പും മലപ്പുറം എസ്‌പി, എസ്‌പി.എം എന്നിവർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷൻ വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ മലപ്പുറം എസ്‌പി, സബ് മജിസ്‌ട്രേറ്റ് എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എടപ്പാൾ മാണൂർ സ്വദേശിനി കെ.കെ ഹനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഏഷ്യൻ ഹ്യൂമൺ റൈറ്റ്‌സ് ഫോറം എന്ന സംഘടന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി പരിഗണിക്കുന്നതിനിടെയാണ് ഇന്നലെ മലപ്പുറത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

പൊലീസ് കസ്റ്റഡിയിൽ പാലിക്കേണ്ട കാര്യങ്ങളിൽ പൊലീസ് വീഴ്ച വരുത്തിയെന്നും പൊലീസുകാർ തന്നെ ഉൾപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ സംഘടന കമ്മീഷന് പരാതി നൽകിത്. പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസ് പഠിക്കുന്നതിനാവശ്യമായി ജില്ലാ പൊലീസ് സൂപ്രണ്ട്, ബോഡി ഇൻക്വസ്റ്റ് നടത്തിയ സബ് മജിസ്‌ട്രേറ്റ് എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇവർ റിപ്പോർട്ട് സമർപ്പിക്കാതായത് കേസ് പഠിക്കുന്നതിന് കമ്മീഷന് തടസമായി. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ് റിപ്പോർട്ട് എന്നിവ ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. പുറംലോകമറിയാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൈകളിൽ മാത്രമുള്ള ഈ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകും.

ബസ് യാത്രക്കിടെ നന്നംമുക്ക് സ്വദേശികളുടെ പതിമൂന്ന് പവൻ സ്വർണ്ണവും എടിഎം കാർഡും അടങ്ങിയ ബാഗ് നഷ്ടപ്പെട്ട കേസിലാണ് 2014 ഏപ്രിൽ 23ന് ഹനീഷയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് 24ന് പുലർച്ചെ സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ചങ്ങരംകുളം സ്റ്റേഷനിൽ അസമയത്ത് എത്തിയ കുറ്റിപ്പുറം എസ്.ഐ, ചങ്ങരംകുളം എസ്.ഐ ഉൾപ്പടെ ഏഴ് പൊലീസുകാരെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് സംഭവം നടന്ന ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തെളിവുകളെല്ലാം ഡിപാർട്ട്‌മെന്റിന് എതിരായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.