- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരിയിൽ തെരുവ് നായയ്ക്ക് ഭക്ഷണം കൊടുത്തതിന് വിദേശ വനിതയ്ക്ക് എതിരെ വധഭീഷണി; തന്നെ മരത്തടി കൊണ്ട് അയൽവാസി മർദ്ദിക്കാൻ ശ്രമിച്ചെന്നും അസഭ്യവർഷം നടത്തി എന്നും മലേഷ്യൻ സ്വദേശിനിയുടെ പരാതി; താൻ അനാശാസ്യം നടത്തുന്നു എന്ന് അധിക്ഷേപിച്ചെന്നും പൂജ തെരാഷാ സ്റ്റാൻസ്ലസ്
കൊച്ചി: കളമശേരിയിൽ വിദേശ വനിതയ്ക്ക് നേരേ വധഭീഷണി എന്ന് പരാതി. എച്ച്എംടി കോളനിക്കു സമീപം മൂന്നു വർഷമായി സ്ഥിരതാമസമാക്കിയ മലേഷ്യൻ സ്വദേശി പൂജ തെരാഷാ സ്റ്റാൻസ്ലസ് എന്ന വനിതയാണ് സമീപ വാസിയായ ആൾ തന്നെ മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യ വർഷം നടത്തിയെന്നും വധഭീഷണിയുണ്ടെന്നും കാണിച്ചു ഡിജിപി ഉൾപ്പടെയുള്ളവർക്കു പരാതി നൽകിയിരിക്കുന്നത്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ, അനിമൽ വെൽഫെയർ ബോർഡ് തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. ഇമെയിൽ അയച്ച പരാതി കളമശേരി സിഐക്കു ലഭിച്ചിട്ടില്ല.
ഏതാനും വർഷം മുമ്പു കേരളത്തിൽ എത്തിയപ്പോൾ പരിചയപ്പെട്ട ഇറ്റാലിയൻ പൗരനുമായി കളമശേരിയിലെ എച്ച്എംടി കോളനിക്കു സമീപം വീടു വാങ്ങിയാണ് ഇവർ താമസിച്ചു വരുന്നത്. നിലവിൽ പങ്കാളി നാട്ടിലേയ്ക്കു മടങ്ങിപ്പോയിട്ടുള്ളതിനാൽ ഇവർ ഒരു നായയ്ക്കൊപ്പം ഒറ്റയ്ക്കാണ് താമസിക്കുന്നത്. കടുത്ത മൃഗസ്നേഹിയായതിനാൽ സമീപത്തുള്ള നായകൾക്കു തീറ്റ കൊടുക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം ക്ഷീണിച്ചു മെലിഞ്ഞ ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതുകണ്ട്, അത് ഇഷ്ടപ്പെടാതിരുന്ന സമീപവാസി അലി എന്നയാൾ തന്നെയും നായയെയും ആക്രമിക്കുകയായിരുന്നു. നായയുമായി ഓടി രക്ഷപെട്ടതിനാലാണ് അടി ഏൽക്കാതിരുന്നതെന്നും ഇവർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
തന്നെ ഉപദ്രവിക്കാൻ വന്ന വിവരം അദ്ദേഹത്തിന്റെ ഭാര്യയോടു പറഞ്ഞെങ്കിലും അവർ ക്ഷമാപണം നടത്തിയില്ലെന്നു മാത്രമല്ല, പൊലീസിനെ വിളിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. 15 മിനിറ്റിനകം പൊലീസ് എത്തിയെങ്കിലും ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെട്ടു മടങ്ങി പോകുകയായിരുന്നു. അരമണിക്കൂറിനു ശേഷം അലി തന്റെ ഗേറ്റിനു മുന്നിൽ വന്ന് തള്ളിത്തുറന്ന് അതിക്രമിച്ച് അകത്തു കയറാൻ ശ്രമം നടത്തി. താൻ ഇവിടെ അനാശാസ്യം നടത്തുകയാണെന്നു പറഞ്ഞ് അധിക്ഷേപിച്ചു.
നായകൾക്കു തീറ്റകൊടുക്കുന്നതു കുറ്റകരമല്ലാത്തതിനാൽ പ്രദേശത്തെ തെരുവു നായ്ക്കൾക്കും സ്ത്രീയെന്ന നിലയിൽ തനിക്കും സംരക്ഷണം നൽകണം. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഇയാൾക്കതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിനു ഭക്ഷണം നൽകുന്നത് തന്റെ കുടുംബത്തെയും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ട്. അതിനാൽ നായയെ ഓടിച്ചുവിടാൻ മാത്രമാണ് ശ്രമിച്ചതെന്നും അയൽവാസി അലി പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.