മസ്‌കറ്റ്:മയക്കുമരുന്ന് കടത്തിന് വധശിക്ഷയും ജീവപര്യന്തവും അടക്കമുള്ള കർശന ശിക്ഷകൾ ഉൾപ്പെടുത്തി സുൽത്താനേറ്റ് ഓഫ് ഒമാനിൽ മയക്കുമരുന്ന വിരുദ്ധ നിയമത്തിൽ ഭേദഗതി. ഇതുസംബന്ധിച്ച ഉത്തരവ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. മജ്‌ലിസ്് ശൂറയും സ്‌റ്റേറ്റ് കൗൺസിലും അംഗീകരിച്ച ഭേദഗതി മാസങ്ങൾക്കുമുമ്പാണ് സുൽത്താന്റെ അംഗീകാരത്തിന് സമർപ്പിച്ചത്.

നേരത്തേ 50 കിലോയിൽ കൂടുതൽ മയക്കുമരുന്ന് ഉത്പന്നങ്ങൾ കടത്തിയാൽ മാത്രമാണ് വധശിക്ഷയും ജീവപര്യന്തവും ശിക്ഷ നൽകിയിരുന്നത്. പുതിയ ഭേദഗതിയിൽ അളവ് പറയുന്നില്ല. മയക്കുമരുന്ന് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ വധ ശിക്ഷ നൽകാം. മയക്കുമരുന്ന് ഉത്പാദിപ്പിക്കുകയോ മറ്റുനാടുകളിൽനിന്ന് കൊണ്ടുവരുകയോ കൊണ്ടുപോവുകയോ ചെയ്യുന്നവർക്കും ഈ ദേദഗതി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നു.

കുട്ടികളെ കടത്താനും വില്പന നടത്താനും ഉപയോഗിക്കുന്നവർക്കും വധശിക്ഷയാണ് പുതിയ നിയമപ്രകാരമുള്ളത്. ലഹരിവിരുദ്ധ മേഖലയിലെ നിലവിലുള്ള നിയമം കർക്കശമല്ലെന്ന നിരന്തരമായ പരാതികളും ആവശ്യങ്ങളും ഉയർന്നതോടെ ആണ് നിയമഭേദഗതിക്ക് ശുപാർശചെയ്തത്.

ഇപ്പോളുള്ള നിയമപ്രകാരം ആറുമാസത്തെ തടവും വിദേശി ആണെങ്കിൽ നാട് കടത്തൽ ശിക്ഷയുമാണ് ഒമാനിൽ ഉള്ളത്. രാജ്യത്ത് മയക്കുമരുന്ന് ഉപയോക്താക്കളുടെ എണ്ണം കൂടുന്നതും മയക്കുമരുന്നുമായി ബന്ധപ്പെട്ടു കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യുന്ന
സാഹചര്യത്തിലാണ് നിയമം കർക്കശമാക്കുന്നത്. ഇത് മയക്കുമരുന്ന് കള്ളക്കടത്തും വില്പനയും കുറയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.

ലഹരിവിരുദ്ധ വിഭാഗത്തിലെ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് പത്ത് വർഷത്തെ തടവും 3,000 റിയാൽ പിഴയുമായിരിക്കും ശിക്ഷ. അക്രമം സ്ഥിരമായ വൈകല്ല്യത്തിന് കാരണമായാൽ ആജീവനാന്ത തടവും മരണത്തിന് കാരണമായാൽ വധശിക്ഷയുമായിരിക്കും. സാമ്പിളുകൾ നൽകാൻ വിസമ്മതിച്ചാൽ നൂറ് റിയാൽ പിഴയും ആറ് മാസത്തെ തടവുമാണ് ശിക്ഷ.